മരിച്ച ജനപ്രതിനിധിയുടെ ഭാര്യയോ മക്കളോ ഉപതിരഞ്ഞെടുപ്പില്‍ തോറ്റ ചരിത്രമില്ല - എം. സ്വരാജ്

കൊച്ചി: തൃക്കാക്കരയിലെ ജനവിധി പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നതായി സിപിഎം നേതാവ് എം സ്വരാജ്. ഇടതുമുന്നണിക്ക് എളുപ്പത്തില്‍ ജയിക്കാവുന്ന ഒരു മണ്ഡലമായിരുന്നില്ല തൃക്കാക്കരയെന്നും പരാജയം പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തില്‍ നിയമസഭാംഗമായ ഒരാള്‍ മരിച്ചുപോയാല്‍ ഉപതിരഞ്ഞെടുപ്പില്‍ മരിച്ചയാളുടെ ഭാര്യയോ മക്കളോ മത്സരിച്ചാല്‍ അവരൊന്നും തോറ്റ ചരിത്രമില്ല. ഇത്തവണ തൃക്കാക്കരയില്‍ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞ് ഈ ചരിത്രം തിരുത്താനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. എന്നാല്‍ ജനങ്ങളുടെ മുഖ്യപരിഗണനാ വിഷയമായി എല്‍ഡിഎഫ് മുന്നോട്ടുവച്ച വികസന രാഷ്ട്രീയം മാറിയിട്ടില്ലെന്നാണ് തോന്നുന്നതെന്നും സ്വരാജ് പറഞ്ഞു.
രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമായതും സംഭവിക്കാം. ഇതുവരെ എല്‍ഡിഎഫിന് ജയിക്കാനാകാത്ത മണ്ഡലമാണിത്. തോറ്റെങ്കിലും എല്‍ഡിഎഫിന് മണ്ഡലത്തില്‍ വോട്ടുകള്‍ കുറഞ്ഞിട്ടില്ല. കേരളത്തില്‍ 99 സീറ്റില്‍ തോറ്റ് നില്‍ക്കുന്ന കൂട്ടരാണ് കോണ്‍ഗ്രസ്. തൃക്കാക്കരയിലെ പരാജയപ്പെട്ടെന്ന് കരുതി എല്‍ഡിഎഫ് വികസന രാഷ്ട്രീയം ഉപേക്ഷിക്കില്ല. പാര്‍ട്ടി ഉള്‍ക്കൊള്ളേണ്ട കാര്യങ്ങളുണ്ടെങ്കില്‍ അവയെല്ലാം ഉള്‍ക്കൊള്ളും. ജനങ്ങളുടെ പിന്തുണ ആര്‍ജിക്കുന്നതിനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ.വി തോമസിന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുത വിറ്റ് പ്രതിഷേധിച്ചതിലൂടെ കോണ്‍ഗ്രസ് അവരുടെ സംസ്‌കാരമാണ് പ്രകടിപ്പിച്ചതെന്നും സ്വരാജ് വിമര്‍ശിച്ചു. ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്നയാളാണ് കെ.വി തോമസ്. അദ്ദേഹം വ്യത്യസ്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ ഈ വിധത്തിലാണോ ആക്ഷേപിക്കേണ്ടതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പരിശോധിക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.
Content Highlights: m swaraj's statement after thrikkakara bypoll defeat