കൊച്ചിയിൽ കാലിക്കറ്റിന്റെ ആറാട്ട്; അജ്സലിന് ഹാട്രിക്

കൊച്ചി: സൂപ്പര്‍ ലീഗ് കേരളയില്‍ ഫോഴ്‌സ കൊച്ചിയെ ഗോളില്‍ മുക്കി കാലിക്കറ്റ് എഫ്‌സി. മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ ആറ് ഗോളുകള്‍ക്കാണ് കാലിക്കറ്റിന്റെ ജയം. കൊച്ചിയുടെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്.

മുഹമ്മദ് അജ്‌സല്‍ നേടിയ ഹാട്രിക്കാണ് കാലിക്കറ്റിന് വന്‍ ജയമൊരുക്കിയത്. ക്യാപ്റ്റന്‍ പ്രശാനന്ത് രണ്ട് ഗോളും നേടി. കൊച്ചിയുടെ രണ്ട് ഗോളുകളും നേടിയത് ഡച്ച് താരം റൊണാള്‍ഡ് വാന്‍ കെസലാണ്.

19-ാം മിനിറ്റില്‍ മുഹമ്മദ് അജ്‌സല്‍ ആദ്യ ഗോള്‍ നേടി കാലിക്കറ്റിന്റെ വേട്ടയ്ക്ക് തുടക്കമിട്ടു. ക്യാപ്റ്റന്‍ പ്രശാന്ത് നല്‍കിയ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. 34-ാം മിനിറ്റില്‍ അജ്‌സല്‍ വീണ്ടും ഗോള്‍ നേടി കാലിക്കറ്റിന്റെ ലീഡുയര്‍ത്തി.

ഇത്തവണ ആസിഫാണ് അസിസ്റ്റ് നല്‍കിയത്. 40-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ പ്രശാന്തിന്റെ ആദ്യ ഗോളെത്തി. ആദ്യപകുതി അവസാനിക്കാനിരിക്കേ, അജ്‌സല്‍ ഒരു ഗോള്‍കൂടി നേടിക്കും ടീമിന്റെ നാലാം ഗോളും പിറന്നു.

69-ാം മിനിറ്റിലാണ് കൊച്ചിയുടെ ആദ്യ ആശ്വാസ ഗോളെത്തിയത്. റൊണാള്‍ഡ് വാന്‍ കെസല്‍ ബോക്‌സിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഇന്‍ജുറി സമയത്ത് വാന്‍ കെസല്‍ ഗോള്‍ നേട്ടം രണ്ടാക്കി ടീമിന്റെ പരാജയത്തിന്റെ ആഘാതം കുറച്ചു. ഇതിനിടെ 84-ാം മിനിറ്റില്‍ സിന്‍ലെന്‍ ഡെങ്കല്‍ കാലിക്കറ്റിനായി അഞ്ചാം ഗോള്‍ നേടിയിരുന്നു.

കളിയവസാനിക്കാന്‍ രണ്ടുമിനിറ്റ് ബാക്കിനില്‍ക്കേ, പ്രശാന്തിന്റെ രണ്ടാംഗോളുമെത്തി. ഇതോടെ 6-2 എന്ന നിലയില്‍ കൊച്ചി തകര്‍ന്നടിയുകയായിരുന്നു.

Content Highlights: Calicut FC Dominates Force Kochi in Six-Goal Super League Thriller