ഓസ്ക്കർ വേണ്ട, പണി തന്ന് മുങ്ങിയ ആ നിർമാതാവിനെ ഒന്ന് കണ്ടുകിട്ടിയാൽ മതി-ശരത്

അലമ്പ് പാട്ടുകളുണ്ടാക്കാൻ തനിക്ക് വളരെ ഇഷ്ടമാണെന്നും എന്നാൽ ആരും അതിന് വിളിക്കാറില്ലെന്നും സംഗീത സംവിധായകൻ ശരത്. മഴ മഴ കുട കുട എന്ന പരസ്യം ഞാൻ ചെയ്തതാണെന്ന് അധികമാർക്കും അറിയില്ല. വടികൊണ്ട് തല്ലല്ലേ സാറെ, പോപ്പിക്കുട കൊണ്ട് തല്ലിക്കോ വേണേൽ... ഇതൊക്കെയാണ് നമ്മുടെ സ്വഭാവം. മുഴുവൻ സമയവും തമ്പുരുവും കൊണ്ടാണല്ലോ. അതുകൊണ്ട് ഒരു നാരദനെ പോലെയാണ് സംവിധായകരും നിർമ്മാതാക്കളും എന്നെ എപ്പോഴും കാണുന്നത്. നിലവിളി പാട്ടുണ്ടാക്കാൻ ഇഷ്ടമാണ്. അതിനുള്ള അവസരം കിട്ടണ്ടേ. തംബുരു മൂടിവെച്ചിട് ഒരുപാട് കാലമായെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിൽ ശരത്കാലം എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അമ്മ പറഞ്ഞാണ് ഒരു കാസറ്റ് ചെയ്യുന്നത്. അതിനുള്ള പണവും അമ്മ തന്നെ തന്നു. അത് കേട്ടാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. പാട്ടുകളെല്ലാം സംഗീതം ചെയ്തുകഴിഞ്ഞ് നോക്കുമ്പോൾ നിർമ്മാതാവിനെ കാണാനില്ല. അതുവരെ ഉമ്മയും തന്ന് കൂടെനിന്ന നിർമ്മാതാവിനെയാണ് പണിയെല്ലാം കഴിഞ്ഞ് കാണാതാവുന്നത്. ഒടുക്കം അമ്മയുടെ മാല പണയം വെച്ചാണ് പാടിയവർക്കെല്ലാം പണം നൽകിയത്. സത്യത്തിൽ ഓസ്‌കർ കിട്ടണമെന്നല്ല, ആ സിനിമയുടെ നിർമ്മാതാവിനെ ഒരു വട്ടം കൂടി കാണണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം'- ശരത് പറഞ്ഞു.
പണിയെടുത്തിട്ടും തനിക്ക് പണം നൽകാത്ത ഒരുപാട് നിർമ്മാതാക്കൾ ഉണ്ടെന്നും ഒരു പാട്ട് വിജയമായാലും അടുത്ത പടം കിട്ടുമെന്ന് ഉറപ്പില്ലെന്നും ശരത് കൂട്ടിച്ചേർത്തു. എസ്. പി ബാലസുബ്രഹ്മണ്യം, ഒ. എൻ. വി, ഗിരീഷ് പുത്തഞ്ചേരി, യേശുദാസ്, സിബി മലയിൽ തുടങ്ങി പ്രശസ്ത വ്യക്തികളോടൊപ്പം പ്രവർത്തിച്ച ഓർമകളും അദ്ദേഹം പങ്കുവെച്ചു. റെജി ആർ നായരായിരുന്നു മോഡറേറ്റർ.
Content Highlights: Music Director Sharreth section at mbifl 2025