വിധിയെഴുതി തൃക്കാക്കര; 68.75 ശതമാനം പോളിങ്, പ്രതീക്ഷയോടെ മുന്നണികള്‍

കൊച്ചി: ഒരു മാസത്തിലേറെ നീണ്ട ഉദ്വേഗങ്ങള്‍ക്ക് ഒടുവില്‍ വിധിയെഴുതി തൃക്കാക്കര. പോളിങ് സമയം പൂര്‍ത്തിയായപ്പോള്‍ 68.75 ശതമാനം പേര്‍ വോട്ട് ചെയ്തു. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് വോട്ടു ചെയ്തത്. ഇനി വെള്ളിയാഴ്ച വരെ ഫലം അറിയാനുള്ള കാത്തിരിപ്പാണ്.
വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ കനത്ത പോളിങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. മണ്ഡലത്തിലുടനീളം ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെട്ടത്. ഇതിനിടെ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയിലായി.
പിറവം പാമ്പാക്കുട സ്വദേശി ആല്‍വിനാണ് പിടിയിലായത്. പൊന്നുരുന്നി സ്വദേശി ടി.എം. സഞ്ജുവിന്റെ പേരിലുള്ള വോട്ട് രേഖപ്പെടുത്താനായിരുന്നു ആല്‍വിന്റെ ശ്രമം. പൊന്നുരുന്നി സ്‌കൂളില്‍ സജ്ജമാക്കിയ 66-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണത്തില്‍ ആല്‍വിനെ കടവന്ത്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
സഞ്ജു ടി.എം. എന്ന് അവകാശപ്പെട്ട ആല്‍വിനോട് പേരിനൊപ്പമുള്ള ടി.എം. എന്താണെന്ന് വിശദീകരിക്കാനും മാതാപിതാക്കളുടെ പേരു പറയാനും പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ആല്‍വിന് ഇത് ശരിയായി പറയാന്‍ കഴിഞ്ഞില്ല. ഇതോടെ എത്തിയയാള്‍ സഞ്ജു അല്ലെന്ന് പോലീസിന് ബോധ്യപ്പെടുകയായിരുന്നു. കള്ളവോട്ട് ശ്രമത്തിന് പിന്നില്‍ എല്‍.ഡി.എഫ്. ആണെന്നാണ് എന്‍.ഡി.എ, യു.ഡി.എഫ് പ്രവര്‍ത്തകരുടെയും ഏജന്റുമാരുടെയും ആരോപണം.
Content Highlights: thrikkakara by election live updates