'ആ കുഞ്ഞുങ്ങളെ കണ്ടതോടെ ഉള്ളിലൊരാളലായിരുന്നു'; സാഹസിക രക്ഷാദൗത്യത്തേക്കുറിച്ച്‌ ഉദ്യോഗസ്ഥൻ പറയുന്നു

കുട്ടികളുമായി മല കയറുന്ന ഉദ്യോ​ഗസ്ഥർ, അനൂപ് തോമസ് കുഞ്ഞിനൊപ്പം
കുട്ടികളുമായി മല കയറുന്ന ഉദ്യോ​ഗസ്ഥർ, അനൂപ് തോമസ് കുഞ്ഞിനൊപ്പം

കുഞ്ഞുങ്ങളുടെ കണ്ണിൽ ഭീതിയുടെ കരിനിഴൽ വീണിരുന്നു. കിലോമീറ്ററുകൾ ഇനിയും സഞ്ചരിക്കാനുണ്ട്. മുമ്പിലുള്ളത് ചെങ്കുത്തായ ദുർഘട പാത.. എന്തുതടസ്സം നേരിട്ടാലും തോറ്റ് പിൻമാറാനോ, ആ ജീവനുകളെ ഉപേക്ഷിച്ചു പോരാനോ വേണ്ടിയായിരുന്നില്ല മല കയറിയെത്തിയത്.  ആത്മവിശ്വാസം മുറുകെപിടിച്ച് പിഞ്ചോമനകളെ നെ‍‍‍‍‍‍ഞ്ചോട് ചേർത്ത് ആ രക്ഷാകരങ്ങൾ ലക്ഷ്യ സ്ഥാനത്തേക്ക് യാത്രതിരിച്ചു. ഏറാട്ടുകുണ്ട് ഊരിൽ കുടുങ്ങിയ കുടുംബത്തെ അതിസാഹസികമായി രക്ഷപ്പെടുത്തിയ സംഘത്തിലെ ആർ.ആർ.ടി. അംഗം അനൂപ് തോമസ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു:

അനൂപ് തോമസ് കുഞ്ഞിനൊപ്പം

കുട്ടിയുമായി അവശതയിൽ ഒരു സ്ത്രീ

മഴ കനത്തതോടെ ചൂരൽമലയിൽനിന്ന് വനംവകുപ്പുദ്യോഗസ്ഥർ കാടുകയറിയിരുന്നു. എല്ലാവരെയും ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. എന്നാൽ, തൊട്ടടുത്ത ദിവസം കാടുകയറിയെത്തിയ അവർക്ക് മുന്നിൽ മൂന്നു വയസുള്ള കുട്ടിയുമായി അവശതയോടെ ഒരു സ്ത്രീ..   നാലു ദിവസമായി ആഹാരം കഴിച്ചിട്ടില്ലെന്നും അരി വല്ലതും കിട്ടുമോയെന്നറിയാനാണ് വന്നതെന്നും കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് അവർ പറഞ്ഞപ്പോൾ ഉള്ളുലഞ്ഞു. ഊരിലെ മറ്റുള്ളവരെ മാറ്റിപാർപ്പിച്ചപ്പോൾ പാറയുടെ ഒരു പൊത്തിൽ താമസിച്ചിരുന്ന ഈ കുടുംബത്തെ ഒപ്പമുണ്ടായിരുന്നവർ വിട്ടുപോയതാണെന്ന് മനസിലായതോടെ ആരൊക്കയാണ് ഇനിയും കാട്ടിലുള്ളതെന്ന് ചോദിച്ചറിഞ്ഞു. ഉൾക്കാട്ടിലെ കുന്നിൻമുകളിൽ ഭർത്താവ് കൃഷ്ണനും മൂന്നുകുഞ്ഞുങ്ങളുമുണ്ടെന്ന് ശാന്ത പറഞ്ഞതോടെ അവർക്കായി കാടുകയറാൻ സം​ഘത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല..

കല്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആഷിഫ് കേളോത്ത് ഒപ്പമുണ്ടായിരുന്ന തന്നോടും മുണ്ടക്കയം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, കല്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. അനിൽകുമാർ എന്നിവരോടും ഒരു ചോദ്യം മാത്രമേ ചോദിച്ചുള്ളൂ... നമ്മൾ അവിടേക്ക് പോകുകയല്ലേ.... ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. എങ്ങനെയും അവരെ കണ്ടെത്തി സുരക്ഷിതരാക്കണെമെന്ന് മാത്രമായി ലക്ഷ്യം.

ഏറാട്ടുകുണ്ടിൽ അവർ സുരക്ഷിതരല്ല

കനത്ത മഴയുണ്ട്... വനപാതയിലൂടെയുള്ള യാത്ര ദുഷ്കരവും. ശാന്ത കുഞ്ഞുമായി ഇത്രയും ദൂരമെത്തിയത് ഭക്ഷണത്തിനുവേണ്ടിയാണ്. ആ നാലു ജീവനുകൾ അവിടെ സുരക്ഷിതമല്ലെന്നും വിശപ്പിനോട് മല്ലിട്ടാണ് അവിടെ വസിക്കുന്നതെന്നും മനസിലായതോടെ ഒരു നിമിഷം പോലും പാഴാക്കാതെ അങ്ങോട്ട് തിരിക്കുകയായിരുന്നു. മല കയറാൻ തീരുമാനിച്ചെങ്കിലും ദുർഘട പാത താണ്ടാൻ ആവശ്യമായ ഉപകരണങ്ങളൊന്നുമുണ്ടായിരുന്നില്ല. പോകുന്ന വഴിയിൽ അട്ടമല പള്ളിയിലുണ്ടായിരുന്ന പണിക്കോ മറ്റോ വച്ചിരുന്ന 10 മീറ്റർ നീളമുണ്ടായിരുന്ന കയർ കൂടി കൈയിലെടുത്ത് യാത്ര തുടർന്നു. ഉൾകാട്ടിലേക്ക് പോകുംതോറും യാത്ര ദുഷ്കരമായി. ചെങ്കുത്തായ ഇറക്കം. പാതയിൽ പലയിടത്തും വഴുതിവീഴുകയും പരിക്ക് പറ്റുകയും ചെയ്തു. അതിലൊന്നും പതറാതെ മുന്നോട്ടുനീങ്ങി. പാതയിൽ മണ്ണും പാറയുമൊക്കെ ഇടിഞ്ഞു വീണിട്ടുണ്ടായിരുന്നു. കാലൊന്നു തെന്നിയാൽ താഴ്ചയിലേക്ക് പതിക്കും. കയർ മരത്തിൽക്കെട്ടി ജീവൻ പണയംവെച്ച് താഴേക്കിറങ്ങി. ഒടുവിൽ ഒരിടത്തുനിന്ന് പുക ഉയരുന്നത് കണ്ടു. അവരവിടെയുണ്ടെന്നുറപ്പായതോടെ അങ്ങോട്ടേക്ക് നീങ്ങി. ഏകദേശം നാലുമണിക്കൂറെടുത്തു അവിടെയെത്താൻ. ഒന്നും രണ്ടും മൂന്നും വയസുള്ള ആ കുഞ്ഞുങ്ങളെ കണ്ടതോടെ ഉള്ളിലൊരാളലായിരുന്നു.  കൈയിൽ കരുതിയിരുന്ന ഭക്ഷണവും വെള്ളവും അവർക്ക് നൽകി ചേർത്തുപിടിച്ചു.

ഊരു വിട്ടിറക്കാൻ പ്രയാസം, കുഞ്ഞുങ്ങൾ പുറമേയുള്ള മനുഷ്യരെ കാണുന്നത് ആദ്യം

പൊതുവേ പുറംലോകവുമായി അധികം ബന്ധമില്ലാത്ത ഊരു നിവാസികളെ പറഞ്ഞു മനസിലാക്കി ഒപ്പംകൂട്ടുക പ്രയാസമായിരുന്നു.  മലയടിവാരത്തിൽ അസുഖബാധിതയായി ഭാര്യ ശാന്തയും മൂന്നുവയസ്സുമുള്ള മകനുമുണ്ടെന്ന് അറിയിച്ചപ്പോഴാണ് മലയിറങ്ങാൻ കൃഷ്ണൻ തയാറായത്. 

കുഞ്ഞുങ്ങൾ പുറമേനിന്നുള്ള മനുഷ്യരെ ആദ്യമായിട്ടായിരുന്നു കാണുന്നത്. എങ്കിലും ഭക്ഷണം നൽകി കരുതലോടെ നെഞ്ചോട് ചേർത്തുപിടിച്ചപ്പോൾ അവർ ഞങ്ങളോട് ഇണങ്ങി. കയ്യിലുണ്ടായിരുന്ന ബെഡ്ഷീറ്റ് മൂന്നായി കീറി ഞാനും അനിലും കുട്ടികളുടെ അച്ഛൻ കൃഷ്ണനും കുഞ്ഞുങ്ങളെ ശരീരത്തോട് ചേർത്തുകെട്ടി. കല്പറ്റ റെയ്‌ഞ്ച് ഓഫീസർ ആഷിഫ് കേളോത്തും വാച്ചർ കണ്ണനും വഴികാട്ടി മുന്നിൽനടന്നു. 

കുട്ടികളുമായി മല കയറുന്ന ഉദ്യോ​ഗസ്ഥർ

മലയിറക്കം

ചെങ്കുത്തായ മലനിരയിലൂടെ മഴപെയ്ത വഴുക്കലിൽ കയറുകെട്ടിയായിരുന്നു ഇറക്കം. നടക്കുമ്പോൾ കല്ലുകൾ ഇളകിയടരുന്നു. അതീവ ശ്രദ്ധയോടെയായിരുന്നു ഓരോ ചുവടും. നെഞ്ചോട് ചേർന്ന് ഒരു കുരുന്നു ജീവൻ ഒട്ടികിടക്കുമ്പോൾ ഒന്നുകൂടി ശ്രദ്ധിക്കണമല്ലോ. തിരികെയുള്ള യാത്ര കൂടുതൽ കഠിനമായിരുന്നു. 

ഓരോ ദുരന്തഭൂമിയിലേക്കും കടന്നുചെല്ലുമ്പോൾ മനസ് മരവിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവുമ്പോഴും മേലുദ്യോ​ഗസ്ഥർ തരുന്ന ധൈര്യമാണ് മുന്നോട്ട് നയിക്കാറുള്ളത്. എന്തു വിലകൊടുത്തും സുരക്ഷിതരായി അവരെ എത്തിക്കണമെന്നായിരുന്നു റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആഷിഫ് കേളോത്ത് പറഞ്ഞത്. അത് മാത്രം മതിയായിരുന്നു മുന്നോട്ടുള്ള യാത്രയിൽ ബലത്തിനും. കൃഷ്ണനെയും കുഞ്ഞുങ്ങളെയും വനംവകുപ്പിന്റെ എപിസിയിലെത്തിച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തിയായിരുന്നു ഞങ്ങൾക്ക്.

വയനാട് തരിയോട് സ്വദേശിയായ അനൂപ് തോമസ് പുത്തുമലയിലടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്. അട്ടമലയിൽ ഹാരിസൺ പ്ലാന്റേഷനിലാണ് ആദ്യം മാറ്റി പാർപ്പിച്ചവരെ താമസിപ്പിച്ചിരിക്കുന്നത്. എല്ലാവർക്കും ഭക്ഷണവും അവശ്യസാധനങ്ങളും എത്തിച്ചുനൽകുന്നതുൾപ്പെടെ കർമ്മനിരതരാണ് സം​ഘം.

Content Highlights: anoop thomas speaks about erattukundu rescue