ബജറ്റ് 2023: ധനക്കമ്മി കുറയ്ക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ സാധ്യത

പ്രസിദ്ധ സാമ്പത്തിക വിദഗ്ദ്ധന്‍ മില്‍ട്ടണ്‍ ഫ്രീഡ്മാന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍, നിയമംമൂലം അല്ലാത്ത നികുതിയാണ് വിലക്കയറ്റം. നികുതിദായകന്റെ വീക്ഷണകോണില്‍ ഇത് ശരിയാണെങ്കിലും, പണപ്പെരുപ്പം ധന മന്ത്രിമാര്‍ക്ക് ഒരുതരത്തില്‍ പറഞ്ഞാല്‍ അനുഗ്രഹമാണ്. 2023 സാമ്പത്തിക വര്‍ഷത്തിലെ ഉയര്‍ന്ന നാണ്യപ്പെരുപ്പം കാരണം 2022-23ല്‍ രാജ്യത്തിന്റെ നാമമാത്ര ജിഡിപി വളര്‍ച്ച ബജറ്റില്‍ കണക്കാക്കിയിരുന്ന 11.1 ശതമാനത്തില്‍ നിന്നും 15.4 ശതമാനമായി ഉയരുമെന്നാണ് എന്‍എസ്ഒയുടെ അനുമാനം.
അപ്രതീക്ഷിതമായി 8.5 ശതമാനത്തിന്റെ ഉയര്‍ന്ന ജിഡിപി ഡിഫ്ലേറ്റര്‍ (ചില്ലറ നാണ്യപെരുപ്പത്തിന്റെയും, മൊത്തവില നാണ്യപ്പെരുപ്പത്തിന്റെയും സങ്കലനം) മൂലം 254 ലക്ഷം കോടി ജിഡിപി എന്ന അനുമാനത്തില്‍ നിന്നും ജിഡിപി 273 ലക്ഷംകോടി ആയത് ധനമന്ത്രിക്ക് ലഭിച്ച ഒരു പാരിതോഷികമാണ്. ധനക്കമ്മി എന്ന സുപ്രധാനമായ സൂചിക ജിഡിപിയുടെ 6.4 ശതമാനമായി നിലനിര്‍ത്താന്‍ ഉയര്‍ന്ന ജിഡിപി വളര്‍ച്ച ധനമന്ത്രിയെ സഹായിക്കും. എന്നിരുന്നാലും, ഇപ്പോള്‍ വളര്‍ച്ച മന്ദഗതിയിലാവുകയും പണപ്പെരുപ്പം കുറയുകയും ചെയ്യുന്നതിനാല്‍ ഈ അനുകൂല സാഹചര്യം അടുത്ത സാമ്പത്തിക വര്‍ഷം ആവര്‍ത്തിക്കാനിടയില്ലാത്തതുകൊണ്ട് ധനമന്ത്രി ജാഗ്രത പാലിക്കണം.
Content Highlights: Union budget 2023 analysis