ഉപ്പ്@1930 | പി.എന്‍. ഗോപീകൃഷ്ണന്‍

#പി.എന്‍.ഗോപീകൃഷ്ണന്‍
ചിത്രീകരണം: ബാലു
ചിത്രീകരണം: ബാലു

1930 ന് മുമ്പ് ഉപ്പിന്
വിഷാദരോഗം ബാധിച്ചിരുന്നു.

വസ്തുകളെല്ലാം ജീസസുമാർ.
താൻ മാത്രം ജൂഡാസ് ഇസ്ക്കേരിയറ്റ്.

മുത്തുകളെ മാലയിൽ കോർത്ത് പ്രദർശിപ്പിക്കുന്നു.
കല്ലുകളെ മേലേയ്ക്ക് മേലേയ്ക്ക്
കെട്ടിടമാക്കുന്നു.
ഉദ്യാനത്തിലെ പുഷ്പങ്ങളുടെ പേര്
തട്ടിയെടുത്ത്
കുട്ടികൾക്ക് റോസ് എന്നും ജാസ്മിൻ എന്നും
പേരിടുന്നു.

താൻ  മാത്രം
തിരുവനന്തപുരത്തും റാവൽപിണ്ടിയിലും
വിശാഖപട്ടണത്തും
കഞ്ഞിക്കലത്തിൽ
അലിഞ്ഞു മരിക്കുന്നു.
ചപ്പാത്തി മാവിൽ
ചതഞ്ഞു മരിക്കുന്നു.
ഒരു മഴത്തുള്ളി പോലും
പകയോടെ
പെരുമാറുന്നു.

സൂര്യനോട്
അത്ര വെളുക്കനെ
ആരും ചിരിച്ചിട്ടില്ല.
ചന്ദ്രനോട്
ആരും ഇത്രയ്ക്ക്
ആർദ്രമായിട്ടില്ല.
അന്ധർക്ക് പോലും കാഴ്ച തരുന്ന മട്ടിൽ
ഭൂമിയിൽ ആരും
ഇത്ര തിളങ്ങിയിട്ടില്ല.
എന്നിട്ടും
പാവപ്പെട്ട ഒരു കവിത പോലും
വാക്കുകളിൽ തന്നെ തൂവിയില്ല.

1930 ൽ
ദണ്ഡിയിൽ വെച്ച്
ആ കൈ എന്നെ തൊടും വരെ.
കാമുകി തൊട്ട കാമുകനെപ്പോലെ
എൻ്റെ ആവരണങ്ങൾ കൊഴിഞ്ഞുപോയി.
മനുഷ്യൻ തൊട്ട ദൈവത്തെപ്പോലെ
ഞാൻ സ്വതന്ത്രനായിപ്പോയി.
കുഞ്ഞുതൊട്ട വയസ്സനെപ്പോലെ
എൻ്റെ ഭൂതത്തിന്
അർത്ഥമുണ്ടായി.

എൻ്റെ രുചിയുടെ
ചോക്ക് കൊണ്ടുമാത്രമേ
തങ്ങളുടെ ഭൂപടം വരയ്ക്കാനാകൂ
എന്ന്
സമുദ്രങ്ങളെല്ലാം
പ്രബുദ്ധമായി.

നന്ദി.
ഭൂമിയുടെ ഉപ്പ്
ഞാനെങ്കിൽ
ഉപ്പിൻ്റെ ഉപ്പ്
നീ തന്നെ.

(1930 മാര്‍ച്ച് 12 നാണ് ഗാന്ധിയുടെ ദണ്ഡിയാത്ര ആരംഭിച്ചത്.)

 

Content Highlights: world poetry day 2023 p n gopikrishnan poem, mathrubbhumi