ഇത്രയും പേരുണ്ടായിട്ടും പോസ്റ്ററില്‍ മുയലിന്റെ പടം വെച്ചതെന്താണെന്ന് പലരും ചോദിച്ചിരുന്നു -അച്ചു

തുടക്കം സ്പോട്ട് എഡിറ്ററായി. പിന്നീട് പതിയെ സ്വതന്ത്ര എഡിറ്ററായി. ഇപ്പോഴിതാ സംവിധാനവും. വിചിത്രം എന്ന ചിത്രത്തിന്റെ സംവിധായകനായ അച്ചു വിജയന് സിനിമാരംഗത്തെ പുതിയ സാധ്യതകള്‍ തേടുകയാണ്. താന്‍ ആദ്യമായി സംവിധാനം ചെയ്ത വിചിത്രം എന്ന ചിത്രത്തേക്കുറിച്ചും നേരിട്ട വെല്ലുവിളികളേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് അച്ചു വിജയന്.
സ്പോട്ട് എഡിറ്ററായി തുടക്കം
സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. സ്പോട്ട് എഡിറ്ററായിരുന്നു അതില്‍. ഉണ്ണി മുകുന്ദന്റെ ഏഴാം സൂര്യന് ആണ് സ്വതന്ത്ര എഡിറ്ററായി ആദ്യം ചെയ്തത്. മമ്മൂക്കയുടെ വൈറ്റ്, സണ്ണി വെയിന്റെ സ്റ്റാറിങ് പൗര്‍ണി എന്നൊരു പടമുണ്ടായിരുന്നു. അതുപക്ഷേ പകുതിയില്‍ നിന്നുപോയി. പിന്നെ തമിഴില്‍ സിമ്പ, മലയാളത്തില്‍ അഡാര്‍ ലൗ. ഈ പരിചയമല്ലാതെ വേറെ ആരുടേയും സഹായിയായി നില്‍ക്കുകയൊന്നും ചെയ്തിട്ടില്ല. സംശയങ്ങള്‍ ചോദിക്കുമായിരുന്നു. പരസ്യങ്ങളാണ് കൂടുതല്‍ ചെയ്തതും.
സംവിധായകന് എഡിറ്ററാവുമ്പോള്
തിരക്കഥാകൃത്ത് ഷോട്ട് വിവരിക്കുമ്പോള്‍ അത് സീന്‍ ആയിത്തന്നെ മനസിലേക്ക് വരും. അത്രയും ഷോട്ട് എടുത്താല്‍ മതി സീന്‍ ആളുകളിലേക്കെത്താന്‍ എന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. ആവശ്യത്തിന് ഷോട്ടുകളേ എടുത്തിട്ടുള്ളൂ, ഒരുപാട് ആംഗിളുകളൊന്നും പരീക്ഷിച്ചിട്ടില്ല.
തേടിവന്ന അവസരം
നിഖിലുമായി നേരത്തേ അറിയാം. നിഖിലും ഞാനും വേറെ വേറെ തിരക്കഥകളുമായി നടക്കുകയായിരുന്നു. എനിക്ക് അതിനിടയില്‍ക്കൂടി എഡിറ്റിങ് ജോലിയും ഉണ്ടായിരുന്നു. ഷൈന്‍ ചേട്ടന് (ഷൈന്‍ ടോം ചാക്കോ) കഥയില്‍ ഓ.കെയാണ്, സംവിധാനം ചെയ്യുന്നോ എന്ന് എന്നോട് ചോദിക്കുകയായിരുന്നു. ഷൈന്‍ ചേട്ടന് കഥയറിയാം. അങ്ങനെ ഞാന്‍ തന്നെ സംവിധാനം ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികളും തുടങ്ങി. ഷൈനിനോടാണ് നിഖില്‍ ആദ്യം കഥ പറഞ്ഞത്.
വെല്ലുവിളിയായ രാത്രി ചിത്രീകരണം
ലോക്ക്ഡൗണൊക്കെ ഏകദേശം കഴിഞ്ഞപ്പോഴായിരുന്നു ഷൂട്ടിങ്ങെല്ലാം. രാത്രിയുള്ള ചിത്രീകരണമായിരുന്നു വെല്ലുവിളിയായത്. ഒരുപാട് നൈറ്റ് സീനുകളുണ്ട് സിനിമയില്‍. കറുത്ത തുണിയൊക്കെ വെച്ച് വേണമെങ്കില്‍ പകല്‍ ചെയ്യാം. പക്ഷേ ആ മൂഡ് കിട്ടണമെങ്കില്‍, ചെറിയ ഒരു ഹൊറര്‍ ഴോണറൊക്കെ വരുന്നതുകൊണ്ടും വലിയ വീടായിരുന്നതിനാലും അടച്ചുകെട്ടി ചിത്രീകരണമൊന്നും നടക്കില്ല. 40 ദിവസങ്ങളോളമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
മുയലാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ ഒരു മുയലിന്റെ ചിത്രമായിരുന്നു. ഇത്രയും നടീനടന്മാരുണ്ടായിട്ടും മുയലിന്റെ പടം വെച്ചതെന്താണെന്ന് പലരും ചോദിച്ചിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രംകൂടിയാണ് മുയല്.
വിചിത്രം എന്ന പേരിനുപിന്നില്‍
ഒരു വര്‍ക്കിങ് ടൈറ്റില്‍ ആയിട്ടാണ് വിചിത്രം എന്ന പേര് ആദ്യം ഇട്ടത്. നിഖില്‍ തിരക്കഥ പറയുമ്പോള്‍ സൂചിപ്പിച്ചിരുന്നു തത്ക്കാലമുള്ള പേരാണ്, വേണമെങ്കില്‍ മാറ്റാം എന്ന്. പക്ഷേ ഇതിലും നല്ലൊരു പേര് ഈ സിനിമയ്ക്ക് കിട്ടാനില്ലെന്ന് പോകെപ്പോകെ മനസിലായി.
മിസ്റ്ററിയുണ്ട്, ഹൊറര്‍ പടമല്ല
ഹൊറര്‍ സിനിമയല്ല വിചിത്രം. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആ ഒരു ഫീല്‍ വരുന്നുണ്ട്. പേടിപ്പിക്കണം എന്ന് വിചാരിച്ച് ഹൊറര്‍ സീനുകള്‍ സൃഷ്ടിച്ചിട്ടില്ല. ശരിക്ക് എല്ലാം മിക്സ് ചെയ്ത് വന്നപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി. തിയേറ്റര്‍ അനുഭവം ആവശ്യപ്പെടുന്ന സിനിമയാണ്. സംവിധായകന്റെ ജോലി എളുപ്പമല്ലെന്നും ഈ സിനിമ മനസിലാക്കിത്തന്നു.
Content Highlights: vichithram movie, director achu vijayan interview, shine tom chacko movie