പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ 'ഈദ് ഇന്‍ ദുബായ്'

ഈദ് ഇൻ ദുബായ് കാമ്പയിന്റെ ഭാഗമായുള്ള അലങ്കാരം
ഈദ് ഇൻ ദുബായ് കാമ്പയിന്റെ ഭാഗമായുള്ള അലങ്കാരം

ദുബായ്: പെരുന്നാള്‍ പ്രമാണിച്ച് എമിറേറ്റില്‍ ഉത്സവാന്തരീക്ഷം ഒരുക്കാനായി 'ഈദ് ഇന്‍ ദുബായ്' എന്നപേരില്‍ പുതിയ കാമ്പയിന്‍ ആരംഭിച്ചു. ദുബായിയുടെ ആതിഥ്യമര്യാദയും സാംസ്‌കാരിക പൈതൃകവും ഉയര്‍ത്തിക്കാട്ടുന്നതിന് ദുബായ് മീഡിയ കൗണ്‍സിലാണ് (ഡി.എം.സി.) കാമ്പയിന്‍ പ്രഖ്യാപിച്ചത്. ദുബായ് രണ്ടാം ഉപഭരണാധികാരിയും ഡി.എം.സി. ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് കാമ്പയിന്‍ ആരംഭിച്ചത്.

പൊതു-സ്വകാര്യ മേഖലകളുടെ പിന്തുണയോടെയുള്ള ആഘോഷപരിപാടികള്‍, വിനോദപ്രവര്‍ത്തനങ്ങള്‍, ഷോപ്പിങ് പ്രമോഷനുകള്‍, സാമൂഹികസംരംഭങ്ങള്‍ തുടങ്ങിയവ പുതിയ കാമ്പയിനിലുണ്ടാകും. എമിറേറ്റിന്റെ സമ്പന്നമായ പാരമ്പര്യത്തെയും നൂതനത്വത്തെയും അടയാളപ്പെടുത്തുന്ന ഒട്ടേറെ പരിപാടികളുണ്ടാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് നടത്തിയ റംസാന്‍ ഇന്‍ ദുബായ് കാമ്പയിന്റെ വിജയത്തിന് പിന്നാലെയാണ് പുതിയ പ്രചാരണം.

സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരമെന്ന നിലയില്‍ എമിറേറ്റിന്റെ പദവി ശക്തിപ്പെടുത്താന്‍ റംസാന്‍ ഇന്‍ ദുബായ് കാമ്പയിന് സാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഇഫ്താര്‍ സംഗമങ്ങള്‍, കരിമരുന്ന് പ്രയോഗങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി ഏകദേശം 6000 പ്രവര്‍ത്തനങ്ങളും പരിപാടികളും കാമ്പയിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്.

അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന നഗരമെന്ന നിലയില്‍ എമിറേറ്റിന്റെ പേര് ഉയര്‍ത്തുന്നതില്‍ റംസാന്‍ ഇന്‍ ദുബായ് കാമ്പയിന്‍ നിര്‍ണായ സംഭാവനകള്‍ നല്‍കിയെന്ന് ഡി.എം.സി. വൈസ് ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറും ഗവണ്‍മെന്റ് ഓഫ് ദുബായ് മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറലുമായ മോന അല്‍ മര്‍റി പറഞ്ഞു.

Content Highlights: eid in dubai campaign for eid ul fitr 2024 uae