സമ്മോഹനം | സാഫോ / പരിഭാഷ: സജയ് കെ.വി.

#സജയ് കെ.വി.
വര: ബാലു
വര: ബാലു

അശ്വസൈന്യങ്ങൾ,പദാതികൾ, പറ്റമായ് മുന്നോട്ടു നീങ്ങുന്ന കപ്പൽപ്പെരുംപട -
മൂന്നുമത്യുജ്ജ്വലം ,
മറ്റില്ല കാഴ്ച്ചകൾ,
മ്ലാനമീയൂഴിയിൽ
മാളോർക്കു കാണുവാൻ !

ഞാനോ പറഞ്ഞിടാ-
മൂറ്റമാർന്നിങ്ങനെ:
ഏറ്റം പ്രിയം ചേർന്ന -
തേതും മനോഹരം !
മാറ്റഴകിനേറ്റുന്നു,
പ്രേമവും മോഹവും !

അത്യന്തമോഹിനി -
യാകും ഹെലൻ തന്റെ -
യുത്തമനായ ഭർ -
ത്താവിനെ,പ്പുത്രരെ,
വാത്സല്യമുഗ്ദ്ധനാ-
കും പ്രിയതാതനെ,
മാതാവിനേയും വെ-
ടിഞ്ഞങ്ങു ദൂരെയ-
ട്രോയ് വരെപ്പോയ് , പ്രേമ -
കാന്തം വലിക്കയാൽ !

ഓർക്കുന്നു ഞാ,നനക്‌റ്റോറിയാ! നിന്നെ,നിൻ
ലോലപാദങ്ങ
ളെ,-
ക്കൺതിളക്കത്തിനെ,- ക്കൺകവരും
മുഖ-
ത്തിങ്കളിൻ
കാന്തിയെ !

ലിഡിയൻപട, പട -
ച്ചട്ടയാർന്നുജ്ജ്വലം
പടകൂട്ടിയെത്തുമ-
ക്കാഴ്ച്ചയഞ്ചും , നിന്റെ
പ്രിയദർശനം മുഖം 
കാണുന്ന മാത്രയിൽ !

Content Highlights: World poetry day 2023, Poet Sappo, Translated by K.V. Sajay