'മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യം, ഏത് ഭാഷയിലായാലും ആ ഭാഷയില്‍ ഡബ്ബ് ചെയ്യണം'

ശ്വേതത്രിപാഠി | ഫോട്ടോ: രതീഷ് പൂവത്തൂര്‍/ മാതൃഭൂമി
ശ്വേതത്രിപാഠി | ഫോട്ടോ: രതീഷ് പൂവത്തൂര്‍/ മാതൃഭൂമി

സ്വപ്നങ്ങളോട് കോംപ്രമൈസ് ഇല്ല. ഭയം വേണ്ട. കുമിളകൾ പൊട്ടിച്ച് പുറത്ത് വരിക. റോഡില്‍ തടസ്സങ്ങൾ ഉണ്ടാവും. നിരാശപ്പെടാതെ മുന്നോട്ട് പോവുക. ഓരോ പരാജയത്തിലും പാഠങ്ങള്‍ പഠിക്കുക. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവുക. ക്ഷമ പ്രധാനമാണ്. വായനയും മറക്കരുത്. മിര്‍സാപുരിലെ ഗോലുഗുപ്തയിലൂടെയും മസാനിലെ ഷാലുഗുപ്തയിലൂടെയുമെല്ലാം പ്രേക്ഷകലോകത്തിന് പരിചിതയായ അഭിനേത്രി ശ്വേത ത്രിപാഠി തന്റെ ജീവിതവും ആശയങ്ങളും മാധ്യമ പ്രവര്‍ത്തക രേഖാ മേനോനോടൊപ്പം പങ്കുവെച്ചപ്പോള്‍ കേട്ടുനിന്നവരില്‍ ഉന്‍മേഷം പടര്‍ന്നു. അവരുടെ ചോദ്യങ്ങളും അഭിപ്രായങ്ങളും നിറഞ്ഞതോടെ ക അക്ഷരോത്സവവേദിയില്‍ മരച്ചുവട്ടിലെ സായന്തനം പ്രകാശം നിറഞ്ഞതായി. തനിക്കും വേദിയൊരു പ്രചോദനമായെന്നായിരുന്നു ശ്വേതയുടെ വിലയിരുത്തല്‍.

ഇഷ്ടമുള്ളത് ചെയ്യാന്‍ തടസ്സം നില്‍ക്കരുത്, പ്രോത്സാഹനം നല്‍കി വളര്‍ത്താന്‍ എല്ലാവരും ശ്രമിക്കണം. എനിക്കാ ഭാഗ്യം ലഭിച്ചിട്ടുണ്ട്. നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ഉത്തരവാദിത്വത്തോടെ, ഭയമില്ലാതെ ചെയ്യുക. വിദ്യാഭ്യാസമാണ് പ്രധാനം. ജാതി മതം നിറം ഒന്നും പ്രസക്തമല്ല. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അതിനി സ്‌കൂളിലായാലും സെറ്റിലായാലും എവിടെയായാലും ചോദ്യം ചെയ്യപ്പെടണം. സംഭാഷണങ്ങളിലൂടെ നിലപാടുകള്‍ നിറഞ്ഞ വേദി ആത്മവിശ്വാസത്തിന്റെ അനുരണനങ്ങളായി.

ഷാരൂഖ് ഖാനൊപ്പം സിനിമ പ്രതീക്ഷിക്കാമോ എന്നു ചോദിച്ചപ്പോള്‍ എന്തുകൊണ്ട് മമ്മൂട്ടി,  മോഹന്‍ലാലിനൊപ്പം ആയിക്കൂടെന്ന് രേഖാമേനോന്‍. ഫഹദ് ഫാസിലായാലെന്താ എന്നായി ശ്വേത. മലയാളം സിനിമയിലേക്ക് വരാന്‍ താത്പര്യമുണ്ടെന്നും ഏത് ഭാഷയിലായാലും ആ ഭാഷയില്‍ ഡബ്ബു ചെയ്യണമെന്നതുമാണ് തന്റെ ആഗ്രഹമെന്നുമായിരുന്നു ശ്വേതയുടെ നിലപാട്. ഇഡ്ഡലിയും ദോശയുമടക്കം തെന്നിന്ത്യന്‍ ഭക്ഷണമാണ് തനിക്ക് ഇഷ്ടമെന്നും കൂട്ടി ചേര്‍ത്തു. ഒടുക്കം മലയാളത്തില്‍ വരാന്‍ പോവുന്നതല്ലേ മൂന്നു മലയാളം വാക്കുകള്‍ പഠിപ്പിച്ചുകൊണ്ടീ പരിപാടിക്ക് വിരാമമിടാമെന്നും രേഖയും. 

നന്ദി, നമസ്‌കാരം വീണ്ടും വരാം.. ആദ്യമത് നന്ദിനി... നമസ്‌കാരം എന്നായിപ്പോയെങ്കിലും തിരുത്തി പറഞ്ഞ ശ്വേത നിറഞ്ഞ കയ്യടിയോടെ ശ്രോതാക്കളുടെ ഹൃദയത്തിലേറിയാണ് തിരികെ പോയത്. മാതൃഭൂമിയുടെ സ്നേഹോപഹാരം ഫെസ്റ്റിവല്‍ ഡയറക്ടര്‍-ഡയറക്ടര്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മയൂര ശ്രേയാംസ്‌കൂമാര്‍ ശ്വേതയ്ക്ക് സമ്മാനിച്ചു.

Content Highlights: Shweta Tripathi at mbifl 2025