ഒരു റൊട്ടിക്കായി കൊതിക്കുന്ന കുട്ടികൾ, അവര്‍ക്ക് സ്വപ്നം കാണാവുന്ന ഭക്ഷണം അതുമാത്രം; ഗാസയിലെ റംസാൻ

അലങ്കരിച്ച തെരുവുകള്‍, എങ്ങും വാദ്യമേളങ്ങള്‍, വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയ സ്റ്റാളുകള്‍. ഇതെല്ലാമായിരുന്നു കഴിഞ്ഞ റംസാനില്‍ ഗാസയിലെ കാഴ്ച. എന്നാല്‍, യുദ്ധം ദുരിതത്തിലാക്കിയ ഗാസയിലെ ജനങ്ങള്‍ ഇന്ന് ഭക്ഷണത്തിനായുള്ള ഓട്ടത്തിലാണ്. യുദ്ധത്തിന്റെ ബാക്കിപത്രമായി കൊടുംപട്ടിണി ഗാസയെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. റംസാന്‍ കാലത്ത് നോമ്പ് തുറക്കാനുള്ള ഭക്ഷണത്തിന് പോലും അവര്‍ നെട്ടോട്ടമോടുകയാണ്. ഇന്ന് അവര്‍ക്ക് ചുറ്റമുള്ളത് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളും മരണങ്ങളും മാത്രം.
ഗാസയിലെ ജനങ്ങള്‍ മാസങ്ങളായി ഉപവാസത്തിലാണെന്നായിരുന്നു റംസാന്‍ കാലത്തെ കൊടുംപട്ടിണിയെക്കുറിച്ച് അല്‍ ഷിഫ ആശുപത്രിയിലെ ഡോ. അംജാദ് എലൈവയുടെ വാക്കുകള്‍. 'ജനങ്ങള്‍ മാസങ്ങളായി ഉപവാസത്തിലാണ്, അവര്‍ അതിജീവിക്കാനുള്ള ഭക്ഷണത്തിനായി നഗരത്തില്‍ പരതുകയാണ്. പക്ഷേ, അവര്‍ക്ക് ഒന്നും കണ്ടെത്താനാകുന്നില്ല'- അല്‍ ഷിഫ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ ഡോ. അംജാദ് ബി.ബി.സിയോട് പറഞ്ഞു.
ഗാസയിലെ ആകെ ജനസംഖ്യയില്‍ പകുതിയോളം പേരും കടുത്ത പട്ടിണിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇത്തരത്തിലാണ് സ്ഥിതി തുടരുന്നതെങ്കില്‍ ജൂലായ് മാസത്തോടെ ബാക്കിയുള്ളവരും പട്ടിണിയിലാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഏറ്റവും രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്നത് വടക്കന്‍ ഗാസയിലാണ്. ഇത്തവണത്തെ റംസാനില്‍ നോമ്പെടുക്കാനുള്ള അത്താഴമോ നോമ്പ് തുറക്കാനുള്ള ഇഫ്താര്‍ വിഭവങ്ങളോ ലഭിക്കുമെന്ന് അവര്‍ക്ക് യാതൊരു പ്രതീക്ഷയുമില്ല. മുന്‍വര്‍ഷങ്ങളിലെ റംസാന്‍ കാലത്ത് അലങ്കാരങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്ന തെരുവുകളില്‍ ഇന്ന് തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ്. മാത്രമല്ല, ഓരോ ദിവസവും അവര്‍ ഭക്ഷണം കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ്. ഇതിനൊപ്പം ഭക്ഷ്യധാനങ്ങള്‍ക്ക് അഞ്ചിരട്ടിവരെ വില വര്‍ധിച്ചതും ജനങ്ങളെ ദുരിതത്തിലാക്കുന്നു.
' കഴിഞ്ഞ റംസാന്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് നല്ല ഭക്ഷണവും ജ്യൂസുകളും ഈത്തപ്പഴവും പാലും എല്ലാമുണ്ടായിരുന്നു. ഈ കൊല്ലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് സ്വര്‍ഗവും ഇത് നരകവും പോലെയാണ്''- ഗാസയില്‍ താമസിക്കുന്ന 57-കാരിയായ നാദിയ അബു നഹേല്‍ പറഞ്ഞു.
''കുട്ടികള്‍ ഇപ്പോള്‍ ഒരു റൊട്ടിക്കായി കൊതിക്കുകയാണ്. ഇന്ന് അവര്‍ക്ക് സ്വപ്നം കാണാവുന്ന ഭക്ഷണം അതുമാത്രമാണ്. അവരുടെ എല്ലുകളെല്ലാം കൂടുതല്‍ മൃദുവാകുന്നു. അവര്‍ മെലിഞ്ഞുവരുന്നു. കുട്ടികള്‍ക്ക് തലചുറ്റല്‍ അനുഭവപ്പെടുന്നു. അവര്‍ നടക്കാന്‍ പോലും പ്രയാസപ്പെടുന്നു''- പത്തു കുട്ടികളുടെ മാതാവായ നാദിയ വിതുമ്പി.
ഏതാനും ആഴ്ചകള്‍ക്കിടെ പോഷകാഹാരക്കുറവും പട്ടിണിയും കാരണം വടക്കന്‍ ഗാസയില്‍ മാത്രം 27 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 23 പേരും കുട്ടികളാണ്. പോഷകാഹാരക്കുറവും നിര്‍ജലീകരണവുമാണ് ഇവരുടെ മരണകാരണം.
10-നും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടി പോഷകാഹാരക്കുറവ് കാരണം മരണപ്പെട്ടത് കഴിഞ്ഞയാഴ്ചയാണെന്ന് ഡോ. അംജാദ് എലൈവ പറയുന്നു. അല്‍ ഷിഫ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ആ കുട്ടിയുടെ മരണം. നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മതിയായ പാല്‍ കിട്ടാത്തതിനാല്‍ മരിച്ചു. അവന്റെ മാതാവ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടിരുന്നു. കുഞ്ഞിന് പാല്‍ ലഭ്യമാക്കാനോ അത് വാങ്ങാനോ ആര്‍ക്കും കഴിഞ്ഞില്ല. ഇതിനുപുറമേ 18 വയസ്സുള്ള പെണ്‍കുട്ടി ചുഴലി ബാധിച്ചും മരിച്ചു. അവള്‍ നേരത്തെ അസുഖബാധിതയായിരുന്നു. അവള്‍ക്ക് വേണ്ട മരുന്നുകളൊന്നും കിട്ടിയില്ല. അവളുടെ കുടുംബത്തിന് ഭക്ഷണം പോലും ഇല്ലായിരുന്നു. അവസാനകാലത്ത് അവളുടെ ശരീരം മെലിഞ്ഞ് ശോഷിച്ച നിലയിലായിരുന്നു. വെറും എല്ലും തൊലിയും മാത്രമാണ് ആ ശരീരത്തിലുണ്ടായിരുന്നതെന്നും ഡോ. അംജാദ് എലൈവ പറഞ്ഞു.
ആശുപത്രിയിലും നൊമ്പരകാഴ്ചകള്‍
'ഞാന്‍ ക്ഷീണിതനാണ്', അല്‍ ഷിഫ ആശുപത്രിയിലെ കട്ടിലില്‍ കിടന്ന് 16-കാരനായ റഫീഖ് ദുഗ്മൗഷ് തന്റെ ദുരനുഭവം വിവരിക്കാന്‍ തുടങ്ങിയത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്. വ്യോമാക്രമണത്തില്‍ മുട്ടിന് താഴെവെച്ച് കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു റഫീഖിന്. അതിനുപുറമേ ഭക്ഷ്യക്ഷാമം സ്ഥിതി രൂക്ഷമാക്കി. എല്ലുന്തിയനിലയിലാണ് നിലവില്‍ റഫീഖിന്റെ ശരീരം.
'ഞാന്‍ അത്രയേറെ ക്ഷീണിതനാണ്. എനിക്ക് എന്റെ ശരീരം ഒരിടത്തേക്ക് അനക്കാന്‍പോലും കഴിയുന്നില്ല, എന്റെ അമ്മാവനാണ് എന്നെ അതിന് സഹായിക്കുന്നത്', റഫീഖിന്റെ വാക്കുകള്‍ മുറിഞ്ഞു.
ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണ് റഫീഖിനും സഹോദരിയായ റഫീഫിനും(15) ഗുരുതരമായ പരിക്കേറ്റത്. മാതാവും സഹോദരങ്ങളും ഉള്‍പ്പെടെ ഇവരുടെ കുടുംബത്തിലെ 11 പേരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റഫീഖിന് നേരത്തെ തന്നെ പോഷകാഹാരക്കുറവുണ്ടായിരുന്നു. ഇതിനൊപ്പമാണ് വ്യോമാക്രമണത്തില്‍ ഗുരുതരപരിക്കേറ്റത്.
''ഞങ്ങള്‍ക്ക് ഒരു തരത്തിലുള്ള പഴങ്ങളും കഴിക്കാന്‍ കിട്ടുന്നില്ല. ആപ്പിളും ഇല്ല, പേരയ്ക്കയും ഇല്ല. ഇറച്ചിയോ ഭക്ഷണമോ മാര്‍ക്കറ്റിലില്ല. ഉള്ളതിനാകട്ടെ ഉയര്‍ന്ന വിലയും''- റഫീഖ് പറഞ്ഞു.
റഫീഖിനൊപ്പം ആശുപത്രിയില്‍ ചികിത്സയിലുള്ള സഹോദരി റഫീഫ് എന്തെങ്കിലും പഴം കഴിക്കാന്‍ കിട്ടുമോയെന്ന് ആശുപത്രി ജീവനക്കാരോട് ചോദിച്ചതാണ്. പക്ഷേ, അവര്‍ക്കും ഒന്നും സംഘടിപ്പിച്ച് നല്‍കാനായില്ല. റംസാന്‍ കാലം തികഞ്ഞ സന്തോഷത്തിന്റേതായിരുന്നു എന്നാണ് റഫീഫ് പറയുന്നത്. ഇപ്പോഴത്തെ സ്ഥിതിവച്ചു താരതമ്യം ചെയ്യുകയാണെങ്കില്‍ അത് സ്വര്‍ഗതുല്യമായിരുന്നു. വളരെ മനോഹരമായിരുന്നു. പക്ഷേ, അതൊന്നും ഇനി തിരികെ വരില്ല. ഞങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ടവരെല്ലാം അപ്രത്യക്ഷരായി- റഫീഫ് പറഞ്ഞു.
പോഷകാഹാരക്കുറവ് നേരിടുന്ന നിരവധി കുട്ടികളെയാണ് കഴിഞ്ഞദിവസങ്ങളില്‍ അല്‍ ഷിഫ ആശുപത്രിയില്‍നിന്ന് കമാല്‍ അദ്വാന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. അല്‍ ഷിഫയിലെക്കാള്‍ മികച്ച ചികിത്സാസൗകര്യങ്ങളുള്ളതിനാലാണ് കുട്ടികളെ കമാല്‍ അദ്വാന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പക്ഷേ, എന്നിട്ടും മരണത്തിന് കുറവില്ലെന്നും ബി.ബി.സി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ നാലാഴ്ചയ്ക്കിടെ 21 കുട്ടികളാണ് മരിച്ചുവീണത്. പോഷകാഹാരക്കുറവ് തന്നെയാണ് ഇവരുടെ മരണത്തിന് കാരണം. നിലവില്‍ പത്തുകുട്ടികള്‍ അതീവഗുരുതര നിലയില്‍ ചികിത്സയിലാണെന്നും കമാല്‍ അദ്വാന്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.ഹുസാം അബു സഫിയ പ്രതികരിച്ചു.
''ഈ കുട്ടികളെ രക്ഷിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ നിസ്സാഹായനാണ്. ഇത് എന്നെ ലജ്ജിപ്പിക്കുന്നു. എന്റെ ജീവനെക്കാരെ ഓര്‍ത്തും എനിക്ക് അതേ വികാരമാണ്. അവര്‍ക്കും ചില ദിവസങ്ങളില്‍ കഴിക്കാനുള്ള ഭക്ഷണം പോലും കിട്ടുന്നില്ല, ഇത് ഇസ്രയേലിന്റെ പട്ടിണിക്കിട്ടുള്ള യുദ്ധമാണ്. അവര്‍ മനഃപൂര്‍വം കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലുകയാണ്. അധിനിവേശം നടത്തുന്നവര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ അനുവാദം നല്‍കുന്ന ഒരുനിയമവും ലോകത്തിലില്ല'' - ഡോക്ടര്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് വേണം സഹായം...
കഴിഞ്ഞ വെള്ളിയാഴ്ച 'വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്റെ' ബാര്‍ജ് ഭക്ഷ്യസാധനങ്ങളുമായി തീരത്തെത്തിയപ്പള്‍ ഖാലേദ് നാജി എന്ന ഗൃഹനാഥനും അവിടെയുണ്ടായിരുന്നു. ആറ് കുട്ടികളുടെ പിതാവായ ഖാലേദ് സെന്‍ട്രല്‍ ഗാസ സ്വദേശിയാണ്. തകര്‍ന്നുവീണ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്ന ഭാര്യയെ സഹായിക്കുന്നതിനിടെ ഖാലേദ് പറഞ്ഞു തുടങ്ങി.
''ഞങ്ങള്‍ക്ക് ഈ സഹായം വേണം. അവര്‍ മനുഷ്യത്വത്തെക്കുറിച്ചെല്ലാം സംസാരിക്കുന്നുണ്ട്. പക്ഷേ, ഞങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ല. ഞങ്ങള്‍ ദൈവത്തിന് വേണ്ടിയാണ് നോമ്പെടുക്കുന്നത്. പക്ഷേ, ഈ വര്‍ഷം ഞങ്ങള്‍ക്ക് അതൊന്നും ആസ്വദിക്കാനാകില്ല. കുട്ടികള്‍ക്ക് എന്തെങ്കിലും ചെറുതായി കഴിക്കാന്‍ കൊടുക്കുന്നു. അതിനൊപ്പം ഏതുസമയത്തും തലയില്‍ ഒരു ഷെല്‍ വീഴുമെന്ന ഭയത്താല്‍ കഴിയുന്നു''- അദ്ദേഹം പറഞ്ഞു.
വൈകിട്ട് സൂര്യാസ്തമയത്തോടെ ഖാലേദ് നാജിയും കുടുംബവും നോമ്പ് തുറന്നു. ദിവസങ്ങള്‍ നീണ്ട പട്ടിണിക്ക് ശേഷം അന്നാണ് അവര്‍ക്ക് കുറച്ച് നല്ലഭക്ഷണം ലഭിച്ചത്. കുടുംബത്തിനൊപ്പം ഒരു കോണ്‍ക്രീറ്റ് സ്ലാബിന് മുകളില്‍ പുതപ്പ് വിരിച്ചിരുന്ന് നാജി ഭക്ഷണം കഴിക്കാനൊരുങ്ങി.
'ഗാസ മുനമ്പിലെ നിലവിലെ സാഹചര്യം നോക്കുമ്പോള്‍ മരിച്ചുപോയവരോട് എനിക്ക് അസൂയ തോന്നുകയാണ്. ഈ വര്‍ഷം ഞങ്ങള്‍ റംസാനിലാണെന്ന് പറയാനാകില്ല. പകരം അതിന്റെ പേര് മാറ്റണം. ഞങ്ങള്‍ ഇത് മരണത്തിന്റെ മാസത്തിലാണ്''- ഖാലേദ് നാജി കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളില്‍ മൂന്നിലൊന്ന് പേരും പോഷകാഹാരക്കുറവ് നേരിടുന്നതായാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ മുതിര്‍ന്ന വക്താവ് അബീര്‍ എത്തേഫയുടെ പ്രതികരണം. വസ്തുതകളാണ് അവിടെ സംസാരിക്കുന്നത്. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളില്‍ മൂന്നിലൊന്നിലധികം പേരും പോഷകാഹാരക്കുറവ് നേരിടുന്നു. അവര്‍ മരണത്തിന്റെ ഭീതിയിലാണെന്നും അബീര്‍ പറഞ്ഞു.
Content Highlights: ramadan in gaza