ഓർമകൾക്ക് ശർക്കരപ്പായസത്തിന്റെ രുചി, അരഞ്ഞ മൈലാഞ്ചിയുടെ മണം, ദാരിദ്ര്യത്തിന്റെ നിറം

#മൈന ഉമൈബാൻ
പ്രതീകാത്മക ചിത്രം | AFP
പ്രതീകാത്മക ചിത്രം | AFP

ഹൈറേഞ്ചുകാരിയാണ് ഞാൻ. തൊട്ടുമുൻപത്തെ തലമുറയിൽനിന്നു തുടങ്ങുന്ന സാംസ്കാരിക പാരമ്പര്യമേ ഞങ്ങളുടെ നാടിനുള്ളൂ. തെക്കൻ കേരളത്തിലെ പലയിടങ്ങളിൽനിന്ന് കുടിയേറി വന്നവർ. അതുകൊണ്ടൊക്കെയാവണം, പെരുന്നാളിനെക്കുറിച്ച് അത്ര നിറം പിടിച്ച ഓർമകളൊന്നുമില്ല.

മണ്ണെണ്ണ വിളിക്കിന്റെ വെട്ടത്തിലേക്ക് കൈനീട്ടിപ്പിടിച്ച് മൈലാഞ്ചിയിടാൻ ഇരിക്കുന്ന ചിത്രമാണ് കുട്ടിക്കാലത്തെ പെരുന്നാളോർമ്മ. എങ്ങനെ അരച്ച മൈലാഞ്ചിയാണെങ്കിലും കൊമ്പും കോലും തടയും. ആ തടച്ചിലിൽനിന്ന് നല്ലോണം അരഞ്ഞത് ഈർക്കിലിൽ കുത്തിയെടുക്കും. കിടക്കാൻ നേരത്ത് ഐഷാബിയമ്മച്ചി (അത്തയുടെ അമ്മ) പറയും. ‘പൊതപ്പേലൊക്കെ ആകും കുഞ്ഞുങ്ങളെ.... കഴുകിക്കളഞ്ഞിട്ട് കെടക്ക്...’

ബിരിയാണിയും നെയ്‌ച്ചോറും അങ്ങോട്ടേക്കു പതിവില്ല. തേങ്ങാച്ചോറാണ്. പായസത്തിനും തേങ്ങാച്ചോറിനുമുള്ള തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുക്കും പെണ്ണുങ്ങൾ. മുറ്റത്ത് അടുപ്പുണ്ടാക്കി ചോറു വെയ്ക്കുന്നത് മുറുക്കുന്നത്തയാണ് (പിതാമഹൻ). മുറുക്കുന്നത്തയുടെ തേങ്ങാച്ചോറിന്റെയും അമ്മച്ചിയുടെ അരിയും ചെറുപയർപരിപ്പും ചേർത്തുവെച്ച ശർക്കരപ്പായസത്തിന്റെയും രുചിയാണ് പെരുന്നാളിന്.

അടുത്തെങ്ങും കോടി എടുത്തിട്ടില്ലെങ്കിൽ എടുക്കും. കിട്ടിയാൽ കിട്ടി. അത്രയേ ഉള്ളൂ. ഉള്ളതിൽ പുതിയത് ഇട്ടു മുഷിക്കാതെ വെച്ചിട്ടുണ്ടാവും. അതിടും.

നാട്ടിൽ പൊതുവേ അങ്ങനെയാണ്. അധികവും കൂലിവേലക്കാർ. കടയിൽപ്പോയി തിരഞ്ഞെടുത്തു വാങ്ങാനും പലരും മിനക്കെടാറില്ല. കുടുംബാഗംങ്ങൾക്ക് മുഴുവൻ കോടിയെടുക്കാനുള്ള പണം ഒരിക്കലുമുണ്ടാവില്ല. അണ്ണാച്ചിമാർ മലകയറി കൊണ്ടുവരുന്ന കെട്ടുതുണിയാണ് പലരും വാങ്ങുന്നത്. അതിന് തവണ വ്യവസ്ഥയിൽ ആഴ്ചയിലൊരിക്കൽ പൈസ കൊടുത്താൽ മതി.

അമ്മച്ചിക്ക് ജോലി ദൂരയായതുകൊണ്ട് ഞങ്ങൾ മക്കൾ മുറുക്കുന്നത്തയുടെയും ഐഷാബിയമ്മച്ചിയുടെയും കൂടെയാണ് ജീവിതം. പെരുന്നാളിന് എല്ലാവരും ഒത്തുകൂടുന്നു എന്നതാണ് പ്രത്യേകത.

അമ്മായിമാരും മക്കളുമൊക്കെ വരും അതും എപ്പോഴുമൊന്നുമില്ല.

ഓർമകളെക്കുറിച്ച് എഴുതാൻ പറയുന്നിടത്ത്, മറവിയെക്കുറിച്ച് പറയേണ്ടിവരുന്ന വിരോധാഭാസത്തെ ഓർത്ത് വീണ്ടും ചിന്തിക്കുന്നു ഈ നിമിഷം. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ്. മുറുക്കുന്നത്ത മുഴുവൻസമയ രോഗിയായി കഴിഞ്ഞിരുന്നു. ഇടക്കിടെ മറവി, നടക്കാൻ വയ്യായ്ക, ക്ഷീണം. അത്തവണ പെരുന്നാളിന് ഞങ്ങൾ പേരക്കിടാങ്ങൾ മാത്രം അവർക്കൊപ്പം.

മുറുക്കുന്നത്ത പെരുന്നാളിന് പള്ളിയിൽ പോകണമെന്ന് നിർബന്ധം പിടിച്ചു. പുഴകടന്ന്, ചെറിയ പാറകേറി, റോഡിലൂടെ ഒരു കിലോമീറ്ററോളം എങ്ങനെ പോകും? പുഴയിൽ കുളിക്കണമെന്നും നിർബന്ധം. കുളികഴിഞ്ഞ് എങ്ങനെപോകും പള്ളിയിൽ...’ നടക്കാൻവയ്യാത്ത ആളാണ്. ഇന്നത്തെപ്പോലെ റോഡിൽ കയറിയാൽ ഓട്ടോറിക്ഷകിട്ടുന്ന കാലമല്ല. എന്നിട്ടും പള്ളിയിലേക്ക് നടന്നു. ഇളംനീല ജൂബയും ഡബിൾമുണ്ടും തോളിൽ നേര്യതുമിട്ട്... സഹായിയായി ഞാനും.

പള്ളി എത്തുന്നതുവരെ പലയിടത്തും ഇരുന്നും നിന്നുമാണ് പോയത്. എല്ലാവർക്കുമൊപ്പം നമസ്കരിക്കാനാവുമോ? വീണു പോകുമോ? മറവിയിൽ എന്തെങ്കിലുംചെയ്തു പോകുമോ? എനിക്ക് ആശങ്ക. കാരണമുണ്ട്.

ഇരിക്കുന്ന ഇരിപ്പിലാണ് ചിലപ്പോൾ ഓർമയില്ലാതാവുന്നത്, വേച്ചുവീണുപോകുന്നത്. മുറ്റത്തും പറമ്പിലും പതുക്കെ നടന്ന് ചിലപ്പോൾ മൂപ്പെത്താത്ത കൊക്കോക്കായ പറിച്ചു കൊണ്ടുവന്ന് ‘മാങ്ങ, മാങ്ങ’ എന്നുപറയുന്നു. കാലിലെ ചെരുപ്പൂരി കട്ടിലിൽവെച്ച് രണ്ടുവാറും നീട്ടിപ്പിടിച്ച് ‘മുയലിനെ അറക്ക് എന്നു പറയുന്നു.

ചോറുണ്ട് കൈകഴുകിയ ഉടനെ മൂന്നുദിവസമായി ചോറുണ്ടിട്ട്’ എന്നു പറയുന്നു. എന്നാൽ ചിലപ്പോൾ ഓർമയ്ക്കൊരു തകരാറുമില്ല. പള്ളി മുറ്റത്ത് കൊണ്ടുചെന്നാക്കി ഞാൻ പള്ളിപ്പറമ്പിനപ്പുറം പുല്ലിൽ പടിഞ്ഞിരുന്നു, നമസ്കാരം കഴിയുംവരെ. 

പലവിധ ആധിയോടെ..

Content Highlights: eid memmory, myna umaiban