ഇന്ത്യ അത്ഭുതങ്ങളുടെ നാടാണ്, ഇന്ത്യ കാണാനാണ് ഇറങ്ങിപ്പുറപ്പെടേണ്ടത്- സന്തോഷ് ജോർജ് കുളങ്ങര

ഇന്ത്യ കാണാത്തവർ ആദ്യം ഇറങ്ങിപ്പുറപ്പെടേണ്ടത് ഇന്ത്യ കാണാനാണെന്ന് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യ അത്ഭുതങ്ങളുടെ നാടാണെന്നും കുഴപ്പങ്ങളും കുറവുകളും തിരിച്ചറിഞ്ഞ് യാത്ര ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്ദിനി മേനോന്റെ ഭൂട്ടാൻ. വിശുദ്ധ ഭ്രാന്തിന്റെ വഴിത്താരകൾ എന്ന പുസ്തകം വേദിയിൽ വെച്ച് പ്രകാശനം ചെയ്തു.
സഞ്ചാരം നടത്തി എന്നതുകൊണ്ട് മാത്രം ഒരാൾ ഒരിക്കലും ഉദ്ദേശിച്ച പോലെ ആകില്ല. ആ സഞ്ചാരം കൃത്യമായ വഴിയിൽ, ഒരു മാധ്യമത്തിൽ കൂടി ആളുകളിലേക്ക് എത്തിച്ച് അവരെ സ്വാധീനിക്കുകയും കാണുന്നവരുടെ മനസ്സിൽ ആഗ്രഹം ജനിപ്പിക്കുകയുമാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു.
സഞ്ചരിച്ചിരിക്കേണ്ട രാജ്യം ഇന്ത്യയാണ്. കുഴപ്പങ്ങളും കുറവുകളും തിരിച്ചറിഞ്ഞു നാം യാത്ര ചെയ്യണം. ഇന്ത്യ കാണാത്ത ഒരാൾ ഇന്ത്യ കാണാനാണ് ഇറങ്ങിപ്പുറപ്പെടേണ്ടത്. ഇന്ത്യ അത്ഭുതങ്ങളുടെ നാടാണ്, സംശയമില്ല. നമുക്ക് അറിയാം നമ്മുടെ കുറവുകൾ. ലോകത്തെ ഏത് രാജ്യത്തിന്റേയും നിലവാരമറിയാൻ, അവിടത്തെ സംവിധാനങ്ങളെക്കുറിച്ച് അറിയാൻ പ്രയാസമൊന്നുമില്ല. പൊതു സമൂഹത്തിന് മുമ്പിലുള്ള അവസരം വലുതാണ്.
പ്രതികരിക്കുന്ന സമൂഹം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാർ മുഴുവൻ സ്റ്റുഡന്റ് വിസയെടുത്ത് പുറത്തേക്ക് പോകുകയാണ്. മുദ്രാവാക്യം വിളിച്ച് കോളേജ് ക്യാമ്പസുകളിൽ സമരം നടത്തി പ്രതിഷേധിക്കുമ്പോൾ, ഇനി എവിടെ ശിഷ്ടകാലം ജീവിക്കണം എന്ന് യുവാക്കൾ തീരുമാനിക്കുന്നു. ഏത് രാജ്യത്താണ് ഇനി ജീവിക്കേണ്ടത് എന്ന് അവർ തീരുമാനിക്കുന്നു. ആ തീരുമാനമെടുത്തതിന്റെ ഫലമായി ഓരോ വർഷവും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ വിദേശത്തേക്ക് ഒഴുകുന്നു. ഇതാണ് വാസ്തവം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലയാളികൾക്ക് പൗരബോധമുണ്ട്. റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ, ബസ് സ്റ്റോപ്പുകളിൽ ചെല്ലുമ്പോൾ, തീയേറ്ററുകളിൽ സഞ്ചരിക്കുമ്പോൾ ഒക്കെ അത് പ്രകടമാണ്. എന്നാൽ കേരളത്തെ കാണുന്നത് ലോകനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ്. ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, ലോകനിലവാരമുള്ള വിദ്യാഭ്യാസം, ലോകനിലവാരമുള്ള ആശുപത്രി എന്നൊക്കെ പറയുമ്പോൾ നമ്മൾ ഇന്ത്യൻ നിലവാരമായിട്ടല്ല താരതമ്യം, ലോകനിലവാരമനുസരിച്ചാണ്. ലോകനിലവാരത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ കേരളത്തിലെ പൗരബോധം എത്തിയിട്ടുണ്ടെന്ന് പറയാൻ സാധിക്കില്ല - സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
Content Highlights: santhosh george kulangara mbifl 2025