പെരുന്നാൾ ജീവിതസന്ദേശമാകണം

#സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി
.
.

പ്രാർത്ഥനാധന്യമായ ദിനരാത്രങ്ങൾക്കൊടുവിൽ പെരുന്നാൾ സന്തോഷത്തിന്റെ നിറവിലാണ് വിശ്വാസികൾ. സഹനം, ക്ഷമ, ത്യാഗം, നന്മയിലെ ഒരുമ തുടങ്ങിയ പാഠങ്ങളാണ് പുണ്യദിനങ്ങൾ സമ്മാനിച്ചത്. അവ ജീവിതത്തിൽ പകർത്തുകയും സ്വകാര്യ ജീവിതത്തിലും പൊതു ഇടപെടലുകളിലും അവയുടെ ഉത്തമ മാതൃകകളാകാൻ പ്രതിജ്ഞയെടുക്കുകയും ചെയ്താണ് ഈദുൽ ഫിത്തർ ആഘോഷിക്കേണ്ടത്.

മനുഷ്യരോടും മറ്റു ജീവികളോടും ഗുണകാംക്ഷയോടെ ഇടപെടുകയെന്നത് വളരെ പ്രധാനമാണ്. ചുറ്റുമുള്ള പ്രകൃതിയുടെയും മനുഷ്യരുടെയും വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും മറ്റുള്ളവരുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കാനുമുള്ള ഉത്തരവാദിത്വം വിശ്വാസികൾക്കുണ്ട്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശാന്തിയും സമാധാനവും വർധിപ്പിക്കാനുള്ള അവസരമായി പെരുന്നാൾ ആേഘാഷം മാറണം. പരസ്പരം അവിശ്വാസം വർധിപ്പിക്കുന്ന വാക്കും പ്രവൃത്തിയും ഒഴിവാക്കണം. സമൂഹത്തിൽ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുന്ന കാര്യങ്ങളിൽനിന്ന് വിട്ടു നിൽക്കണം. സങ്കുചിത താത്പര്യങ്ങൾക്കു വേണ്ടി വർഗീയ വേർതിരിവുകൾ സൃഷ്ടിക്കുന്നതിനെതിരേ ജാഗ്രത പുലർത്തേണ്ടതുണ്ട്. പള്ളികളിലും വീടുകളിലുമെല്ലാം ഇക്കാര്യങ്ങൾ ഊന്നിപ്പറയണം. എല്ലാവർക്കും ഈദുൽ ഫിത്തർ ആശംസകൾ.

(കേരള മുസ്‌ലിം ജമാഅത്ത് ജനറൽസെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമാണ് ലേഖകൻ)

Content Highlights: ramadan 2023, sayyid ibrahim khaleel bukhari