തൃക്കാക്കരയിലെ തോല്‍വിയും ഭൂരിപക്ഷവും പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കണം- സി.കെ മണിശങ്കര്‍

കൊച്ചി: പഴുതടച്ച പ്രചാരണവും ഏകോപനവും നടത്തിയിട്ടും തൃക്കാക്കരയില്‍ യു.ഡി.എഫ്. വന്‍ ഭൂരിപക്ഷം നേടിയതെങ്ങനെയെന്ന് പാര്‍ട്ടി പരിശോധിക്കണമെന്ന് മുന്‍ സിപിഎം. നേതാവ് സി.കെ. മണിശങ്കര്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലെ തോല്‍വിയില്‍ നടപടി നേരിട്ട നേതാവാണ് മണിശങ്കര്‍. പ്രചാരണത്തിലും ഏകോപനത്തിലും വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയായിരുന്നു മണിശങ്കറിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. ഇത്തവണ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ തോല്‍വിയുടെ കാരണം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടിയില്‍ എത്രയും വേഗം തിരിച്ചെത്തണമെന്ന തന്റെ ആഗ്രഹിം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. 2021ല്‍ ഡോക്ടര്‍ ജെ.ജേക്കബ് 14,000ത്തോളം വോട്ടുകള്‍ക്കാണ് പി.ടി തോമസിനോട് പരാജയപ്പെട്ടത്. അന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെയാണ് മണിശങ്കര്‍ നടപടി നേരിട്ടത്. ഇത്തവണ 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ്. വിജയിച്ചത്. കഴിഞ്ഞ തവണ പൊതു തിരഞ്ഞെടുപ്പാണ് നടന്നത്. 13,897 വോട്ടുകള്‍ ട്വന്റി ട്വന്റി നേടിയിരുന്നു. ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന സാബു ജേക്കബിന്റെ തീരുമാനം തന്നെ സര്‍ക്കാരിനെതിരെയുള്ളതായിരുന്നു- അദ്ദേഹം പറഞ്ഞു.
ട്വന്റി-ട്വന്റി, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുടെ വോട്ട് യു.ഡി.എഫിന് കിട്ടി. ഇത് ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. അതുകൊണ്ടാണ് വലിയ ഭൂരിപക്ഷത്തിലേക്കും വോട്ട് വിഹിതത്തിലേക്കും യു.ഡി.എഫ്. എത്തിയത്. കഴിഞ്ഞ തവണ തോറ്റതിന്റെ പേരിലായിരുന്നില്ല തനിക്കെതിരായ നടപടി. പ്രചാരണത്തിലും, ഏകോപനത്തിലും ഫണ്ട് ശേഖരണത്തിലും ഗുരുതരമായ വീഴ്ചയുണ്ടെന്ന് താന്‍ കൂടി അംഗീകരിച്ചതിന്റെ പേരിലായിരുന്നു അന്ന് മണ്ഡലം സെക്രട്ടറിയായിരുന്ന തനിക്കെതിരെ നടപടിയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തവണ തൃക്കാക്കരയില്‍ പ്രചാരണത്തിലോ സംഘാടനത്തിലോ ഏകോപനത്തിലോ ഒരു വീഴ്ചയുണ്ടായതായി കരുതുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെന്നും സി.ഐ.ടി.യു. ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം കൂടിയായ മണിശങ്കര്‍ പറയുന്നു.
Content Highlights: thrikkakkara, ck manishankar, ldf