×

സ്വാമിമാരെത്തുന്നു ചിറക്കടവിലേക്ക്.... ഇവിടം അയ്യപ്പന്റെ കളരിമണ്ണ്‌

പൊന്‍കുന്നം:ശങ്കരനാരായണമൂര്‍ത്തി ഭാവത്തില്‍ പ്രതിഷ്ഠയുള്ള ചിറക്കടവ് മഹാദേവക്ഷേത്രത്തിലേക്ക് ശബരിമല തീര്‍ഥാടകരുടെ തിരക്കേറിത്തുടങ്ങി. ശബരിമല തന്ത്രിമാരായ താഴ്മണ്‍ മഠത്തിന് താന്ത്രികാവകാശമുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ മണികണ്ഠസ്വാമിയുടെ പിതൃസ്ഥാനഭാവത്തിലാണ്. അതിനാല്‍ ചിറക്കടവില്‍നിന്നുള്ള തീര്‍ഥാടകര്‍ എരുമേലിയില്‍ പേട്ടതുള്ളേണ്ടതില്ലെന്ന വിശ്വാസം കാലങ്ങളായി പിന്തുടരുന്നുണ്ട്.

തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മഹാദേവസേവാസംഘവും ചേര്‍ന്നാണിത്. ഏതു നേരത്തുമെത്തുന്ന ഭക്തര്‍ക്കായി 24 മണിക്കൂറും അന്നദാനമുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള രണ്ടു നിലകളുള്ള ഓഡിറ്റോറിയം പൂര്‍ണമായും തീര്‍ഥാടകര്‍ക്കായി വിട്ടുനല്‍കിയിരിക്കുകയാണ്. വിരിവെക്കാന്‍ ഈ ഓഡിറ്റോറിയം കൂടാതെ പടിഞ്ഞാറേ നടയില്‍ പുതുതായി നിര്‍മിച്ച കലാമണ്ഡപ പന്തലുമുണ്ട്. ശൗചാലയങ്ങളുമുണ്ട്.

സബ്ഗ്രൂപ്പ് ഓഫീസര്‍ ആര്‍.പ്രകാശ്, സേവാസംഘം പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ നായര്‍, സെക്രട്ടറി പി.എന്‍.ശ്രീധരന്‍ പിള്ള തുടങ്ങിയവരാണ് സേവനപ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്നത്.

മണികണ്ഠന്റെ കളരിമണ്ണിത്

പന്തളരാജകുമാരനായ മണികണ്ഠന്‍ ആയോധനമുറകള്‍ അഭ്യസിച്ചത് ചിറക്കടവിലെ കളരിയിലായിരുന്നുവെന്ന് ഐതിഹ്യമുണ്ട്. ചിറക്കടവ് ക്ഷേത്രത്തില്‍ ഇപ്പോഴും തുടരുന്ന വേലകളി ഈ വിശ്വാസത്തിന്റെ പിന്തുടര്‍ച്ചയാണ്. തിരുവിതാംകൂര്‍ ഭരണകാലത്ത് നാടുവാഴികളായിരുന്ന ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ രാജവംശത്തിനായിരുന്നു ചിറക്കടവിന്റെ ഭരണാധികാരം. അയ്യപ്പന്‍ കളരിയഭ്യസിച്ച നാട്ടിലെ ശൂരരായ ചെറുപ്പക്കാരെ അണിനിരത്തി അന്ന് സൈന്യം രൂപവത്കരിച്ചിരുന്നു. രാജഭരണമൊഴിഞ്ഞപ്പോള്‍ ആയോധനകലയില്‍ നിന്ന് വേലകളി പിറന്നു. ഇപ്പോള്‍ കുട്ടികളാണ് വേലകളി നടത്തുന്നത്.

ചിറക്കടവിലെ ചിറയ്ക്കും പുണ്യചരിതം

ക്ഷേത്രത്തിനു കിഴക്കേനടയിലെ വിശാലമായ ചിറയാണ് തീര്‍ഥാടകര്‍ കുളിക്കാന്‍ ഉപയോഗിക്കുന്നത്. ക്ഷേത്രം നിര്‍മിക്കുന്ന ഭാഗം മണ്ണിട്ടുയര്‍ത്താനായി മണ്ണെടുത്ത കുഴിയാണ് ചിറ. ഈ ചിറയ്ക്കും പുണ്യമാണ് കല്‍പ്പിക്കപ്പെടുന്നത്. കൂവളച്ചുവട്ടില്‍ സ്വയംഭൂവായ വിഗ്രഹമാണ് ക്ഷേത്രത്തിലേത്. ഈ കൂവളച്ചുവട്ടില്‍ തപസ്സിരുന്ന മഹര്‍ഷി(പിന്നീട് കൂവമഹര്‍ഷിയെന്ന് അറിയപ്പെട്ടു) യുടെ നിര്‍ദേശപ്രകാരം ക്ഷേത്രനിര്‍മാണം തുടങ്ങിയപ്പോള്‍ ജലദൗര്‍ലഭ്യം കൊണ്ട് നിര്‍മാണം മുടങ്ങി. മണ്ണെടുത്ത വിശാലമായ കുഴിയുടെ മധ്യത്തില്‍ കൂവമഹര്‍ഷിയുടെ നേതൃത്വത്തില്‍ യാഗം നടത്തി. യാഗത്തിന്റെ ഫലമായി വെള്ളം പ്രവഹിച്ച് ചിറ നിറഞ്ഞുവെന്നാണ് ക്ഷേത്രചരിത്രത്തിലെ ഒരേട്.View On mathrubhumi.com

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...