'കമന്റ് കണ്ടുഞെട്ടി, എ.ആർ റഹ്മാൻ തന്നെയാണെന്ന് പലതവണ ഉറപ്പിച്ചു'; വൈറൽ പാട്ടുകാരൻ അമൽരാജ്|Interview

‘മലർകളേ... മലർകളേ... ഇത് എന്ന കനവാ...’ എന്ന തമിഴ് പാട്ട്പാടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമ്പോൾ കനവ് പോലൊന്ന് തന്റെ ജീവിതത്തിൽ നടക്കാൻ പോവുകയാണെന്ന് അമൽരാജ് എന്ന യുവഗായകൻ പ്രതീക്ഷിച്ചിരുന്നില്ല. അമ്മയെ ചേർത്തുപിടിച്ച് വെറുതെ ഒരു പാട്ട് പാടിയതാണ്. പാട്ട് കേട്ട് ആദ്യം അമ്മ കണ്ണീരണിഞ്ഞു. പിന്നാലെ ഇൻസ്റ്റഗ്രാമിൽ പാട്ട് വൈറലായി. ഒടുവിൽ പാട്ടിന് ഈണമിട്ട സാക്ഷാൽ എ.ആർ റഹ്മാന്റെ അടുത്തുവരെയെത്തി. അദ്ദേഹത്തിന്റെ ഇമോജിയും കൈയ്യടിയും കണ്ട് അമലും ചോദിച്ചു ’ഇത് എന്ന കനവാ’...?
കാസർകോട് സൂരംബയൽ സ്വദേശിയായ അമൽരാജ് തന്റെ സംഗീതജീവിതത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും മാതൃഭൂമി ഡോട്ട് കോംമിനോട് സംസാരിക്കുന്നു.
ഒന്നാം ക്ലാസിൽ തുടങ്ങിയ സംഗീതപഠനം
അമ്മയ്ക്കായിരുന്നു എന്നെയും ചേട്ടനെയും പാട്ട് പഠിപ്പിക്കാൻ കൂടുതൽ താൽപര്യം. ഒന്നാം ക്ലാസുമുതലാണ് പഠിക്കാൻ തുടങ്ങുന്നത്. ആദ്യം കുറച്ച് മടിയായിരുന്നു. പിന്നീട് ഉള്ളിലൊരു കഴിവുണ്ടെന്ന് സ്വയം തോന്നിതുടങ്ങിയപ്പോൾ കാര്യമായി തന്നെ പഠിക്കാൻ തുടങ്ങി. ആദ്യം പരപ്പ ഉണ്ണികൃഷ്ണൻ മാഷിന്റെ അടുത്തായിരുന്നു പഠനം. ഏഴുവർഷം അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പാട്ട് പഠിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഹരിപ്രസാദ് മാഷിന്റെ അടുത്തായി പഠനം. ഇപ്പോൾ യോഗേഷ് ശർമ്മ മാഷിന്റെ അടുത്താണ് പഠിക്കുന്നത്.
ഉത്സവം പോലുള്ള ചെറിയ ചെറിയ വേദികളിലാണ് ആദ്യം കയറുന്നത്. പിന്നീട് കരോക്കെ വെച്ച് പാടാൻ തുടങ്ങി. ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ആദ്യമായൊരു പാട്ട് ഇൻസ്റ്റഗ്രാമിൽ പാടിയിടുന്നത്. ഇത് നിരവധി പേർ കേൾക്കുകയും ഹിറ്റാവുകയും ചെയ്തതോടൊണ് വീഡിയോ സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്യാൻ തുടങ്ങിയത്. പതിയെ പതിയെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കൂടുകയും പാടുന്നതെല്ലാം കൂടുതൽ പേരിലേക്ക് എത്താനും തുടങ്ങി.
കനവല്ല, ഇത് യാഥാർഥ്യം
ആദ്യം അമ്മയോടൊപ്പം പാടിയൊരുപാട്ട് ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. അതിന് നടൻ ജോജു ജോർജ് കമന്റ് ചെയ്തിരുന്നു. അതുകഴിഞ്ഞ് ദിവസങ്ങൾക്കുശേഷമാണ് എ.ആർ റഹ്മാൻ കമന്റ് ചെയ്ത വീഡിയോ പോസ്റ്റ് ചെയ്യുന്നത്. അമ്മ വെറുതെയിരിക്കുന്നത് കണ്ട് ഒരുമിച്ച് വീഡിയോ എടുക്കുകയായിരുന്നു. പക്ഷേ പാട്ടുകേട്ട് അമ്മ വളരെ വൈകാരികമാകുമെന്നോ കരയുമെന്നോ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ആ പാട്ട് ഇത്ര വൈറലാകുമെന്നുപോലും കരുതിയിരുന്നതല്ല. ആദ്യം പാട്ടിന് പ്രതികരണവുമായെത്തുന്നത് എ.ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാനാണ്. പക്ഷേ ആ കമന്റ് ഞാൻ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ആളുകൾ കമന്റ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് തിരിച്ചറിയുന്നത്.
അതിനുശേഷമാണ് എആർആർ കമന്റഡ് എന്ന രീതിയിലൊരു നോട്ടിഫിക്കേഷൻ എന്റെ ഫോണിലേക്ക് വരുന്നത്. അത് എ.ആർ റഹ്മാൻ ആയിരിക്കുമെന്ന് വിചാരിച്ചിരുന്നേയില്ല. പക്ഷേ ക്ലിക്ക് ചെയ്ത് വേരിഫൈഡ് അക്കൗണ്ട് എന്നു കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. എന്നിട്ടും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാർഥ്യം. പലതവണ അക്കൗണ്ട് എടുത്തുനോക്കി എ.ആർ റഹ്മാൻ തന്നെയാണെന്ന് ഞാൻ ഉറപ്പിച്ചിട്ടുണ്ട്. വല്ലാത്തൊരു അനുഭവമായിരുന്നു അത്. വലിയ സന്തോഷം തോന്നിയ നിമിഷം.
വ്യത്യസ്തരാവണം
സംഗീതം പഠിക്കുന്നതിന് പുറമെ നമ്മുടേതായ ചില സ്റ്റൈലുകൾ പാട്ടിൽ കൊണ്ടുവരണമെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ഓരോ പാട്ടിലും വ്യത്യസ്തമായ ഒരു സ്റ്റൈൽ എനിക്ക് കൊണ്ടുവരാൻ പറ്റിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതായിരിക്കും കുറച്ചുപേർക്കെന്നെ ഇഷ്ടപ്പെട്ടതും. എ.ആർ റഹ്മാൻ സർ കമന്റിട്ട പാട്ടിന് ഞാൻ ആദ്യമൊരു ആലാപ് ഇട്ടിട്ടുണ്ട്. അത് ഞാൻ പാടുന്നതിനിടയിൽ പെട്ടെന്ന് ചേർക്കുന്നതാണ്. അല്ലാതെ നേരത്തെ തയ്യാറെടുത്ത് ചെയ്യുന്നതല്ല. ചില പാട്ടുകളിൽ മാത്രമാണ് എങ്ങനെ പാടണം എന്നൊക്കെ തീരുമാനിച്ച ശേഷം പാടുന്നത്. അല്ലാത്തപ്പോഴൊക്കെ പാടുമ്പോൾ മനസിൽ തോന്നുന്ന ചില കാര്യങ്ങൾ ചേർക്കുന്നതാണ്.
സാമൂഹികമാധ്യമങ്ങൾ സഹായികൾ
ഈയൊരു കാലഘട്ടത്തിൽ സാമൂഹികമാധ്യമങ്ങൾ നമ്മളെ ഒരുപാട് സഹായിക്കുന്നുണ്ട്. ഇവ വഴി നിങ്ങളുടെ കഴിവുകൾ പുറത്തെടുത്താൽ, സ്ഥിരമായി വർക്കുകൾ അപ്ലോഡ് ചെയ്താൽ ഒരിക്കൽ നല്ലയിടത്ത് എത്തിച്ചേരും എന്നാണ് എന്റെ അനുഭവം. ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാവരും പറയുന്നതുപോലെ ഇൻസ്റ്റഗ്രാം എടുക്കുന്നു, ഐഫോൺ എടുക്കുന്നു, വീഡിയോ എടുക്കുന്നു എന്നത് മാത്രമല്ല ഇതിനെല്ലാം പുറകിൽ ഒരുപാട് കഷ്ടപ്പാടുണ്ട്.
പിന്തുണ കുടുംബവും സുഹൃത്തുക്കളും
എല്ലാ കാര്യത്തിലും പിന്തുണ കുടുംബവും സുഹൃത്തുക്കളുമാണ്. അച്ഛൻ പി. സോമയ്യ മുൻ പോലീസ് സബ് ഇൻസ്പെക്ടറാണ്. അമ്മ എസ്. ശാരദ മുൻ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ്. ചേട്ടൻ പി.എസ്. അനിൽ രാജ് ഗവേഷണ വിദ്യാർഥിയാണ്. ഞങ്ങൾ എല്ലാവരും നല്ല കൂട്ടാണ്. എന്തും പറയാനുള്ള തുറന്നയിടം വീട്ടിലുണ്ട്. പ്രോഗ്രാമിന് പോയി പാതിരാത്രിയോ പുലർച്ചെയോ ഒക്കെയാവും ഞാൻ എത്തുക. ഏത് നേരത്തെത്തിയാലും വീട്ടുകാർ വാതിൽ തുറന്നുതരും. എന്റെ എല്ലാ തീരുമാനത്തിനും അവർ പൂർണപിന്തുണ നൽകും. ഈ പിറന്നാളിന് ചേട്ടൻ എനിക്ക് ഗിറ്റാർ സമ്മാനിച്ചിരുന്നു.
പാട്ട് റെക്കോർഡ് ചെയ്യാനും, ഷൂട്ട് ചെയ്യാനായി പലയിടത്ത് പോകാനും പ്രോഗ്രാമിന് പോകാനുമെല്ലാം സഹായിക്കുന്നത് സുഹൃത്തുക്കളാണ്. അവർ എപ്പോഴും കൂടെ തന്നെയുണ്ടാവാറുണ്ട്.
ഇഷ്ടം മെലഡി
എനിക്ക് മെലഡിയും പഴയ പാട്ടുകളുമൊക്കെയാണ് കൂടുതൽ താൽപര്യം. കണ്ണൂർ സർവകലാശാല കലോത്സവത്തിൽ ഗസലിനും ഹിന്ദുസ്ഥാനി സംഗീതത്തിനും ഒന്നാം സമ്മാനം കിട്ടിയിരുന്നു. അതിനുശേഷം ഗസലിനോടും ഹിന്ദുസ്ഥാനി സംഗീതത്തോടുമെല്ലാം ഇഷ്ടം തോന്നിതുടങ്ങി. പാടുന്നതിനൊപ്പം തബലയും ഗിറ്റാറും കഹോൺ(cajon) പോലുള്ള കൊട്ടുന്ന സംഗീതോപകരണങ്ങളുമെല്ലാം വായിക്കാറുണ്ട്.
വരികൾ മാത്രമല്ല പാട്ട്
ഓരോ പാട്ടിനും ഓരോ വികാരങ്ങളുണ്ട്. വരികളിൽ മാത്രമല്ല, ഓരോ പാട്ടിന്റെയും രാഗത്തിലും ഭാവത്തിലും അർഥമുണ്ട്. ഒരു വയലിൻ നോട്ടിന് പോലും അർഥമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് മനസിലാക്കി പാടുമ്പോൾ പാട്ടിന്റെ മുഴുവൻ വികാരവും കേൾക്കുന്നവരിലേക്കുമെത്തും.
എല്ലാം പോസിറ്റീവ് ആയി എടുക്കുക
എനിക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. അങ്ങനെയാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. എത്രപേർ നല്ല അഭിപ്രായം പറഞ്ഞാലും നെഗറ്റീവുകളും ഉണ്ടാവും. ഒരുപാട് സൈബർ ബുള്ളീയിങ് ഇപ്പോൾ തന്നെയുണ്ട്. എത്ര നെഗറ്റീവ് വന്നാലും നമ്മൾ അതിനെ പോസിറ്റീവ് ആയി എടുക്കണം. സ്വന്തം കഴിവുകളെ വിശ്വസിക്കുക, ബഹുമാനിക്കുക, അത് തെളിയിക്കുക.
കനവുകൾ ഇനിയുമുണ്ട്
എല്ലാ പാട്ടുകാരുടെയും സ്വപ്നം പോലെ പിന്നണിഗായകൻ ആവണം എന്നത് തന്നെയാണ് എന്റെയും സ്വപ്നം. സ്വന്തമായി കോമ്പോസിഷൻ ഇറക്കണമെന്ന ആഗ്രഹവുമുണ്ട്. ഇപ്പോൾ ഒരു പാട്ട് കംപോസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പഠനവും കൊണ്ടുപോകുന്നുണ്ട്. ഗവ. കോളേജ് കാസർകോഡ് നിന്നും ബിരുദ പഠനം പൂർത്തിയാക്കി. ഇപ്പോൾ മഹാരാജാസ്‍ കോളേജിൽ എംഎ മ്യൂസികിന് അപേക്ഷിച്ചിരിക്കുകയാണ്.
എല്ലാ സംഗീതസംവിധായകരും അടിപൊളിയാണ്. ആരുടെ കീഴിൽ പ്രവർത്തിക്കാൻ കഴിഞ്ഞാലും അത് എന്റെ ഭാഗ്യവുമാണ്. എന്നാലും ഷാൻ റഹ്മാൻ സാർ വിളിച്ചിരുന്നുവെങ്കിൽ എന്നൊരു ആഗ്രഹം തോന്നാറുണ്ട്.
Content Highlights: Interview with musician Amal Raj