അര്‍ബുദബാധിതരായി പഠനം നിര്‍ത്തിയ 250 കുട്ടികള്‍ വീണ്ടും സ്‌കൂളിലേക്ക്

കൊച്ചി: പുസ്തകങ്ങളും ബോക്സും വാട്ടര്‍ ബോട്ടിലുമൊക്കെ നിറച്ച സ്‌കൂള്‍ ബാഗ് തോളത്തിടുമ്പോള്‍ ആ കുഞ്ഞുങ്ങളുടെയെല്ലാം മുഖങ്ങള്‍ ബാഗില്‍ എഴുതിയിരുന്ന വാചകത്തിന്റെ സാക്ഷ്യപത്രമായിരുന്നു. ബാഗ് ഓഫ് ജോയ് (സന്തോഷത്തിന്റെ ബാഗ്). അര്‍ബുദം ബാധിച്ച് പഠനം നിര്‍ത്തേണ്ടിവന്ന അവരെല്ലാം ഒരിടവേളയ്ക്കുശേഷം തിങ്കളാഴ്ച വീണ്ടും സ്‌കൂളിലേക്കെത്തുകയാണ്.
രോഗവും ചികിത്സയും മൂലം കഴിഞ്ഞ അധ്യയന വര്‍ഷം പൂര്‍ണമായി നഷ്ടപ്പെട്ട അവരില്‍ പലരും ഇനിയൊരിക്കലും സ്‌കൂളില്‍ പോകാനാകില്ലെന്ന് വിചാരിച്ചിരുന്നവരാണ്. ഹോപ് എന്ന ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടഷന്‍ നേതൃ ത്വത്തിലാണ് കുട്ടികളെ തിരികെത്തിക്കുന്നത്.
അര്‍ബുദം ബാധിച്ച് പഠനം നിര്‍ത്തേണ്ടി വന്ന 250-ഓളം കുട്ടികളെയാണ് ഈ അധ്യയന വര്‍ഷത്തില്‍ ഹോപ് തിരികെ സ്‌കൂളിലെത്തിക്കുന്നത്. ഇതില്‍ യുകെജി മുതല്‍ പ്ലസ്ടു വരെയുള്ള
കുട്ടികളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, എംവിആര്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍, എറണാകുളത്തെ ആസ്റ്റര്‍ ആശുപത്രി, തിരുവനന്തപുരം ആര്‍സിസി. തൃശ്ശൂര്‍ അമല ആശുപത്രി തുടങ്ങിയ ഇടങ്ങളിലാണ് ഹോപ് പ്രവര്‍ത്തിക്കുന്നത്.
അര്‍ബുദ ചികിത്സയെത്തിയ കുട്ടികളെ കണ്ടപ്പോഴാണ് അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് തിരികെ സ്‌കൂളിലെത്തിക്കണമെന്ന ചിന്ത ഉണ്ടായതെന്ന് ഭാരവാഹികളായ അമീര്‍ അലിയും അനീഷ് കുമാറും ദീപ്തിയും പറഞ്ഞു.പീഡിയാട്രിക് ഓങ്കോളജിസ്റ്റുകളുടെയും സൈക്കോ ഓങ്കോളിജിജിസ്റ്റുകളുടെയും കൗണ്‍സലിങ്ങുകളോടെ മാതാപിതാക്കള്‍ക്കാണ് ആദ്യം ആത്മവിശ്വാസം പകര്‍ന്നു നല്‍കിയത്. പിന്നീട് കുട്ടികള്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് അവരെ സ്‌കൂളില്‍ തിരികെയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
Content Highlights: Hope Child Cancer Care Foundation brings back 250+ children battling cancer to school