തൃക്കാക്കരയിലെ ജനവിധിയും വോട്ടര്‍മാര്‍ നല്‍കുന്ന രാഷ്ട്രീയപാഠങ്ങളും

തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ | Photo: മാതൃഭൂമി
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ | Photo: മാതൃഭൂമി

തിരുവനന്തപുരം: തോല്‍വിയും ജയവും മുന്നണികള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നുവെന്നതാണ് തൃക്കാക്കര ജനവിധിയുടെ പാഠം. സ്ഥാനാര്‍ഥിപ്രഖ്യാപനംമുതല്‍ പ്രചാരണരീതിവരെ പതിവ് തെറ്റിച്ചുവെന്നതാണ് എല്‍.ഡി.എഫ്. നേരിടുന്ന വിമര്‍ശനം. ജനങ്ങളെ അകറ്റുന്ന സമീപനമെന്നാണ് സര്‍ക്കാരിനുനേരെ ഉയരുന്നത്. ഒരുമിച്ചുനിന്നാല്‍ രാഷ്ട്രീയഇടമുണ്ടെന്ന് കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ഈ ഫലം ബോധ്യപ്പെടുത്തുന്നു. വര്‍ഗീയ നിലപാടുകള്‍ക്ക് വോട്ടുവിഹിതം കൂട്ടാനാകില്ലെന്ന് ബി.ജെ.പി.യെ അറിയിക്കുന്നതുമാണ് തൃക്കാക്കര നല്‍കുന്ന രാഷ്ട്രീയപാഠം.

എല്‍.ഡി.എഫിന്റെ പിഴവ്

ചിട്ടയായ ആസൂത്രണവും പ്രചാരണവുമാണ് എല്‍.ഡി.എഫിന്റെ പൊതുരീതി. അതു തെറ്റിച്ചതാണ് ആദ്യപിഴവ്. ഓരോ വീട്ടുകാരെയും അറിയുന്ന പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് റോള്‍ ഇല്ലാതായി.സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പ്രചാരണ രീതിയില്‍വരെ പ്രാദേശികനേതാക്കള്‍ക്ക് ആശയക്കുഴപ്പം മാത്രമായിരുന്നു. എല്ലാം മുകളില്‍നിന്ന് നിശ്ചയിക്കുന്നരീതി വന്നു.പതിവില്ലാത്ത രീതിയില്‍ വൈദികരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചതും ഇടതുപക്ഷത്തിനൊപ്പം ഉള്ളവരെപ്പോലും ചൊടിപ്പിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഇറങ്ങി ഭരണത്തിന്റെ പ്രകടനം പ്രചാരണത്തില്‍ മുഴച്ചുനിന്നു. പരമ്പരാഗത പ്രചാരണരീതി കുറഞ്ഞു. വോട്ടര്‍മാരുടെ മനസ്സ് അറിയുന്നതിനുപകരം, അവര്‍ക്ക് വി.ഐ.പി.കളായ നേതാക്കളെ പരിചയപ്പെടുത്തുന്ന രീതിയായി മാറി.

യു.ഡി.എഫിന്റെ മികവ്

ആദ്യം അടി, പിന്നെ തീരുമാനം ഇതായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുമ്പ് കോണ്‍ഗ്രസിന്റെ രീതി. അത് മാറ്റിയെന്നതാണ് തൃക്കാക്കരയിലെ ആദ്യമാറ്റം. അപസ്വരങ്ങള്‍ ഉയര്‍ന്നെങ്കിലും ആദ്യമേ ഒതുക്കാനായി. വോട്ടുചേര്‍ക്കല്‍ മുതല്‍ സ്ലിപ്പ് വിതരണംവരെയുള്ള ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനം, പ്രചാരണ രീതിയിലെ കൃത്യത, ഓരോ ദിവസവും എതിര്‍പക്ഷത്തിന് രാഷ്ട്രീയപ്രതിരോധം തീര്‍ക്കാനുള്ള നേതാക്കളുടെ ഇടപെടല്‍ എന്നിവയിലെല്ലാം യു.ഡി.എഫിന് പ്ലാനുണ്ടായിരുന്നു.

ഒന്നിച്ചുനിന്നാല്‍ ക്രിയാ ത്മകമായി പ്രചാരണം ആസൂത്രണംചെയ്യാനും നടപ്പാക്കാനും വിജയത്തിലെത്തിക്കാനും കഴിയുമെന്നത് കോണ്‍ഗ്രസിനുള്ള വലിയ പാഠമാണ്.ന്യൂനപക്ഷങ്ങള്‍ അകന്നുപോകുന്നതിന്റെ ആശങ്ക, മുസ്ലിംവിഭാഗങ്ങള്‍ ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്നുവെന്ന തോന്നല്‍ ഇതെല്ലാം യു.ഡി.എഫിന് തെല്ലുകുറഞ്ഞു.കെ.വി. തോമസിനെപ്പോലെ മുതിര്‍ന്ന നേതാവ് മറുകണ്ടം ചാടിയപ്പോള്‍ അവഗണിച്ച് ഇല്ലാതാക്കുന്ന പരീക്ഷണം വിജയമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബോധ്യമായി.

ബി.ജെ.പി.യുടെ പതര്‍ച്ച

ജയിക്കുമെന്നു കരുതിയല്ല ബി.ജെ.പി. തൃക്കാക്കരയില്‍ ഇറങ്ങിയത്. അടിത്തറ ബലപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, അത് വിജയം കണ്ടില്ല. വിമതശബ്ദങ്ങളില്ലാതെ പ്രചാരണം നയിച്ചു.ക്രൈസ്തവവിഭാഗം മുമ്പില്ലാത്ത അടുപ്പം കാണിക്കുന്നുവെന്ന തോന്നല്‍ ബി.ജെ.പി.ക്കുണ്ട്. ഇതെല്ലാം കണക്കാക്കിയാണ് വോട്ടിലെ വളര്‍ച്ച സ്വപ്നം കണ്ടത്. ഉള്ളതും ചോര്‍ന്നുവെന്നതാണ് ഫലം.

വിദ്വേഷപ്രസംഗം നടത്തിയ പി.സി. ജോര്‍ജിന്റെ അറസ്റ്റും പിന്നാലെ അദ്ദേഹത്തെ പ്രചാരണത്തിനിറക്കിയതും വര്‍ഗീയതയ്ക്ക് എല്‍.ഡി.എഫും ബി.ജെ.പി.യും ഇടംനല്‍കിയെന്ന തോന്നല്‍ വോട്ടര്‍മാരില്‍ ഉണ്ടാക്കി.പി.സി. ജോര്‍ജിനെ ഏറ്റെടുത്തത് ക്രൈസ്തവ വിഭാഗത്തെ യു.ഡി.എഫിലേക്ക് അടുപ്പിച്ചു.ബി.ജെ.പി.ക്ക് രാഷ്ട്രീയസ്വാധീനമില്ലാത്ത മണ്ഡലത്തില്‍ അവരുടെ സര്‍ക്കാര്‍വിരുദ്ധ പ്രചാരണ ത്തിന്റെ ഗുണഭോക്താക്കളായി യു.ഡി.എഫ്. മാറി.

Content Highlights: thrikkakkara, election results, udf,ldf,nda