മുണ്ടുടുത്ത മോദിയുടെ ധാര്‍ഷ്ട്യത്തിന് തൃക്കാക്കരയിലെ ജനങ്ങളുടെ ഉറച്ച മറുപടിയെന്ന് ജയ്റാം രമേഷ്

ജയ്‌റാം രമേഷ്,പിണറായി വിജയന്‍
ജയ്‌റാം രമേഷ്,പിണറായി വിജയന്‍

ന്യൂഡല്‍ഹി: തൃക്കാക്കരയിലെ കോണ്‍ഗ്രസ് വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുനേരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയ്റാംരമേഷ്.

മുണ്ടുടുത്ത മോദിയുടെ ധാര്‍ഷ്ട്യത്തിനും അദ്ദേഹത്തിന്റെ അരുമയായ കെ-റെയില്‍ പദ്ധതിക്കുമെതിരേയുള്ള തൃക്കാക്കരയിലെ ജനങ്ങളുടെ ഉറച്ച മറുപടിയാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും അഹങ്കാരത്തിനും ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീതാണ് തൃക്കാക്കരയില്‍ കണ്ടതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്നുവരെ കാണാത്തരീതിയില്‍ ഭരണസംവിധാനം മുഴുവന്‍ ദുരുപയോഗം ചെയ്ത് പ്രചാരണംനയിച്ച മുഖ്യമന്ത്രി പരാജയത്തിന്റെ ഉത്തരവാദിത്വംകൂടി ഏറെടുക്കണം. വികസനത്തിന്റെപേരില്‍ സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പുകളെ ജനം തിരസ്‌കരിച്ചുവെന്നതിന് തെളിവാണ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനുള്ള താക്കീത്, രാജി ആവശ്യപ്പെടില്ല -വി.ഡി. സതീശന്‍

സര്‍ക്കാരിനുള്ള താക്കീതാണ് ഈ വിജയം. തൃക്കാക്കര മിനികേരളമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ മിനികേരളം വിധിയെഴുതിയപ്പോള്‍ തുടര്‍ഭരണത്തിലൂടെയുണ്ടായ അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും രണ്ടുകൊമ്പുകള്‍ പിഴുതുമാറ്റി. സര്‍ക്കാരിന്റെ രാജിയൊന്നും ആവശ്യപ്പെടില്ല.

ക്യാപ്റ്റന്‍ നിലംപരിശായി -കെ. സുധാകരന്‍

ഇത് കേരളത്തിന്റെ ജനഹിതമാണ്. പിണറായി വിജയന്‍ ദുര്‍ബലമായ ഇടതുമുന്നണിയുടെ നേതാവായി മാറി. ക്യാപ്റ്റന്‍ നിലംപരിശായി. തിരഞ്ഞെടുപ്പുഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്നാണ് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി മുഹമ്മദ് റിയാസുമൊക്കെ തിരഞ്ഞെടുപ്പുവേളയില്‍ പറഞ്ഞത്. ഈസാഹചര്യത്തില്‍ മുഖ്യമന്ത്രി ജനഹിതം മാനിച്ച് രാജിവെക്കുമോ.


നൂറുതികയ്ക്കാമെന്ന മോഹം തകര്‍ന്നു -ഉമ്മന്‍ചാണ്ടി

നൂറുതികയ്ക്കാമെന്ന മുഖ്യമന്ത്രിയുടെ മോഹം തകര്‍ന്നുവീണു. സര്‍ക്കാരിനെ തിരുത്താനുള്ള ജനങ്ങളുടെ വ്യഗ്രതയാണ് ഈ തിരഞ്ഞെടുപ്പിലൂടെ കണ്ടത്.

ഇത് ഗതിനിര്‍ണയസൂചിക -വി.എം. സുധീരന്‍

:അധികാരദുര്‍വിനിയോഗത്തിനും അവസരവാദരാഷ്ട്രീയത്തിനും കനത്തപ്രഹരമേല്‍പ്പിച്ച ഈ വിജയം കേരളരാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയസൂചികയാണ്.

സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി -രമേശ് ചെന്നിത്തല

പിണറായിസര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ജാതിയും മതവും പറഞ്ഞ് മന്ത്രിമാര്‍ വീടുകളില്‍ കയറിയിറങ്ങിയിട്ടും കാര്യമുണ്ടായില്ല.

ഭരണം മോശം -പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തിലെ ഇടതുഭരണം മോശമാണെന്ന് ജനം വിലയിരുത്തി. യു.ഡി.എഫ്. നിലനിന്നുകാണാന്‍ ജനം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് തൃക്കാക്കര ഫലം.

Content Highlights: jairam ramesh criticism pinarayi vijayan