താരസമ്പന്നമെങ്കിലും മികച്ച പ്രകടനമില്ല; ഇംഗ്ലണ്ടിന് 'മൂല്യച്യുതി' ?

ഹാരി കെയ്‌നും സൗത്ത് ഗേറ്റും, Photo: AFP
ഹാരി കെയ്‌നും സൗത്ത് ഗേറ്റും, Photo: AFP

യൂറോകപ്പിൽ കളിക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ വിപണിമൂല്യം 12,120 കോടി രൂപയോളം വരും. മൂന്നുതാരങ്ങൾക്ക് ആയിരം കോടിക്കുമുകളിൽ മൂല്യമുണ്ട്. എന്നാൽ, ആദ്യരണ്ടു മത്സരം കഴിയുമ്പോൾ ആരാധകരെ തൃപ്തിപ്പെടുത്താൻ ടീമിന് കഴിഞ്ഞിട്ടില്ല. സെർബിയക്കെതിരേ ഒരു ഗോളിന് ജയിച്ച ടീം ഡെൻമാർക്കിനെതിരേ സമനിലവഴങ്ങുകയും ചെയ്തു. ഇതോടെ ടീമിനെതിരേയും പരിശീലകൻ ഗാരേത് സൗത്ത്‌ഗേറ്റിനെതിരേയും രൂക്ഷമായ വിമർശനമാണുയരുന്നത്.

താരനിബിഡമാണ് ടീം. ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ങാം, ഫിൽ ഫോഡൻ, ബുക്കയോ സാക്ക, കെയ്ൽ വാക്കർ, ജോൺ സ്‌റ്റോൺസ്, ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ്, കോൾ പാൽമർ തുടങ്ങി പേരുകേട്ട ഒരുപിടി താരങ്ങൾ ടീമിലുണ്ട്. എന്നാൽ, കളിക്കളത്തിൽ പെരുമയ്ക്കൊത്ത പ്രകടനം വരാത്തതാണ് ആരാധകരെ ക്ഷുഭിതരാക്കുന്നത്.

രണ്ടു കളിയിലായി രണ്ടു ഗോളുകളാണ് ടീമിൽനിന്നുണ്ടായത്. ആകെവന്ന ഷോട്ടുകളുടെ എണ്ണം 17. ടീമിന്റെ ശരാശരി ബോൾ പൊസഷൻ 51 ശതമാനമാണ്. കാണികളെ ആകർഷിക്കാൻ കഴിയുന്നരീതിയിൽ ടീമിന് കളിക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാനപ്രശ്നം. മികച്ചരീതിയിൽ അറ്റാക്കിങ് ഫുട്‌ബോൾ കളിക്കാനുള്ള വിഭവങ്ങളുണ്ടായിട്ടും അതിനെ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നില്ലെന്ന വിമർശനമാണ് സൗത്ത്ഗേറ്റിനുനേരേ ഉയരുന്നത്.

സെർബിയക്കെതിരേ 4-3-3 ശൈലിയിലും ഡെൻമാർക്കിനെതിരേ 4-2-3-1 ശൈലിയിലുമാണ് ഇംഗ്ലണ്ട് കളിച്ചത്. ഹാരി കെയ്ൻ-ഫിൽ ഫോഡൻ-ബുക്കയോ സാക്ക ത്രയത്തെ മുന്നേറ്റത്തിൽ കളിപ്പിക്കുകയും അറ്റാക്കിങ് മിഡ്ഫീൽഡിൽ ജൂഡ് ബെല്ലിങ്ങാമിനെ നിയോഗിക്കുകയുമാണ് സൗത്ത്ഗേറ്റ് ചെയ്യുന്നത്. എന്നാൽ, എതിർഹാഫിൽ കടുത്തരീതിയിൽ പ്രസ്സിങ് നടത്താനും അപകടകരമായ നീക്കങ്ങൾ സംഘടിപ്പിക്കാനും ഇംഗ്ലണ്ടിന്റെ മധ്യ-മുന്നേറ്റനിരയ്ക്ക് കഴിയുന്നില്ല.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ കോൾ പാൽമറെയും ആന്റണി ഗോർഡനെയും ഇതുവരെ കളിപ്പിക്കാത്തതിനും പരിശീലകൻ പഴികേൾക്കുന്നുണ്ട്.

ചെൽസിക്കായി പാൽമറും ന്യൂകാസിലിനായി ഗോർഡനും മിന്നുന്ന പ്രകടനമാണ് നടത്തിയത്. ടീം നേരിടുന്ന ഗോൾക്ഷാമത്തിന് അറുതിവരുത്താൻ പാൽമറെ പകരക്കാരനായെങ്കിലും പരിഗണിക്കാമെന്നാണ് ആരാധകരുടെ പക്ഷം. 97 മത്സരങ്ങളിലായി ഇംഗ്ലണ്ട് സൗത്ത്‌ഗേറ്റിനു കീഴിലാണ് കളിക്കുന്നത്. 61 ജയം ടീം നേടിയിട്ടുണ്ട്.

Content Highlights: england stars and euro cup performance