ഓരോ മണിക്കൂർ ഇടവിട്ട് വെള്ളം മാറ്റും, സജീവമായി ഭസ്മക്കുളം

ഭസ്മക്കുളത്തിൽ കുളിക്കുന്ന അയ്യപ്പഭക്തർ
ഭസ്മക്കുളത്തിൽ കുളിക്കുന്ന അയ്യപ്പഭക്തർ

ശബരിമല: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം സന്നിധാനത്തെ ഭസ്മക്കുളം സജീവമായി. ധാരാളം ഭക്തജനങ്ങളാണ് തൊഴുതുകഴിഞ്ഞശേഷം കുളിക്കാനും ആചാരത്തിന്റെ ഭാഗമായും ഭസ്മക്കുളത്തിലെത്തുന്നത്. പതിനെട്ടാംപടി കയറി അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും തൊഴുതശേഷം ആണ് ഭക്തർ ഇവിടെയെത്തുക.

സോപ്പോ, എണ്ണയോ ഉപയോഗിക്കാതെ ഭസ്മക്കുളത്തിൽ കുളിച്ചശേഷം തിരികെപ്പോയി നെയ്യഭിഷേകം നടത്തുന്നവരും ഒട്ടേറെയാണ്. ശബരിമലയിൽ ശയനപ്രദക്ഷിണ നേർച്ചയുള്ളവരും ഭസ്മക്കുളത്തിലെ സ്നാനത്തിനുശേഷം നേർച്ച നിർവഹിക്കാനായി പോകുന്നുണ്ട്. ശരീരമാസകലം ഭസ്മം പൂശി സ്‌നാനത്തിനെത്തുന്ന അയ്യപ്പഭക്തന്മാർ ഭസ്മക്കുളത്തിലെ പതിവുകാഴ്ചയാണ്. ഭസ്മക്കുളത്തിലെ വെള്ളം ഓരോ മണിക്കൂർ ഇടവിട്ട്‌ ഒഴുക്കിക്കളയും. ടാങ്കിൽനിന്ന് പുതിയ വെള്ളം നിറയ്ക്കുകയും ചെയ്യുന്നുണ്ട്.

ഭക്തരിൽ ചിലരെങ്കിലും വസ്ത്രങ്ങളും മറ്റും കുളത്തിൽ ഉപേക്ഷിക്കുന്ന തെറ്റായ പ്രവണതയുണ്ടെന്നും ഇത് പൂർണമായും ഒഴിവാക്കണമെന്നും ഇവിടെ സുരക്ഷാ ജോലിയിലുള്ള പോലീസുകാർ അഭ്യർഥിച്ചു. ഒരേസമയം മൂന്നുപോലീസുകാരും അഞ്ച് ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാരും ഇവിടെയുണ്ട്. കൂടാതെ അഞ്ച് ലൈഫ്‌ബോയ് ട്യൂബുകൾ, 10 ലൈഫ് ജാക്കറ്റുകൾ, സ്ട്രക്ചർ എന്നിവയും സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.

വർഷങ്ങൾക്കുമുമ്പ് സന്നിധാനത്തെ ഫ്ളൈ ഓവറിന് സമീപമായിരുന്നു കുളം. പിന്നീട് തീർഥാടകത്തിരക്ക് വർധിച്ചതോടെ ഭക്തരുടെ സൗകര്യാർഥം ശ്രീകോവിലിന് പിൻഭാഗത്ത് താഴെയായി ജലരാശി കണ്ടെത്തി മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ മാളികപ്പുറത്തുനിന്ന്‌ 100 മീറ്റർ അകലെയാണ് കുളം. നാലുവശവും കൽപ്പടവുകളാൽ നിർമിതമായതും നടുക്ക് കരിങ്കൽ പാകിയതുമാണ് ഭസ്മക്കുളം. ഭസ്മക്കുളത്തിൽ മുങ്ങിക്കുളിച്ച് സന്നിധാനത്ത് ശയനപ്രദക്ഷിണം നടത്തിയാൽ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വസിച്ചുപോരുന്നത്.

Content Highlights: sabarimala 2022