വലിയ നടപ്പന്തലിൽ സ്റ്റീൽകുപ്പികളിൽ കുടിവെള്ളവിതരണം

ശബരിമല: പുതുതായി എത്തിച്ച 500 സ്റ്റീൽ കുപ്പികളിൽ വലിയ നടപ്പന്തലിൽ അയ്യപ്പഭക്തർക്ക് ഔഷധവെള്ള വിതരണം തുടങ്ങി. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പരിപാടിക്ക് തുടക്കം കുറിച്ചു. എക്‌സിക്യുട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസർ, മറ്റ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, അയ്യപ്പസേവാ സംഘം പ്രവർത്തകർ എന്നിവർ പങ്കാളികളായി.
ശബരിമലയിൽ തിരക്ക് വർധിച്ചത് കാരണം വലിയ നടപ്പന്തലിൽ ക്യൂനിൽക്കുന്ന ഒമ്പത് വരികൾക്കിടയിൽ രണ്ടെണ്ണം ഒഴിച്ചിട്ടിട്ടുണ്ട്.രണ്ട് വശങ്ങളിലൂടെയും ഒഴിച്ചിട്ട വരിയിലൂടെ കുടിവെള്ളം വിതരണംചെയ്യും. വരികൾക്കിടയിലുള്ള ഭക്തർക്കും കുടിവെള്ളം എത്തിക്കാൻ സ്റ്റീൽ കുപ്പിയിൽ വെള്ളം നൽകുന്നതിലൂടെ സാധിക്കും.പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കാനാണ് സ്റ്റീൽ കുപ്പികൾ തിരഞ്ഞെടുത്തത്. വെള്ളം കുടിച്ചശേഷം ഉടൻ കുപ്പിവെള്ളം മറ്റുള്ള ഭക്തർക്ക് നൽകാം. കാലിയായ മുറയ്ക്ക് തിരിച്ചേൽപ്പിക്കുകയുംചെയ്യും.
തിരക്ക് വർധിച്ചതോടെ ഭക്തർക്കെല്ലാം ദാഹജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സന്നിധാനത്തേക്കുള്ള വഴിയിലും സന്നിധാനത്ത് വിവിധ സ്ഥലങ്ങളിലും ഔഷധവെള്ളം ലഭ്യമാക്കുന്നുണ്ട്.കോവിഡ് രൂക്ഷമായ 2020-ലെ തീർഥാടനകാലത്ത് സ്റ്റീൽകുപ്പികളിൽ കുടിവെള്ളം നൽകിയിരുന്നു.മുൻകൂറായി 100 രൂപ അടച്ച് വാങ്ങിയിരുന്ന സ്റ്റീൽകുപ്പി തിരിച്ചേൽപ്പിച്ച് തുക തിരികെ വാങ്ങാൻ സാധിച്ചിരുന്നു.
Content Highlights: sabarimala 2022