പ്രവാസി എന്ന പേര് ഉച്ചരിക്കാൻ വീണ്ടും വീണ്ടും മറക്കുന്ന ബജറ്റ്

#ജിജിൻ പാണ്ടികശാല
നിർമല സീതാരാമൻ, പ്രതീകാത്മക ചിത്രം| ഫോട്ടോ: Shahbaz Khan/ PTI
നിർമല സീതാരാമൻ, പ്രതീകാത്മക ചിത്രം| ഫോട്ടോ: Shahbaz Khan/ PTI

മധ്യവർഗത്തെ ഉന്നം വെച്ച് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടർന്നു പോരുന്ന പരിഷ്കാരങ്ങൾക്ക് ആക്കം കൂട്ടിയ കേന്ദ്ര ബജറ്റായിരുന്നു ഈ വർഷത്തെതും എന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും കർഷകരടക്കമുള്ള നിരാലംബരായ വലിയൊരു വിഭാഗത്തെ നിരാശയിലാക്കിയ ധനമന്ത്രി പ്രവാസികളെയും പരിഗണിച്ചില്ല എന്നുള്ളത് ബജറ്റിൻ്റെ മാറ്റ് വീണ്ടും കുറയ്ക്കുന്നു. പ്രവാസി എന്ന വാക്ക് ഒരു തവണ പോലും ഉച്ചരിക്കാൻ മുൻപത്തേതു പോലെ ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിനും കഴിയാതെ പോയി.

കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി രാജ്യത്തെ ദശലക്ഷം കുടുംബങ്ങളിലേക്ക് പ്രവാസികൾ നേരിട്ട് എത്തിക്കുന്ന പണത്തിൻ്റെ സ്വാധീനവും അവരുടെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ ഇടപെടലുകളും നിരന്തരം പദ്ധതി രൂപീകരണത്തിൽ പ്രതിഫലിക്കാതെ പോകുന്നു.

അദൃശ്യ സ്വാധീനം

അന്താരാഷ്ട്ര കുടിയേറ്റക്കാരെ അയക്കുന്നതിൽ വളരെ കാലങ്ങളായി ഇന്ത്യ മുന്നിൽ നിൽക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ റിപ്പോർട്ട് (World Migration Report 2024) പ്രകാരം, ഇന്ത്യയുടെ ആകെ പ്രവാസികളുടെ എണ്ണം 18.5 ദശലക്ഷത്തോളം വരും. 1990കളിൽ ആറു മുതൽ ഏഴ് ദശലക്ഷം വരെ മാത്രമായിരുന്ന കുടിയേറ്റകാരുടെ എണ്ണമാണ് ഇന്ന് ഈ നിലയിൽ എത്തിയിരിക്കുന്നത് എന്ന് കാണാം. തൊട്ടുപിന്നിലുള്ള ചൈനയുടേത് 11.7 ദശലക്ഷമേ വരുന്നുള്ളൂ.

പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം (റെമിറ്റൻസ്) 100 ബില്ല്യൺ ഡോളർ  കടന്നത് ഈ അടുത്ത കാലത്താണ്. ഈ വർഷം അത് 129 ബില്ല്യൺ ഡോളർ ആയി വർദ്ധിക്കുമെന്ന് ലോക ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ പട്ടിണിയും അസമത്വവും  കുറയ്ക്കുന്നതിലും, മനുഷ്യ വിഭവശേഷിയുടെ ഉന്നമനത്തിലും പാവപ്പെട്ടവരുടെ സാമ്പത്തിക ഭദ്രത  കെട്ടിപ്പെടുക്കുന്നതിലും  കാലങ്ങളായി കുടിയേറ്റ സമൂഹം അയക്കുന്ന റെമിറ്റൻസ് ചെലുത്തുന്ന പങ്ക് നിസ്തർക്കമായി തെളിയക്കപ്പെട്ടതാണ്.

നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (CAD) 1.2 ശതമാനമായി നിലനിർത്തുന്നതിൽ റെമിറ്റൻസ് വഹിച്ച പങ്ക് സാമ്പത്തിക സർവ്വേ എടുത്തു പറയുന്നുണ്ട്. വലിയ അളവിൽ റെമിറ്റൻസ് സ്വീകരിക്കുന്ന മറ്റേത് വികസ്വര രാജ്യത്തെപ്പോലെ തന്നെ ഇന്ത്യയുടെയും സ്ഥൂല സമ്പദ് വ്യവസ്ഥയ്ക്ക് അവ ചെലുത്തുന്ന പങ്ക് ചെറുതല്ല. അളവറ്റ അക്കാദമിക ഗവേഷണങ്ങളുടെയും തെളിവുകളുടെയും പശ്ചാത്തലത്തിൽ ഇന്ത്യയിൽ പ്രവാസികൾ ചെയ്യുന്ന നേട്ടങ്ങൾ പ്രതിഫലിപ്പിക്കത്തക്കവണ്ണം പദ്ധതികൾ കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

പ്രവാസികൾക്ക് എന്തുണ്ട് ബജറ്റിൽ?

ഈ വർഷത്തെ ബജറ്റ് അവതരണത്തിലും മുൻവർഷമെന്നോണം പ്രവാസി ക്ഷേമത്തിനു വേണ്ടിയോ, അവർ അയയ്ക്കുന്ന പണത്തിൻ്റെ ഒഴുക്ക് സുസ്ഥിരമാക്കുന്നതിനോ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടില്ല എന്ന് കാണാം. പ്രവാസി ഭാരതീയ ദിവസ് (Pravasi Bharatiya Divas) നടത്തിപ്പിന് വേണ്ടി മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം 40 കോടി മാറ്റിനിർത്തിയതൊഴിച്ചാൽ വേറെ ഫണ്ട് വകയിരുത്തിയിട്ടുമില്ല.

മറിച്ച് പ്രവാസികളുടെ വരുമാനം ഇന്ത്യൻ നികുതിവ്യവസ്ഥയുടെ സൂക്ഷ്മ നിരീക്ഷണത്തിലാക്കുന്ന ചില മാറ്റങ്ങൾ ബജറ്റ് ശുപാർശ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ വരുമാനം നേടുന്നില്ലെങ്കിലും, ഒരു പ്രവാസിയ്ക്ക് ഇനിമുതൽ വിദേശ വരുമാനം നികുതിവകുപ്പിന് മുൻപാകെ റിപ്പോർട്ട് ചെയ്യേണ്ടതായി വരും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പ്രൊഫഷണൽ ജോലികൾക്കുമായി വിദേശത്തേക്ക് പോയി ഇന്ത്യയുമായി സാമ്പത്തിക ബന്ധം നിലനിർത്താൻ താൽപര്യപ്പെടുന്ന യുവജനങ്ങളെ ഈ മാറ്റങ്ങൾ ആശയക്കുഴപ്പത്തിലാക്കാൻ സാധ്യതയുണ്ട്.

സൗദിയിലെ എണ്ണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ (പ്രതീകാത്മക ചിത്രം)| ഫോട്ടോ: FAYEZ NURELDINE/ AFP 

ഈ ബജറ്റിലും പ്രവാസികളെ തഴഞ്ഞതിലും തങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾ ഒന്നും തന്നെ ഇല്ലാത്തത്തിലും വിമർശനവുമായി ഒട്ടേറെ പ്രവാസി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.

"വികസിത് ഭാരത്-ൽ പ്രവാസികളുടെ സംഭാവന" എന്ന പ്രമേയത്തിലാണ് ജനുവരി 9-ന് ഈ വർഷത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചത്. പ്രവാസികൾ ചെയ്യുന്ന സംഭാവനകളെക്കുറിച്ച് പ്രധാനമന്ത്രിയും വിദേശ മന്ത്രാലയവും വാചാലമാകുന്ന ഇത്തരം  കെട്ടു കാഴ്ചയ്ക്കപ്പുറത്ത് പ്രവാസികളുടെയും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളെയും ജീവിതത്തെ സ്പർശിക്കുന്ന നയങ്ങളുടെ കാര്യത്തിൽ നിശബ്ദമാണ്.

മാറണം അവഗണന

ജോലിയ്ക്കായുള്ള ഇന്ത്യൻ  കുടിയേറ്റത്തിൽ 60 ശതമാനത്തിലധികം ഗൾഫ് നാടുകളിലേക്കാണ്. അത് ഇമിഗ്രേഷൻ ക്ലിയറൻസ് (ECR)  വിഭാഗത്തിൽ  രേഖപ്പെടുത്തുന്നതിനാൽ, ഈ കുടിയേറ്റക്കാരുടെ ഡേറ്റ മാത്രമാണ് സുനിശ്ചിതമായി കേന്ദ്ര സർക്കാരിൻ്റെ പക്കലുള്ളതെന്ന് പാർലമെൻ്റ് ചോദ്യോത്തര രേഖകളിൽ നിന്ന് വ്യക്തം. ECR മുഖേന അല്ലാതെ പോകുന്നവരുടെ വിവരങ്ങൾ ചേർത്തുള്ള കുടിയേറ്റത്തിൻ്റെ സമഗ്രമായ ഡേറ്റ സർക്കാറിൻ്റെ കൈകളിലില്ല. 

ECR രാജ്യങ്ങളിലേക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളിലും 3.5 ലക്ഷത്തിലേറെ വിതം പേർ കുടിയേറിയിട്ടുണ്ട്. കോവിഡ് കാലമായ 2020-ൽ ഒരുലക്ഷത്തിൽ താഴെ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിന്നുള്ള ഈ വളർച്ച, ഇന്ത്യൻ കുടിയേറ്റത്തിൻ്റെ ശക്തമായ തിരിച്ചുവരവ് വെളിവാക്കുന്നു.

പൊതുവിൽ ഗൾഫ് നാടുകളിലേക്ക് കുടിയേറുന്നവരിൽ ബഹുഭൂരിപക്ഷം കുറഞ്ഞ വൈദഗ്ദ്ധ്യം ആവശ്യമുള്ള ജോലിക്കായി പോകുന്നവരാണ്. കേരളത്തിലെ പ്രവാസികളിൽ 80 ശതമാനത്തോളം ഗൾഫിലേക്കും 20 ശതമാനം ഗൾഫ് ഇതര രാജ്യങ്ങളിലേക്കും പോകുന്നു എന്നാണ് കേരള മൈഗ്രേഷൻ സർവ്വേയുടെ കണക്ക്. എങ്കിലും, ECR ഡേറ്റ പ്രകാരം, 2021 മുതൽ 2024 വരെ ഗൾഫ് രാജ്യങ്ങളിലേക്ക് പോയ 12.5 ലക്ഷത്തോളം വരുന്ന ഇന്ത്യൻ കുടിയേറ്റക്കാരിൽ കേരളത്തിൻ്റെ പങ്ക് വെറും 4.81 ശതമാനം മാത്രമാണ്. അതേസമയം ഉത്തർ പ്രദേശ് 34 ശതമാനവും ബിഹാർ 17.4 ശതമാനവും പ്രവാസികളുടെ എണ്ണത്തിൽ സംഭാവന ചെയുന്നു.

ചുരുക്കത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പങ്കിലും, ജോലിക്കായുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുപ്പിലും കാലാനുസ്കൃതമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ECR രാജ്യങ്ങളിലേക്കുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ വർദ്ധന കാണിക്കുന്നത് ഇന്ത്യയിലെ അവസരങ്ങളുടെ ദൗർലഭ്യവും വേതനത്തിലെ അന്തരവും ആവാം. മാറുന്ന കുടിയേറ്റത്തിൻ്റെ ഇത്തരം സാഹചര്യങ്ങളെ മുൻ നിർത്തി കൂടുതൽ സമഗ്രമായ പഠനങ്ങൾ നടത്തുകയാണ് കേന്ദ്ര സർക്കാർ ആദ്യം ചെയ്യേണ്ടത്.

പ്രവാസികൾക്കായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അഭാവം പ്രതിസന്ധികളിൽ അവരെ തളർത്തുകയാണ്. പ്രവാസി ഭാരതീയ ഭീമ യോജന (PBBY) ECR രാജ്യങ്ങളിലേക്കുള്ള കുടിയേറ്റക്കാർക്ക് നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടെങ്കിലും, കോവിഡ് കാലഘട്ടത്തിൽ പ്രവാസികളുടെ ബുദ്ധിമുട്ടുകൾക്ക് ഇത് പരിഹാരമായില്ല.

മഹാമാരിയിൽ ഒട്ടേറെ പ്രവാസികൾ ഗൾഫ് നാടുകളിൽ മരണപ്പെട്ടപ്പോൾ PBBY അത്തരം മരണങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കാത്തതിനാൽ ഗുണകരമായില്ല. ഇത്തരം പദ്ധതികൾ ECR ഇതര രാജ്യങ്ങളിലെ പ്രവാസികൾക്കായി വ്യാപിപ്പിക്കുകയും, പകർച്ചവ്യാധി പോലുള്ള കാരണങ്ങൾ കൊണ്ടുണ്ടാകുന്ന മരണങ്ങൾ ഉൾക്കൊള്ളുന്ന തരത്തിൽ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയും വേണം.

പ്രവാസം അവസാനിപ്പിച്ച മുതിർന്ന പ്രവാസികൾക്കുള്ള പെൻഷൻ, അവരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ കാണിക്കുന്ന വിമുഖത ഇപ്പോഴും നിലനിൽക്കുന്നു. തൊഴിൽ അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പദ്ധതികൾ (അപാകതകൾ ഉണ്ടെങ്കിലും) കേരളത്തിൽ ഉണ്ട്. പക്ഷേ, ഇത്തരത്തിൽ  

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അഭാവം ഇന്ത്യൻ പ്രവാസികളെ നാടിൻ്റെ നേട്ടത്തിന് ഉപയുക്തമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. അതിനാൽ, കൂടുതൽ പലിശരഹിത വായ്പകൾ നൽകുകയും പ്രവാസികളുടെ നൈപുണ്യം രാജ്യം ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്.

ഒരുപക്ഷേ, 2016-ൽ മോദി സർക്കാർ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളക്കിച്ചേർത്ത "പ്രവാസി കാര്യ മന്ത്രാലയം (Ministry of Overseas Indian Affairs)" തിരിച്ചു കൊണ്ടുവരിക വഴി കുടിയേറ്റക്കാരുടെ ക്ഷേമത്തിന് കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞേക്കും.

ഫലപ്രദമാക്കണം റെമിറ്റൻസ് 

കേരളത്തിൽ മൊത്തം ഉത്പാദനത്തിൻ്റെ 23 ശതമാനം വരുന്ന റെമിറ്റൻസിൻ്റെ 30 ശതമാനത്തോളം പ്രവാസികൾ ചെലവിടുന്നത് വീട് മോടി പിടിപ്പിക്കുന്നതിനും കടം വീട്ടുന്നത്തിനും ആണ്.

അമിതമായി നിത്യോപയോഗങ്ങൾക്ക് ചെലവാക്കപ്പെടുന്ന റെമിറ്റൻസ് സ്ഥൂലസമ്പദ് വ്യവസ്ഥയെ (Macroeconomy) പ്രതികൂലമായി ബാധിക്കുമെന്നാണ്  പഠനങ്ങൾ തെളിയിക്കുന്നത്. ഭൂമി വിൽപനയും, കെട്ടിടനിർമ്മാണവും, ചില സേവനങ്ങളുമടക്കം വ്യാപാരേതര മേഖലകളിലേക്ക് മാത്രമുള്ള പണത്തിൻ്റെ ഒഴുക്ക് രാജ്യത്തെ വ്യാപാരത്തിൻ്റെ മൽസരക്ഷമത കുറയ്ക്കുന്നത്തിലേക്ക് നയിച്ചേക്കാം. ഇത്തരം ദീർഘദൂര പ്രത്യാഘാതങ്ങൾ തടയുന്നതിന് മികച്ച നിക്ഷേപ അന്തരീക്ഷം പ്രവാസികൾക്ക് ഒരുക്കിക്കൊടുക്കേണ്ടതുണ്ട്.

ഇന്ത്യയിലേക്ക് വരുന്ന ശതകോടികൾ നിക്ഷേപ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിൽ കൂടുതൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ കൊണ്ടുവരേണ്ടതായിരുന്നു. മ്യൂച്വൽ ഫണ്ട് പോലുള്ള നിക്ഷേപ പദ്ധതികൾ വഴിയും ഡയസ്പോറ ബോണ്ട് (Diaspora Bond) തിരിച്ചു കൊണ്ട് വരിക വഴിയും പ്രൊഫഷണൽ കുടിയേറ്റക്കാരുടെ സമ്പത്ത് ആകർഷിക്കാൻ രാജ്യത്തിനാകുമായിരുന്നു. കൂടാതെ മൈക്രോ ഫിനാൻസ് അടക്കമുള്ള സ്ഥാപനങ്ങൾ വഴി വരുമാനം കുറഞ്ഞ പ്രവാസികൾക്കും ചെറുകിട നിക്ഷേപ പദ്ധതികൾ സജ്ജമാക്കേണ്ടതുമായിരുന്നു. ഇത്തരത്തിൽ ഫിനാൻസ് മേഖലയിൽ കൂടുതൽ പണമെത്തുകയും അവ ഉല്പാദനക്ഷമമാർന്ന നിക്ഷേപങ്ങളായി മാറുകയും ചെയ്യും.

മാറിയ ലോകം, പുതിയ വെല്ലുവിളി

ദ്രുതഗതിയിൽ ലോകം മാറിയ ഈ കാലത്ത്  കുടിയേറ്റത്തിൻ്റെ സ്വഭാവവും മാറി. കോവിഡാനന്തര ലോകത്ത് പുതിയ സാങ്കേതികവിദ്യകൾ അനേകം സാധ്യതകൾ തുറന്നിടുകയാണ്. അതിലേക്ക് ആകൃഷ്ടരാകുന്ന യുവജനങ്ങളുടെ പ്രവാഹം ഇന്ത്യയിൽ നിന്നും കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ പ്രകടമാണ്. അതിൽ ചെറുതല്ലാത്ത പങ്ക്, വിദേശ രാജ്യങ്ങളിലെ പൗരൻമാരാകാനും  അവിടെ ഒരു കുടുംബം കെട്ടിപ്പെടുക്കാനും താല്പര്യപ്പെടുന്നു. എങ്കിലും മാറിയ ഈ സാഹചര്യത്തിലും  പ്രവാസ സമൂഹം നേരിടുന്ന പ്രതിസന്ധികൾ ചെറുതല്ല. 

ഭൗമ-സാമ്പത്തിക വിഘടന (Geo-political fragmentation)- ത്തിൻ്റെ ഈ കാലഘട്ടത്തിൽ അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങൾ തങ്ങളുടെ തീവ്രദേശീയതയിലേക്ക് ചുരുങ്ങുകയും കുടിയേറ്റത്തിനോട് വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുകയാണ്. ട്രംപിൻ്റെ രണ്ടാം വരവ് ഇത്തരം പ്രവർത്തനങ്ങൾക്ക് ഉത്തേജകമാകുകയാണ് എന്ന് കാണാം. 

ഈയിടെ, ഒരൊറ്റ ദിവസം കൊണ്ടുമാത്രം പുതിയ കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി അമേരിക്ക നാടുകടത്തിയത് (deport) 205 ഇന്ത്യക്കാരെയാണ്. "നിയമവിരുദ്ധ അന്യഗ്രഹജീവികളെ (illegal aliens)" തുരത്തിയതിൽ ട്രംപ് ഊറ്റംകൊള്ളുന്നു !. നിയമ വിരുദ്ധമായി ഇത്തരത്തിൽ 18000 ഇന്ത്യക്കാർ അമേരിക്കയിൽ ഉണ്ടെന്നാണ് കണക്ക്. ചരക്ക്-സേവന വാണിജ്യത്തെയും  മനുഷ്യവിഭവത്തിൻറെയും അന്തർദേശീയ ഒഴുക്കിൻ്റെയും കാര്യത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഈ രാഷ്ട്രീയ സാഹചര്യം കാരണമാവും.

പ്രവാസികളുടെ പണത്തിൽ കൂടുതൽ ആശ്രയിക്കുകയും, ഇപ്പോൾ വിദ്യാഭ്യാസവും വൈദഗ്ദ്ധ്യമേറിയ ജോലിയും തേടി യാത്രയാകുന്ന പുതിയ തലമുറയ്ക്ക് സാക്ഷിയാവുകയും ചെയ്യുന്ന കേരളത്തിൽ ഈ സാഹചര്യം സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ കാത്തിരുന്നു തന്നെ അറിയണം. എങ്കിലും, കേരളത്തിൻ്റെ 

മുന്നോട്ടുള്ള പദ്ധതികളിൽ ഇത്തരം പ്രവണതകളെ പരിഗണിക്കുമെന്ന് പ്രത്യാശിക്കാം. ആഗോളീയതയുടെ തിരിച്ചുപോക്കിൻ്റെ പശ്ചാത്തലത്തിൽ വേണം രാജ്യവും സംസ്ഥാനങ്ങളും പ്രവാസികൾക്കായി സ്വീകരിക്കുന്ന പദ്ധതികളെ നോക്കിക്കാണാൻ

(മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ (MIDS) ഗവേഷക വിദ്യാർഥിയാണ് ലേഖകൻ) 
 

Content Highlights: India`s Union Budget 2024 largely ignored the needs and concerns of Overseas Indians