സന്തോഷ് ട്രോഫി; ഒഡിഷയ്‌ക്കെതിരേ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം

പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കലിംഗയുടെ മണ്ണില്‍ ജീവന്മരണപ്പോരാട്ടത്തിനാണ് കേരളം ഇറങ്ങുന്നത്. തോല്‍വിയോ സമനിലയോ പുറത്തേക്കുള്ള വാതില്‍തുറക്കും. മുന്നിലുള്ളത് ആതിഥേയരായ ഒഡിഷയും. സന്തോഷ് ട്രോഫി ഫുട്ബോളില്‍ വെള്ളിയാഴ്ച കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്നത് ഇരുടീമുകളുടെയും നിലനില്‍പ്പിന്റെ യുദ്ധംകൂടിയാണ്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് കിക്കോഫ്.
പോരാട്ടവീര്യം
മഹാരാഷ്ട്രയ്‌ക്കെതിരേ ആദ്യപകുതിയില്‍ 4-1ന് പിന്നിലായിട്ടും രണ്ടാംപകുതിയില്‍ മൂന്നുഗോള്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. രണ്ടാംപകുതിയില്‍ മികച്ച പാസിങ് ഗെയിമാണ് ടീം പുറത്തെടുത്തത്.
ആദ്യഇലവനില്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മുന്നേറ്റത്തില്‍ റിസ്വാന്‍ അലി-വൈശാഖ് മോഹന്‍ സഖ്യം തുടരും.
എന്നാല്‍, മധ്യനിരയില്‍ അര്‍ജുന്‍ തുടക്കംമുതല്‍ കളിക്കാനാണ് സാധ്യത. സെന്‍ട്രന്‍ ഡിഫന്‍സില്‍ സഞ്ജുവിനെ കളിപ്പിച്ച് വിങ്ബാക്കായി ബെല്‍ജിനെ ഇറക്കാനും പരിശീലകന്‍ തയ്യാറായേക്കും. മുന്നേറ്റനിരതാരം ജോണ്‍പോള്‍ ജോസിനും വിങ് ബാക്ക് സച്ചുസിബിക്കും പരിക്കേറ്റത് ടീമിന് തിരിച്ചടിയാണ്.
കണക്കിന്റെ കളി
കേരളത്തിനും ഒഡിഷയ്ക്കും ഒരുപോലെ നിര്‍ണായകമാണ് മത്സരം. ജയിക്കുന്ന ടീമിന് മുന്നോട്ടുപോകാം. തോല്‍ക്കുന്ന ടീം പുറത്താകും. സമനിലയും ഇരുടീമിനും ഗുണകരമാകില്ല. ഇരുടീമുകള്‍ക്കും നാലുപോയന്റ് വീതമാണുള്ളത്. കേരളത്തിന് അവസാനറൗണ്ടില്‍ പഞ്ചാബും ഒഡിഷയ്ക്ക് കര്‍ണാടകയുമാണ് എതിരാളി. പഞ്ചാബിനോട് തോറ്റതാണ് ഒഡിഷയ്ക്ക് തിരിച്ചടിയായത്. ദേശീയ ഗെയിംസില്‍ ഒഡിഷയെ കേരളം തോല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ആതിഥേയര്‍ മെച്ചപ്പെട്ടിട്ടുണ്ട്. അതിവേഗ ഗെയിമാണ് അവര്‍ പുറത്തെടുക്കുന്നത്.
Content Highlights: Santosh Trophy 2023 crucial match for Kerala against Odisha today