മാര്‍ക്കോപോളോയെ പോലും വിസ്മയിപ്പിച്ച കത്തുന്ന പര്‍വതം; അസര്‍ബെയ്ജാനിലെ യനാര്‍ ദാഗിലേക്ക്

വടക്കു കിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്നതും റഷ്യ, ജോര്‍ജിയ, അര്‍മേനിയ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതുമായ രാജ്യമാണ് അസര്‍ബെയ്ജാന്‍. വിനോദ സഞ്ചാരം ഈയിടെയായി പുരോഗതി പ്രാപിച്ചതോടുകൂടിയാണ് ഇങ്ങനെ ഒരു രാജ്യത്തെ കുറിച്ച് ലോകം കൂടുതല്‍ അറിഞ്ഞു തുടങ്ങിയത്. കേരളത്തിന്റെ രണ്ട് ഇരട്ടി വലിപ്പമുണ്ടെങ്കിലും കേരളത്തെ അപേക്ഷിച്ച് അസര്‍ബെയ്ജാന്‍ ജനസംഖ്യ പകുതിമാത്രമാണ്. ചരിത്രവും ആധുനികതയും പ്രകൃതിസൗന്ദര്യവും സമ്മേളിച്ചിരിക്കുന്ന ഒരു നഗരമാണ് തലസ്ഥാനമായ ബാകൂ. ബാകൂവിന് സമീപമുള്ള ഒരു കുന്നിന്‍ ചെരുവില്‍ ഒരിക്കലും അണയാതെ തീ കത്തിക്കൊണ്ടിരിക്കുന്ന പ്രതിഭാസമുണ്ട്. 'യനാര്‍ ദാഗ്', ആ പ്രദേശവും സമീപത്തുള്ള 'അറ്റേഷ്ഗാഹ് ഫയര്‍ ടെംമ്പിള്‍' മ്യൂസിയവും സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങളാണ് ഇവിടെ കുറിക്കുന്നത്.
ദോഹയില്‍നിന്ന് രണ്ടര മണിക്കൂര്‍ വിമാനയാത്രയായിരുന്നു ബാകൂവിലുള്ള ഹൈദര്‍ അലിയെവ് എയര്‍പോര്‍ട്ടിലേക്ക്. നാല് ദിവസത്തെ ഒരു പാക്കേജ് ടൂര്‍ ആയിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. നാല്‍പ്പതു പേര്‍ അടങ്ങുന്നതാണ് ഞങ്ങളുടെ സംഘം. ദോഹയില്‍ നിന്നും ബഹ്റിനില്‍ നിന്നുമുള്ള കുറെ നല്ല സൗഹൃദങ്ങള്‍ യാത്രയില്‍ ലഭിച്ചു. കാസ്പിയന്‍ കടലിന്റെ കരയില്‍ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ സുന്ദര രാജ്യം കൗതുകമുളവാക്കുന്ന ചരിത്രവും ഭൂമിശാസ്ത്രവും സംസ്‌കാരവും കൊണ്ട് സമ്പന്നമാണ്. യൂറോപ്യന്‍- ഗള്‍ഫ് നഗരങ്ങളെ വെല്ലുന്ന വികസനങ്ങളുള്ള തലസ്ഥാന നഗരമായ ബാകൂ, കൊക്കേഷ്യന്‍ മലമടക്കുകള്‍ക്കിടയില്‍ അസാധാരണ ഗോത്ര ജീവിതം പുലരുന്ന പുരാതന ഗ്രാമങ്ങള്‍, പ്രകൃതി വിസ്മയങ്ങള്‍ എന്നിങ്ങനെ ഒരുപാടുണ്ട് അസര്‍ബെയ്ജാന്‍ വിശേഷങ്ങള്‍. അസര്‍ബെയ്ജാനില്‍ പോകണമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ ആദ്യം മനസ്സിലേക്ക് വന്ന ഒരു സ്ഥലമാണ് യനാര്‍ ദാഗ് (Yanar Dag). അവിടെയൊരു കത്തുന്ന പര്‍വതമുണ്ടെന്നു മുന്‍പ് തന്നെ മനസ്സിലാക്കിയിരുന്നു. അസര്‍ബെയ്ജാനി ഭാഷയില്‍ യനാര്‍ ദാഗ് എന്നാല്‍ 'കത്തുന്ന പര്‍വതം' എന്നാണ് അര്‍ഥം. ബാകൂവില്‍ താമസിച്ച ഹോട്ടലില്‍ നിന്ന് രാവിലെ 9 മണിയോടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. രാത്രിയില്‍ മഴ പെയ്തിരുന്നു, മഴക്കാറ് മാറി മാനം തെളിഞ്ഞു വരുന്നു. ഏകദേശം 45 മിനിറ്റ് യാത്രയുണ്ടായിരുന്നു അവിടേക്ക്.
ഭൂമിക്കടിയില്‍ ധാരാളമായി പ്രകൃതി വാതകങ്ങളുടെ നിക്ഷേപമുള്ളതുകൊണ്ട് തന്നെ അസര്‍ബെയ്ജാന്‍ പൊതുവില്‍ 'അഗ്‌നിയുടെ നാട്' (Land of fire) എന്നാണ് അറിയപ്പെടുന്നത്. യാത്രാവേളയില്‍ ധാരാളം പെട്രോളിയം പ്ലാന്റുകള്‍ കാണാന്‍ സാധിച്ചു. പ്രധാന വഴിയില്‍ നിന്നും കുറച്ച് മാറി ഒരു കുന്നിന്‍ ചെരുവില്‍ ഒരിക്കലും അണയാതെ തീ കത്തിക്കൊണ്ടിരിക്കുന്ന പ്രതിഭാസത്തിനരിലേക്ക് ഞങ്ങളുടെ ബസ് എത്തി. ടിക്കറ്റെടുത്ത് ഉള്ളിലേക്ക് പ്രവേശിച്ചു. കുന്നിന്‍ ചെരുവിലെ കല്ലുകള്‍ക്കിടയില്‍നിന്ന് മൂന്നു മീറ്ററോളം ഉയരത്തില്‍ തീ കത്തുന്നു. മുള്‍പ്പടര്‍പ്പ് കത്തുന്നത് പോലെത്തെ കാഴ്ച. കാറ്റുള്ള തണുത്ത കാലാവസ്ഥയാണെങ്കിലും ഇതിനടുത്തേക്ക് പോകുംതോറും തണുപ്പില്‍ തീകായുന്ന പോലെയുള്ള സുഖം. തീയിലേക്ക് നാണയങ്ങള്‍ ഇട്ടു പ്രാര്‍ത്ഥന നടത്തുന്ന കൗതുകകരമായ കാഴ്ചയും അവിടെ കണ്ടു. തീനാളങ്ങള്‍ ജ്വലിക്കുന്ന കാഴ്ച്ചക്കായി ഒരു ഗ്യാലറിയും മുന്നിലായി ഒരുക്കിയിട്ടുണ്ട്.
തുടര്‍ച്ചയായി ഭൂമിക്കടിയില്‍നിന്ന് പ്രകൃതി വാതകം ബഹിര്‍ഗമിക്കുന്നതുകൊണ്ടു തന്നെ ഈ തീ ഒരിക്കലും അണയുന്നില്ല. കാറ്റിലും മഴയിലും മഞ്ഞിലും കെടാതെ കത്തിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ പ്രകൃതിവാതക നിക്ഷേപം ഉണ്ടെങ്കിലും അസര്‍ബെയ്ജാനില്‍ ഇത് ഭൂമിയുടെ ഉപരിതലത്തിന് തൊട്ടു താഴെയാണ്. അതുകൊണ്ടാണ് പെട്ടെന്ന് ഇവിടം തീ പിടിക്കുന്നത്. 1950കളില്‍ ഏതോ ഒരു ആട്ടിടയന്‍ ഈ പ്രദേശത്തുകൂടി പോയപ്പോള്‍ കൊളുത്തിയ തീയില്‍ നിന്നാണ് ഇങ്ങനെയൊരു പ്രതിഭാസം ഇവിടുള്ള കാര്യം മനസിലാക്കുന്നത് എന്ന് പറയപ്പെടുന്നു. അതല്ല ഇതിന് 4000 വര്‍ഷത്തിലധികം പഴക്കമുള്ളതാണെന്നും പറയുന്നുണ്ട്. അതിനൊന്നും വ്യക്തമായ തെളിവുകളില്ല. പതിമൂന്നാം നൂറ്റാണ്ടിലെ ലോകസഞ്ചാരിയായ മാര്‍ക്കോപോളോയുടെ സഞ്ചാര കൃതിയില്‍ ഇവിടെക്കണ്ട തീയെക്കുറിച്ച് അതിശയപൂര്‍വ്വം എഴുതിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുന്‍പേ കത്തിക്കൊണ്ടിരിക്കുന്ന മലകളിവിടെയുണ്ട് എന്നതിന് വലിയൊരു തെളിവാണത്.
പേര്‍ഷ്യയില്‍ ഒരു കാലത്ത് പ്രബലമായ മതമായിരുന്ന 'സൊറാസ്ട്രിയനിസം' വിശ്വാസികളുടെ അഗ്‌നി ആരാധനയുമായി ഈ പ്രദേശത്തെ ബന്ധപ്പെടുത്തുന്ന ചരിത്രമുണ്ട്. ഇവിടുത്തെ അണയാത്ത തീ നാളങ്ങള്‍ അവര്‍ ഒരു ദൈവീക അടയാളമായി ആണ് കണക്കാക്കിയിരുന്നത്. യനാര്‍ ദാഗില്‍ നിന്നും അടുത്തതായി ഞങ്ങള്‍ അറ്റേഷ്ഗാഹ് അഗ്‌നി ക്ഷേത്ര (Ateshgah Fire Temple)ത്തിലേക്കാണ് പോകുന്നത്. ഏകദേശം 30 മിനിറ്റ് എടുത്തു അവിടെയെത്താന്‍. സുരഖാനി മേഖലയിലെ കോട്ട പോലുള്ള, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ഫയര്‍ ടെംമ്പിള്‍ ഇപ്പോഴും അതേപടി നിലനിര്‍ത്തിയിരിക്കുന്നു. നല്ല കാറ്റുണ്ട്, ചെറുതായി മഴ പെയ്യാന്‍ ആരംഭിച്ചിരിക്കുന്നു.
അറ്റേഷ്ഗാഹ് ഫയര്‍ ടെംപിള്‍ സൊറാസ്ട്രിയന്‍ ക്ഷേത്രമായും ഹിന്ദു ആരാധനാലയമായും ഉപയോഗിച്ചിരുന്നതാണ്. അഞ്ച് വശങ്ങളുള്ള ഈ സമുച്ചയം പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലുമാണ് പണികഴിപ്പിക്കപ്പെട്ടത്. പഴയ സില്‍ക്ക് റൂട്ടിന്റെ വ്യാപാര ചരിത്രമുറങ്ങുന്ന ഈ കാസ്പിയന്‍ പ്രദേശവുമായി ഇന്ത്യന്‍ ഉപഭൂഘണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ സൊറാസ്ട്രിയന്‍ മതക്കാര്‍ വ്യാപാരത്തിലേര്‍പ്പെട്ടിരുന്നു. അവര്‍ ഈ ക്ഷേത്രം ഒരു തീര്‍ത്ഥാടനകേന്ദ്രമായി കണക്കാക്കിയിരുന്നു. സൊറാസ്ട്രിയന്‍ മതവുമായി ബന്ധപ്പെട്ട പല വസ്തുക്കളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. പണ്ടു കാലത്ത് അവിഭക്ത ഭാരതത്തിലെ മുള്‍ട്ടാനില്‍ (ഇപ്പോള്‍ പാകിസ്താന്‍)നിന്നും യോഗികള്‍ ഇവിടെ എത്തി യോഗ അഭ്യസിപ്പിച്ചിരുന്നുവെന്നും ഇവിടം ഹിന്ദുമത ക്ഷേത്രമായും ഉപയോഗിച്ചിരുന്നു എന്നും അവിടുത്തെ ഡോക്യുമെന്ററി മുറികളില്‍ നിന്നും വായിച്ചറിഞ്ഞു. അതിന്റെ പ്രതീകാത്മകമായി ഒരു നടരാജ വിഗ്രഹവും ഗണേശ വിഗ്രഹവും അവിടെ കണ്ടു. സംസ്‌കൃതത്തിലുള്ള ഗണേശ ശ്ലോകം കല്ലില്‍ കൊത്തി വെച്ചിരുന്നത് അത്ഭുതപ്പെടുത്തി. ഇവിടുത്തെ കെടാവിളക്കിലെ അഗ്‌നി കാലക്രമേണ കെട്ടുപോവുകയും ക്ഷേത്രം ഉപേക്ഷിക്കപ്പെടുകയുമായിരുന്നു. പിന്നീട് 1975-ല്‍ ഇതൊരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. സമീപമായി നിരവധി സുവനീര്‍ ഷോപ്പുകളും കണ്ടു. ധാരാളം സഞ്ചാരികള്‍ ഇപ്പോള്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്.
പ്രകൃതിവാതകത്തിന്റെ വലിയൊരു കലവറതന്നെ സ്വന്തമായുള്ള രാജ്യമായ അസര്‍ബെയ്ജാന്‍. വികസനത്തിന്റെ കാര്യത്തില്‍ ദുബായിയുമായി ഏറെ സാമ്യമുള്ള നഗരമാണ് ബാകൂവെങ്കിലും, ദുബായ് ഒരു ആധുനിക നഗരവും ബാകൂ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നാഗരികതയുടെ ഭാഗമാണ്. പ്രകൃതിയിലെ ഒരു അത്യപൂര്‍വ പ്രതിഭാസം കണ്ടതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ അസര്‍ബെയ്ജാനിലെ മറ്റു കാഴ്ചകളിലേക്ക് യാത്രയായി.
Content Highlights: Yanar Dag Fire Mountain Azerbaijan travel