11 മണി പെരുന്നാൾ നിസ്കാരവുമായി നാദാപുരം പള്ളി

#ഇസ്മായിൽ വാണിമേൽ
നാദാപുരം പള്ളി
നാദാപുരം പള്ളി

നാദാപുരം: സമീപത്തെ പള്ളികളും ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരം രാവിലെ പൂർത്തിയാക്കുമ്പോൾ ചരിത്രപ്രസിദ്ധമായ നാദാപുരം വലിയ ജുമഅത്ത് പള്ളിയുടെ നമസ്കാരസമയം രാവിലെ 11 മണിയാണ്. ചെറിയപെരുന്നാളായാലും വലിയപെരുന്നാളായാലും പെരുന്നാൾ നമസ്കാരം കൃത്യം 11 മണിക്ക് നടക്കും.

ഒരു മാറ്റവും വരുത്താതെയുള്ള ഈ സമയക്രമത്തിന് പള്ളിയുടെ പ്രായമായ 125 വർഷത്തെ പഴക്കമുണ്ട്. പണ്ടുകാലത്ത് പെരുന്നാൾ നമസ്കാരത്തിന് നാദാപുരത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിശ്വാസികൾ ആശ്രയിച്ചിരുന്നത് പ്രധാനമായും നാദാപുരം വലിയ ജുമഅത്ത് പള്ളിയെയാണ്. ചരിത്രപ്രസിദ്ധമായ നാദാപുരം വലിയ ജുമഅത്ത് പള്ളിയിൽനിന്നുളള പെരുന്നാൾ നമസ്കാരത്തിന് വിശ്വാസികൾക്കിടയിൽ ഏറെ പിരിശമുണ്ടായിരുന്നു. നാദാപുരത്തുനിന്ന്‌ കിലോമീറ്റർ അകലെയുള്ള ആളുകൾക്ക് എത്താനുള്ള സൗകര്യത്തിനായിരുന്നു ഈ സമയം മതപണ്ഡിതൻമാർ നിശ്ചയിച്ചത്. എന്നാൽ, പിന്നീടുള്ളവർ നേരത്തേ പണ്ഡിതൻമാർ സ്വീകരിച്ച സമയക്രമംതന്നെ പിന്തുടരാനാണിഷ്ടപ്പെട്ടത്.

കാൽനൂറ്റാണ്ടുമുമ്പ് മാസപ്പിറവി കണ്ടാൽ അതിന് സ്ഥിരീകരണം വരുത്താൻ നാട്ടിൻപുറത്തെ മഹല്ല് കമ്മിറ്റി പ്രതിനിധികൾ നാദാപുരം വലിയ ജുമഅത്ത് പള്ളിയിൽ എത്താറാണ് പതിവ്. കോഴിക്കോട് ഖാസിമാർ ഉറപ്പിച്ചാൽ അതിനുശേഷം നാദാപുരം മഹല്ല് ഖാസി മാസം ഉറപ്പിക്കും.വിദൂരത്തുനിന്നുള്ള മഹല്ല് പ്രതിനിധികൾ നാദാപുരം ഖാസിയുടെ തീരുമാനത്തിനായി കാത്തുനിൽക്കും. നാദാപുരം ഖാസി മാസമുറപ്പിച്ച വിവരം മറ്റു മഹല്ലുകളിൽനിന്നെത്തിയ പ്രതിനിധികൾ ലെറ്റർപാഡിൽ എഴുതിവാങ്ങുന്നത് പതിവായിരുന്നെന്ന് ആറുവർഷത്തോളം നാദാപുരം വലിയ ജുമഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റായിരുന്ന കിഴക്കെമഠത്തിൽ കുഞ്ഞബ്ദുല്ല ഓർമിക്കുന്നു.

വാണിമേൽ, ചീക്കോന്ന്, പാറക്കടവ്, തൂണേരി, പേരോട്, ഇരിങ്ങണ്ണൂർ, നമ്പ്യത്താംകുണ്ട് തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽനിന്നുള്ള മഹല്ല് പ്രതിനിധികളാണ് മാസപ്പിറവി ഉറപ്പിക്കാൻ നാദാപുരം വലിയ ജുമഅത്ത് പള്ളിയിലെത്താറുള്ളത്.

നാദാപുരം ഖാസിയായിരുന്ന പരേതനായ മേനക്കോത്ത് പി. അഹമ്മദ് മൗലവി എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അദ്ദേഹം കാൽനൂറ്റാണ്ടിലേറെ വർഷം നാദാപുരത്തെ ഖാസിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ മേനക്കോത്ത് എം.കെ. കുഞ്ഞബ്ദുല്ല മൗലവിയാണ് നാദാപുരം ഖാസി. നാദാപുരത്തെ നാലുകുടുംബങ്ങളിൽനിന്ന്‌ തിരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ നേതൃത്വത്തിലാണ് പള്ളി മുതവല്ലി കമ്മിറ്റി. കുറുമ്പിയത്ത് കുഞ്ഞബ്ദുല്ല പ്രസിഡന്റും സി.വി. സുബൈർഹാജി സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഇപ്പോൾ നിലവിലുള്ളത്.

Content Highlights: nadapuram masjid, eid ul fitr, namaz, ramadan 2023