ഗെയിംസ് വില്ലേജില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നു; ഗുസ്തി ഫെഡറേഷനെതിരേ വിനേഷ് ഹൈക്കോടതിയില്‍

വിനേഷ് ഫോഗട്ട്, സഞ്ജയ് സിങ് | Photo: ANI, PTI
വിനേഷ് ഫോഗട്ട്, സഞ്ജയ് സിങ് | Photo: ANI, PTI

ന്യൂഡല്‍ഹി: ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത്. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റ് സഞ്ജയ് സിങ്ങും ഗെയിംസ് വില്ലേജിലെത്തി തന്റെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നാണ് വിനേഷ് വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.

ഗുസ്തി ഫെഡറേഷന്റെ തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയെ 2023 ഡിസംബറില്‍ കേന്ദ്ര കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തിട്ടും ഇത്തരം ഇടപെടല്‍ ആവര്‍ത്തിക്കുകയാണെന്ന് വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്റ ചൂണ്ടിക്കാട്ടി.

2023 ഡിസംബറില്‍ നടന്ന ഗുസ്തി ഫെഡറേഷന്റെ പുതിയ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും കായിക ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ഇത് മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളായ ബജ്രംഗ് പുണിയ, വിനേഷ് ഫോഗട്ട് എന്നിവരടക്കമുള്ള താരങ്ങള്‍ ഈ വര്‍ഷം ആദ്യം ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി നല്‍കിയിരുന്നു. കൂടാതെ, ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷയും നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മേയ് 24-ന് വിധി പറയാന്‍ മാറ്റി വച്ചിരുന്നുവെങ്കിലും ഇതുവരെ വിധി പറഞ്ഞിട്ടില്ല.

വ്യാഴാഴ്ച, ഫോഗട്ട് ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍, അവരുടെ അഭിഭാഷകന്‍ മുഖേന, വിധി പ്രസ്താവിക്കുന്നതിനുള്ള തീയതി നിശ്ചയിക്കണമെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ കോടതിയില്‍ അഭ്യര്‍ഥിച്ചു. രാജ്യത്തിന് ഇപ്പോള്‍ ഉറപ്പായിരുന്ന ഒരു മെഡല്‍ നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ മെഹ്റ കോടതിയെ അറിയിച്ചു.

അതേസമയം താരങ്ങളുടെ റിട്ട് ഹര്‍ജിയുടെ വാദം വ്യാഴാഴ്ച ജസ്റ്റിസ് പുരുഷൈന്ദ്ര കൗരവിന്റെ കോടതിയിലായിരുന്നു. ഈ വാദത്തിനിടെയാണ് രാഹുല്‍ മെഹ്റ, പാരീസിലെ ഗെയിംസ് വില്ലേജില്‍ ഗുസ്തി ഫെഡറേഷനും പ്രസിഡന്റ് സഞ്ജയ് സിങ്ങും വിനേഷിന്റേതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന് കോടിതിയെ അറിയിച്ചത്.

ബുധനാഴ്ച സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു താരത്തെ അയോഗ്യയാക്കിയത്. ഇതിനു പിന്നാലെ താരം ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരേ വിനേഷ് ഫോഗട്ട് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയിയിരുന്നു. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് ഫോഗട്ട് അപ്പീലില്‍ ഉന്നയിച്ചത്. ഇത് സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ ഇടക്കാല ഉത്തരവ് പ്രതീക്ഷിക്കുന്നതിനിടെയാണ് അവര്‍ വിരമിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്.

Content Highlights: wfi present at paris olympic village making decisions vinesh phogat alleges in delhi high court