അറിവിന് മധുരം പുരട്ടിയ എന്റെ പ്രിയപ്പെട്ട അധ്യാപകർ

Gooood Mooorninggg Teacherrrr..എന്ന് നീട്ടി പറഞ്ഞിരുന്ന കാലത്തിൽ നിന്നും, ഒറ്റ സ്വരത്തിൽ കൃത്യമായി അത് പറയുന്ന ഇന്നിൽ എത്തിനിൽക്കുമ്പോൾ,
മാറ്റം വന്നത് ഉച്ചാരണ ശൈലിയിൽ മാത്രമാണ്. അതിന് പിന്നിൽ ഒളിപ്പിച്ചുവച്ചിരുന്ന സ്നേഹത്തിനും ബഹുമാനത്തിനും അന്നും ഇന്നും മാറ്റമേതുമില്ല.
നിറകണ്ണുകളോടെ തുടങ്ങിയ വിദ്യാലയജീവിതം അവസാനിച്ചതും അങ്ങനെ തന്നെയായിരുന്നു. അതിനുകാരണം അത്രയും കാലം നമ്മോടൊപ്പം പഠിച്ചവരെയും അതിലുപരി സ്വന്തം കുഞ്ഞിനെ പോലെ ഞങ്ങളെ നോക്കിയ അധ്യാപകരെയും വിട്ടുപിരിയുന്നതുകൊണ്ടാണ്.
ഹോംവർക്കുകളും, പ്രൊജക്റ്റുകളും, ക്ലാസ്സ് ടെസ്റ്റും അങ്ങനെ ഒരു വിദ്യാർത്ഥിയുടെ പേടി സ്വപ്നമായ ഇവയെല്ലാം നൽകുന്ന ഒരാൾ മാത്രമാണ് അധ്യാപകൻ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ അതിനെല്ലാം അപ്പുറം ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഒരു അധ്യാപകനുള്ള പ്രാധാന്യം ഞാൻ മനസ്സിലാക്കി.
ഒരു അരയന്നം പാലും വെള്ളവും വേർതിരിച്ച് ഭക്ഷിക്കുമെന്ന് പറയുമ്പോലെ ഒരു വിദ്യാർത്ഥിയെ അവന് വേണ്ടതും വേണ്ടാത്തതും തമ്മിൽ തിരിച്ചറിയാനും നല്ലത് സ്വായത്തമാക്കാനും പ്രാപ്തനാക്കുന്നത് അധ്യാപകനാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെ കുറച്ചുപേർ എന്റെ ജീവിതത്തിലുമുണ്ട്. അല്ല, എല്ലാവരുടെയും ജീവിതത്തിലുണ്ട്. അറിവിലൂടെ വഴികാട്ടിയും, ശകാരിച്ചും, സ്നേഹിച്ചും, തളർച്ചയിൽ നിന്ന് കൈപിടിച്ചുയർത്തിയും ഇന്ന് കാണുന്ന നമ്മളായി മാറ്റിയത് അവരാണ്. അതുകൊണ്ട് അധ്യാപക ദിനം എന്ന ഒറ്റ ദിവസത്തേക്ക് മാത്രം ചുരുക്കാൻ സാധിക്കുന്നതല്ല അവരോടുള്ള കടപ്പാട്.
ബിരുദ പഠനത്തിനായി ഞാൻ തിരഞ്ഞെടുത്ത വിഷയം ജേർണലിസമാണ്. എന്നിൽ അങ്ങനെ ഒരു കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞതും, അതിനെ പരിപോഷിപ്പിക്കാനായി വേണ്ട സഹായങ്ങൾ നൽകിയതും എന്റെ അധ്യാപകരാണ്. സ്കൂളിനായി തന്നെ ഒരു വാർത്താ ചാനൽ ഒരുക്കാനും, മാഗസീൻ, പത്രം എന്നിവ നിർമ്മിക്കാനും എന്റെ അധ്യാപകർ എനിക്ക് അവസരം നൽകി.
അവരിലൂടെ ഞാൻ ഇതുവരെയെത്തി. ഇനിയും അനേകം പിന്നിടാനുണ്ട്. ആ യാത്രയിൽ ഇനിയും ഒരുപാടുപേരുടെ ശിക്ഷണം ലഭിച്ചേക്കാം എങ്കിലും എന്നെ ഞാൻ ആക്കിയത് എന്റെ വിദ്യാലയത്തിലെ അധ്യാപകർ തന്നെയാണ്. ചെറിയ ചെറിയ തെറ്റുകളൊക്കെ പറ്റുമ്പോഴും സ്നേഹത്തോടെ അത് തിരുത്തി ചേർത്തു പിടിച്ചതും അവരാണ്.
എന്റെ അധ്യാപകർ...ലോകമെമ്പാടുമുള്ള എല്ലാ അധ്യാപകർക്കും എന്റെ ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ....
Content Highlights: teachers 'day 2022, mathrubhumi, teachers day, latest news, malayalam