സ്വാമിമാരെത്തുന്നു ചിറക്കടവിലേക്ക്.... ഇവിടം അയ്യപ്പന്റെ കളരിമണ്ണ്‌

Featuresചിറക്കടവ് മഹാദേവക്ഷേത്രം- കിഴക്കേനടയിലെ വിശാലമായ ചിറയുടെ പശ്ചാത്തലത്തിൽ

പൊൻകുന്നം:ശങ്കരനാരായണമൂർത്തി ഭാവത്തിൽ പ്രതിഷ്ഠയുള്ള ചിറക്കടവ് മഹാദേവക്ഷേത്രത്തിലേക്ക് ശബരിമല തീർഥാടകരുടെ തിരക്കേറിത്തുടങ്ങി. ശബരിമല തന്ത്രിമാരായ താഴ്മൺ മഠത്തിന് താന്ത്രികാവകാശമുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ മണികണ്ഠസ്വാമിയുടെ പിതൃസ്ഥാനഭാവത്തിലാണ്. അതിനാൽ ചിറക്കടവിൽനിന്നുള്ള തീർഥാടകർ എരുമേലിയിൽ പേട്ടതുള്ളേണ്ടതില്ലെന്ന വിശ്വാസം കാലങ്ങളായി പിന്തുടരുന്നുണ്ട്.

തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡും മഹാദേവസേവാസംഘവും ചേർന്നാണിത്. ഏതു നേരത്തുമെത്തുന്ന ഭക്തർക്കായി 24 മണിക്കൂറും അന്നദാനമുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള രണ്ടു നിലകളുള്ള ഓഡിറ്റോറിയം പൂർണമായും തീർഥാടകർക്കായി വിട്ടുനൽകിയിരിക്കുകയാണ്. വിരിവെക്കാൻ ഈ ഓഡിറ്റോറിയം കൂടാതെ പടിഞ്ഞാറേ നടയിൽ പുതുതായി നിർമിച്ച കലാമണ്ഡപ പന്തലുമുണ്ട്. ശൗചാലയങ്ങളുമുണ്ട്.

സബ്ഗ്രൂപ്പ് ഓഫീസർ ആർ.പ്രകാശ്, സേവാസംഘം പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി പി.എൻ.ശ്രീധരൻ പിള്ള തുടങ്ങിയവരാണ് സേവനപ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുന്നത്.

മണികണ്ഠന്റെ കളരിമണ്ണിത്

പന്തളരാജകുമാരനായ മണികണ്ഠൻ ആയോധനമുറകൾ അഭ്യസിച്ചത് ചിറക്കടവിലെ കളരിയിലായിരുന്നുവെന്ന് ഐതിഹ്യമുണ്ട്. ചിറക്കടവ് ക്ഷേത്രത്തിൽ ഇപ്പോഴും തുടരുന്ന വേലകളി ഈ വിശ്വാസത്തിന്റെ പിന്തുടർച്ചയാണ്. തിരുവിതാംകൂർ ഭരണകാലത്ത് നാടുവാഴികളായിരുന്ന ചെങ്ങന്നൂർ വഞ്ഞിപ്പുഴ രാജവംശത്തിനായിരുന്നു ചിറക്കടവിന്റെ ഭരണാധികാരം. അയ്യപ്പൻ കളരിയഭ്യസിച്ച നാട്ടിലെ ശൂരരായ ചെറുപ്പക്കാരെ അണിനിരത്തി അന്ന് സൈന്യം രൂപവത്കരിച്ചിരുന്നു. രാജഭരണമൊഴിഞ്ഞപ്പോൾ ആയോധനകലയിൽ നിന്ന് വേലകളി പിറന്നു. ഇപ്പോൾ കുട്ടികളാണ് വേലകളി നടത്തുന്നത്.

ചിറക്കടവിലെ ചിറയ്ക്കും പുണ്യചരിതം

ക്ഷേത്രത്തിനു കിഴക്കേനടയിലെ വിശാലമായ ചിറയാണ് തീർഥാടകർ കുളിക്കാൻ ഉപയോഗിക്കുന്നത്. ക്ഷേത്രം നിർമിക്കുന്ന ഭാഗം മണ്ണിട്ടുയർത്താനായി മണ്ണെടുത്ത കുഴിയാണ് ചിറ. ഈ ചിറയ്ക്കും പുണ്യമാണ് കൽപ്പിക്കപ്പെടുന്നത്. കൂവളച്ചുവട്ടിൽ സ്വയംഭൂവായ വിഗ്രഹമാണ് ക്ഷേത്രത്തിലേത്. ഈ കൂവളച്ചുവട്ടിൽ തപസ്സിരുന്ന മഹർഷി(പിന്നീട് കൂവമഹർഷിയെന്ന് അറിയപ്പെട്ടു) യുടെ നിർദേശപ്രകാരം ക്ഷേത്രനിർമാണം തുടങ്ങിയപ്പോൾ ജലദൗർലഭ്യം കൊണ്ട് നിർമാണം മുടങ്ങി. മണ്ണെടുത്ത വിശാലമായ കുഴിയുടെ മധ്യത്തിൽ കൂവമഹർഷിയുടെ നേതൃത്വത്തിൽ യാഗം നടത്തി. യാഗത്തിന്റെ ഫലമായി വെള്ളം പ്രവഹിച്ച് ചിറ നിറഞ്ഞുവെന്നാണ് ക്ഷേത്രചരിത്രത്തിലെ ഒരേട്.

Post Your Comment

സ്വാമിമാരെത്തുന്നു ചിറക്കടവിലേക്ക്.... ഇവിടം അയ്യപ്പന്റെ കളരിമണ്ണ്‌

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...
<>