കളളവോട്ടിന് ശ്രമിച്ചയാള്‍ കസ്റ്റഡിയില്‍; നടപടി കോണ്‍ഗ്രസിന്റെയും എന്‍ഡിഎയുടെയും പരാതിക്കു പിന്നാലെ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍. പിറവം പാമ്പാക്കുട സ്വദേശി ആല്‍വിനാണ് പിടിയിലായത്. പൊന്നുരുന്നി സ്വദേശി ടി.എം. സഞ്ജുവിന്റെ പേരിലുള്ള വോട്ട് രേഖപ്പെടുത്താനായിരുന്നു ആല്‍വിന്റെ ശ്രമം.
പൊന്നുരുന്നി സ്‌കൂളില്‍ സജ്ജമാക്കിയ 66-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണത്തില്‍ ആല്‍വിനെ കടവന്ത്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്‍.ഡി.എയുടെയും കോണ്‍ഗ്രസിന്റെയും ബൂത്ത് ഏജന്റുമാരാണ് സഞ്ജു സ്ഥലത്തില്ലെന്നും കാനഡയിലാണെന്നും എത്തിയയാള്‍ മറ്റാരോ ആണെന്നും വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സഞ്ജു ടി.എം. എന്ന് അവകാശപ്പെട്ട ആല്‍വിനോട് പേരിനൊപ്പമുള്ള ടി.എം. എന്താണെന്ന് വിശദീകരിക്കാനും മാതാപിതാക്കളുടെ പേരു പറയാനും പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ആല്‍വിന് ഇത് ശരിയായി പറയാന്‍ കഴിഞ്ഞില്ല. ഇതോടെ എത്തിയയാള്‍ സഞ്ജു അല്ലെന്ന് പോലീസിന് ബോധ്യപ്പെടുകയായിരുന്നു.
കള്ളവോട്ട് ശ്രമത്തിന് പിന്നില്‍ എല്‍.ഡി.എഫ്. ആണെന്നാണ് എന്‍.ഡി.എ, യു.ഡി.എഫ് പ്രവര്‍ത്തകരുടെയും ഏജന്റുമാരുടെയും ആരോപണം. ബൂത്ത് എജന്റുമാര്‍ ചലഞ്ച് ചെയ്തപ്പോള്‍ പോലീസ് ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
Content Highlights: one taken into custody for bogus voting in thrikkakara