കുഞ്ഞിനെ ബന്ധുക്കളെ ഏൽപിച്ചാണ് ഒളിവിൽ പോയത്, പ്ലാറ്റ്ഫോമിൽ ഭാര്യയുടെ ഷാൾ വിരിച്ചാണ് ഉറങ്ങിയത്
'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' എന്ന സോഷ്യല്‍ മീഡിയ പേജിനെതിരെയുണ്ടായ നിയമപരമായ പ്രശ്നങ്ങളും തുടർന്നുണ്ടായ ബുദ്ധിമുട്ടുകളും മാതൃഭൂമി അക്ഷരോത്സവം വേദിയിൽ വിശദീകരിച്ച് ടി.എൽ. അജിത്കുമാർ. തനിക്കും ഭാര്യക്കുമെതിരെ കേസ് വന്നതോടെ ഒളിവിൽ കഴിയേണ്ടി വന്നെന്നും 'മദ്യാനന്ദവും മദ്യാനന്തരവും' എന്ന വിഷയത്തില്‍ നടന്ന സംവാദത്തിൽ സംസാരിക്കവേ ടി.എൽ. അജിത് കുമാർ പറഞ്ഞു.
2018 ആയപ്പോഴാണ് ഗ്രൂപ്പിനെതിരെ നിയമപരമായ നടപടിയുണ്ടാകുന്നത്. അച്ഛന്റെയും അമ്മയുടെയും കല്ലറയിൽ നിന്നും മദ്യപിക്കുന്ന ചിത്രവും കുടുംബത്തോടൊപ്പം കള്ള് ഷാപ്പിൽ നിന്നുള്ള ചിത്രവുമൊക്കെ ഗ്രൂപ്പിൽ വരാൻ തുടങ്ങിയതോടെയാണ് പ്രശ്നമായത്. തിരുവനന്തപുരത്ത് വെച്ച് ഒരു ബാർ ഹോട്ടലിൽ വെച്ച് ഞങ്ങൾ ഒത്തുചേരുകയും ചെയ്തതോടെ പ്രശ്നം ഗുരുതരമായി. നിരവധി കേസുകൾ വന്നതോടെ അഡ്മിൻ പാനലിലുണ്ടായിരുന്ന എനിക്കും ഭാര്യയ്ക്കും അഞ്ച് മാസത്തോളം ഒളിവിൽ താമസിക്കേണ്ടിവന്നു. നാലുവയസ് പ്രായമുള്ള കുഞ്ഞിനെ ബന്ധുവിനെ ഏൽപ്പിച്ചായിരുന്നു പോയത്. മൂന്ന് ദിവസം കഴിഞ്ഞ് വരാമെന്നാണ് കരുതിയതെങ്കിലും അഞ്ച് മാസം കുഞ്ഞിനെ കാണാനായില്ല. ജോലി നഷ്ടപ്പെട്ടു. റെയിൽവേ സ്റ്റേഷനിൽ ഞാനും ഭാര്യയും ആഹാരമില്ലാതെ പട്ടിണി കിടന്നു, ടി.എൽ. അജിത് കുമാർ പറഞ്ഞു.