ചൈനയുടെ പേരില്‍ കൊമ്പുകോര്‍ത്ത് തരൂരും ചന്ദ്രന്‍ നായരും

ബ്രിക്‌സും പാശ്ചാത്യാനന്തര ലോകക്രമവും എന്നതായിരുന്നു ചര്‍ച്ചാവിഷയമെങ്കിലും ചര്‍ച്ച ചൈനയിലേക്ക് കടന്നപ്പോള്‍ ശശി തരൂരിനുള്ളിലെ ദേശീയതാവാദി ഉണര്‍ന്നു. ചൈനയ്ക്ക് ഇന്ത്യയുമായി സൗഹൃദം കൊണ്ടുപോവാനുള്ള താത്പര്യമുണ്ടെന്ന് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടുമാറോയുടെ സിഇഒയും സാമ്പത്തിക വിദഗ്ധനുമായ ചന്ദ്രന്‍ നായര്‍ വേദിയില്‍ വെച്ച് പറഞ്ഞപ്പോള്‍ ആ വാദത്തിലെ ആത്മാര്‍ഥയെ സംശയിച്ച തരൂര്‍ ചൈനയുടെ ഇന്ത്യയോടുള്ള സമീപനത്തിനെതിരേ ആഞ്ഞടിച്ചു.
സൗഹൃദം കൊണ്ടുപോവേണ്ട യാതൊരു മര്യാദകളും ചൈന ഒരുകാലത്തും പാലിച്ചിട്ടില്ലെന്ന് തരൂര്‍ വ്യക്തമാക്കി. 'ചൈന ഒരുകാലത്തും ഇന്ത്യയോട് സൗഹൃദപരമായല്ല പെരുമാറിയത്്. എത്രയോ ഇന്ത്യക്കാരെ അവര്‍ കൊന്നൊടുക്കി.രാജ്യത്തേക്ക് തീവ്രവാദികളെ അയച്ചു'. ചൈനീസ് നയങ്ങളും സമീപനവും കാണുമ്പോള്‍ അവരെ സൂക്ഷിക്കണമെന്ന ചിന്തയല്ലാതെ മറ്റൊന്നും തന്റെ മനസ്സിലേക്ക് കടന്നുവരുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
പഴയ കാലത്ത് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ചൈന തയ്യാറാണെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ചൈന വിമുഖത കാണിച്ചിട്ടില്ലെന്നും ചന്ദ്രന്‍ നായര്‍ മറുപടി പറഞ്ഞു. എന്നാല്‍ ആ വാദത്തില്‍ തരൂര്‍ തൃപ്തനായിരുന്നില്ല. ഇന്ത്യയോട് സൗഹൃദം വേണമെന്ന് ചൈന ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താന്‍ മുന്നോട്ടു വെക്കുന്ന ഈ അഞ്ച് ആവശ്യങ്ങളില്‍ മൂന്നെങ്കിലും ചൈന നിറവേറ്റതുണ്ടെന്ന് തരൂര്‍ വ്യക്തമാക്കി. ചൈനയ്ക്ക മുന്നില്‍ തരൂര്‍ വെച്ച ആ അഞ്ച് ആവശ്യങ്ങൾ ഇതൊക്കെയായിരുന്നു.
- കശ്മീരില്‍ നിന്നും അരുണാചല്‍പ്രദേശില്‍ നിന്നും വരുന്ന ഇന്ത്യക്കാര്‍ക്ക് വിസ നിഷേധിക്കുന്നതില്‍ പരിഹാരം
- ചൈനീസ് മാര്‍ക്കറ്റിലേക്ക് കടക്കാന്‍ ഇന്ത്യന്‍ ബിസിനസ്സുകാര്‍ നേരിടുന്ന തടസ്സം നീക്കല്‍.
- അതിര്‍ത്തികളില്‍ ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കത്തിന് പരിഹാരം.
- നൂക്ലിയര്‍ സപ്ലൈയര്‍ സംഘത്തിലേക്കുള്ള ഇന്ത്യയുടെ വരവിനു വിലങ്ങുതടിയാവുന്നത് അവസാനിപ്പിക്കല്‍
- യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ഇന്ത്യയ്ക്കുള്ള സ്ഥിരാംഗത്വത്തിനുള്ള പിന്തുണ നല്‍കല്‍
ഈ ആവശ്യങ്ങളില്‍ മൂന്നെങ്കിലും പരിഗണിക്കുകയാണെങ്കില്‍ ചൈനയുടെ താത്പര്യത്തില്‍ ആത്മാര്‍ഥതയുണ്ടെന്ന മനസ്സിലാക്കാമെന്നും അതുവരെ അവരെ സംശയത്തോടെയേ കാണൂവെന്നും തരൂര്‍ അറിയിച്ചു. ചൈനയ്ക്ക് നമ്മുടെ വിശ്വാസം വേണമെങ്കില്‍ അത് നേടിയെടുക്കേണ്ടതാണെന്നും തരൂര്‍ അസന്നിഗ്ധമായി പറഞ്ഞു. ചൈനയുടെ ആധിപത്യത്തിലുള്ള ലോകക്രമം അമേരിക്കന്‍ ആധിപത്യത്തിലുള്ള ലോകക്രമം പോലെതന്നെയാണ് തങ്ങള്‍ കാണുന്നതെന്നും തരൂര്‍ വ്യക്തമാക്കി.
Content Highlights: Shashi Tharoor and Chandran Nair at mbifl 2025