പെരുന്നാള്‍ സന്തോഷത്തിലേക്ക്; ചെറിയ പെരുന്നാള്‍ നാളെ

പ്രതീകാത്മക ചിത്രം | ഫോട്ടോ: യു.എന്‍.ഐ
പ്രതീകാത്മക ചിത്രം | ഫോട്ടോ: യു.എന്‍.ഐ

മലപ്പുറം: പ്രാർഥനകളും ദാനധർമങ്ങളും നൽകുന്ന ധന്യതയിലാണ് ഓരോരുത്തരും പെരുന്നാളിനെ പുൽകുന്നത്. വ്രതത്തിലൂടെ ലഭിച്ച വിശുദ്ധിയെ നിലനിർത്തി മുന്നോട്ടുപോകാനാണ് ഓരോ പെരുന്നാളും ഉണർത്തുന്നത്.

കടുത്ത ചൂടിനെ നേരിട്ടാണ് ഇത്തവണ നോമ്പ് അനുഷ്ഠിക്കേണ്ടി വന്നത്. ജില്ലയിൽ പലേടത്തും ചൂടുകാരണം പുറത്തിറങ്ങിയാൽ തളർന്നുപോകുന്ന സ്ഥിതി. എല്ലാ വർഷത്തേയുംപോലെ പഴങ്ങളാണ് വേനൽച്ചൂടിന്റെ ക്ഷീണമകറ്റിയത്.

ഇഫ്താറുകൾ കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും ഇടങ്ങളായി. സംഘടനകളും സ്ഥാപനകളും ക്ലബ്ബുകളും ഇഫ്താറുകൾക്ക് നേതൃത്വംനൽകി. ഉത്സവങ്ങളോടനുബന്ധിച്ച് ക്ഷേത്രകമ്മിറ്റികൾ നടത്തിയ ഇഫ്താറുകൾ ഹൃദ്യമായി. കൂടിയിരുന്ന് ഭക്ഷണം കഴിക്കുക എന്നതിനപ്പുറത്ത് ഇത്തരം ഇഫ്താറുകളുടെ പ്രാധാന്യം ഏറെയായിരുന്നു. യാത്രക്കാർക്ക് നോമ്പുതുറക്കാനുള്ള കേന്ദ്രങ്ങളും പലേടത്തും ഉണ്ടായിരുന്നു. സംഘടനകൾ ഈ രംഗത്ത് മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്.

കാരുണ്യപ്രവർത്തനങ്ങൾ ഏറെ സജീവമായ സമയമാണ് റംസാൻ. ജില്ലയിലെ സംഘടനകളും സ്ഥാപനങ്ങളും പതിനായിരക്കണക്കിന് റിലീഫ് കിറ്റുകളാണ് റംസാനിൽ നൽകിയത്. പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും വിഭവസമാഹരണങ്ങൾ നടത്തിയതും ഈ സമയത്താണ്. ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് ജനങ്ങൾ ഈ സ്ഥാപനങ്ങൾക്ക് നൽകിയത്. സഹജീവികളെ ചേർത്തു പിടിക്കാനും കണ്ണീരൊപ്പാനും റംസാനിൽ പലർക്കും കഴിഞ്ഞു. സക്കാത്തുകൾ അർഹരായ ഒരുപാടുപേർക്ക് അനുഗ്രഹമായി.

മതപ്രഭാഷണങ്ങളായാലും പ്രാർഥനസംഗമങ്ങളാലും സജീവമായിരുന്നു ഈ റംസാൻ. ആഴ്ചകളും ദിവസങ്ങളും നീണ്ടുനിന്ന പ്രഭാഷണങ്ങൾ പലയിടത്തും നടന്നു. റംസാനിന്റെ അവസാന പത്തിൽ ലൈലത്തുൽ ഖദ്‌റിനോടനുബന്ധിച്ചുള്ള സദസ്സുകളും പള്ളികളിൽ ഇഹ്തികാഫും സജീവമായി. 27-ാം രാവിന്റെ ഭാഗമായി നടന്ന സദസ്സുകൾ വിശ്വാസികളാൽ നിറഞ്ഞു. ബദ്‌റ് ശുഹദാക്കളുടെ ഓർമകളുയർത്തി ബദ്‌റ് സദസ്സുകൾ റംസാൻ 17-ന് എല്ലായിടത്തും നടന്നു. തറാവീഹ് നിസ്‌കാരത്തിനാലും ഇഫ്താറിനാലും പ്രാർഥനകളാലും പള്ളികൾ കൂടുതൽ സജീവമായ സമയം കൂടിയായിരുന്നു റംസാൻ.

വസ്ത്രവിപണി റംസാനിന്റെ തുടക്കം മുതൽ സജീവമായിരുന്നു. വിഷുവും പെരുന്നാളും ഏതാണ്ട് ഒരുമിച്ചുവന്നത് തിരക്ക് വർധിപ്പിച്ചു. 27-ാം രാവ് കഴിഞ്ഞതോടെ ആളുകൾ പെരുന്നാളിന്റെ തിരക്കിലേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. പല വസ്ത്രവ്യാപാര കടകളിലും പാതിരാത്രിയും തുറന്നുപ്രവർത്തിച്ചു. രാത്രി നോമ്പുതുറയ്ക്ക് ശേഷമാണ് കച്ചവടസ്ഥാപനങ്ങൾ കൂടുതൽ സജീവമായത്.

Content Highlights: ramadan 2023, eid ul fitr