ആ ഗാനം മരണത്തെക്കുറിച്ചല്ല, കേൾക്കാൻ എനിക്കും ഇഷ്ടമല്ല- റഫീക്ക് അഹമ്മദ്

'മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ' എന്ന ഗാനം ഒരിക്കലും മരണത്തെക്കുറിച്ചുള്ളതല്ല, അത് പ്രണയത്തെക്കുറിച്ചുള്ളതാണെന്ന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. കവിതയായിട്ടെഴുതിയത് പ്രസിദ്ധീകരിക്കാൻ പോലും വിചാരിച്ചതല്ലെന്നും എന്നാൽ, സിനിമയിൽ എത്തിയപ്പോൾ അതിൽ മരണം കൂടുതൽ മുഴച്ചു നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'മരണത്തെപ്പറ്റി ചില വീണ്ടു വിചാരങ്ങൾ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. എം.ആർ. രാജഗോപാൽ, ഡോ. കെ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. രാജീവ് ദേവരാജ് മോഡറേറ്ററായി. യാത്രപോലെ, വിവാഹം പോലെ വിരമിക്കൽ പോലെ മരണവും പ്ലാൻ ചെയ്യണമെന്നും സംവാദത്തിൽ അഭിപ്രായമുയർന്നു.
'കവിതയായിട്ടാണ് ആ പാട്ട് എഴുതിയത്. ഞാനുൾപ്പെടെ ആ പാട്ട് ഇഷ്ടപ്പെടാത്ത ആളാണ്. പ്രസിദ്ധീകരിക്കാൻ പോലും വിചാരിച്ചതല്ല. വ്യക്തിപരമായ കാര്യത്തിൽ നിന്ന് വന്ന കവിതയായിരുന്നു. അത് സിനിമയിൽ വന്നപ്പോൾ സംഗീതവും അതിന്റെ സന്ദർഭവും ആലാപനരീതിയും ആ കവിതയിൽ മരണം കൂടുതൽ മുഴച്ചു നിൽക്കുന്ന അനുഭവമുണ്ടായി. കവിതയിൽ മരണമല്ല ഉള്ളത്, പ്രണയമാണ് ഉള്ളത്. മരണത്തിന്റെ സമയത്ത് പോലും നീ അടുത്തുണ്ടാകണമെന്നതും നിന്റെ ഗന്ധമുണ്ടാകണമെന്നതും തീവ്രമായ പ്രണയത്തിന്റെ ആവിഷ്കാരമായിട്ടാണ് ഞാൻ വിചാരിച്ചത്. എന്നാൽ മരണവുമായി ബന്ധപ്പെട്ടാണ് അത് സ്വീകരിക്കപ്പെട്ടത്. പലതരത്തിലും കവിത വായിക്കാം എന്ന സ്വാതന്ത്ര്യമുണ്ട്' - റഫീക്ക് അഹമ്മദ് പറഞ്ഞു.
മരണം എന്ന് പറയുന്നത് സുന്ദരമായ കാര്യമാണ്. ഉറപ്പിച്ചു പറയാൻ പറ്റുന്ന ഒരു സംഗതി മരണമാണ്. അത് നമ്മുടെ ജീവിതത്തിന് ക്വാളിറ്റി നൽകുന്നുണ്ട്. മരണം എപ്പോൾ സംഭവിക്കും എന്ന് പ്രവചിക്കാൻ സാധിക്കാത്തത് നമ്മുടെ ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുന്നുണ്ട്. നമ്മൾ ഇടപഴകുന്ന പല നിസ്സാരതകളേയും പല അൽപ്പത്തരങ്ങളേയും വേറൊരു രീതിയിൽ നോക്കിക്കാണാൻ അത്തരത്തിലുള്ള ഒരു കാഴ്ച നൽകുന്നുണ്ട്- റഫീക്ക് അഹമ്മദ് കൂട്ടിച്ചേർത്തു.
'മരണത്തെപ്പറ്റി ആലോചിക്കണം എന്ന് പറയുന്നത് നിങ്ങളുടെ ജീവിതത്തെപ്പറ്റി ഒന്നു കൂടി പ്ലാൻ ചെയ്യണമെന്നാണ്. ഒരു ദിവസം ഇല്ലാതെയാകും എന്ന് തിരിച്ചറിയുകയും ആ സമയത്ത് നമ്മൾ ഇപ്പോൾ പ്രധാനമെന്ന് കരുതുന്ന ഒരുപാട് കാര്യങ്ങൾ പ്രധാനമല്ല. മനുഷ്യന് തിരിച്ചറിവുണ്ടാക്കും. ഇത് വലിയ വ്യത്യാസങ്ങളുണ്ടാക്കും. മരണത്തെപ്പറ്റിയുള്ള സത്യസന്ധമായ ആലോചന വളരെ കുറവാണ്. എല്ലാ മതങ്ങളും പ്രധാനമായും കേന്ദ്രീകരിക്കുന്നത് മരണത്തെച്ചുറ്റിപ്പറ്റിയാണ്. ആൾക്കാരെ മരണത്തെപ്പറ്റി സംസാരിക്കണം ചർച്ച ചെയ്യണം സ്വന്തം മരണത്തെപ്പറ്റി ആലോചിക്കണം എന്ന് പറയുമ്പോൾ പലപ്പോഴും കേട്ടിരുന്നത് നെഗറ്റീവ് ഡാർക്ക് എന്നിങ്ങനെയാണ്. എന്നാൽ അത് അങ്ങനെയല്ല, നിങ്ങളുടെ മരണം ഒരുദിവസം സംഭവിക്കുമെന്ന് പറഞ്ഞുതുടങ്ങുമ്പോൾ അതുവരെയുള്ള ജീവിതത്തെപ്പറ്റിയാണ് നിങ്ങൾ ആലോചിക്കേണ്ടത്. അത് പ്രധാനമാണ്. നാളെ മരിച്ചു പോകും എന്നത് അത്ര സന്തോഷമുള്ള കാര്യമല്ല, എന്നാൽ അത് നിരസിക്കാൻ പറ്റുന്നതുമല്ല. അപ്രധാനമല്ലാത്ത ചില കാര്യങ്ങൾവെച്ച് സ്വന്തമായി ഉണ്ടാക്കുന്ന ഒരുപാട് മാനസിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ മരണത്തെക്കുറിച്ച് ഓർക്കുന്നത് ഇല്ലാതാക്കും. മരണത്തെക്കുറിച്ച് ആലോചിക്കേണ്ടത് മരിക്കാൻ കിടക്കുമ്പോഴല്ല. മരണത്തെപ്പറ്റിയുള്ള ആലോചന നേരത്തെ തന്നെ തുടരേണ്ടതാണ്, ഇപ്പോൾ എന്തെങ്കിലും ചെയ്യാനുണ്ടോ എന്നാണ്'- ഡോ. കെ സുരേഷ് കുമാർ പറഞ്ഞു.
കേബിളുകള്‍ ചുറ്റി, ശബ്ദമുണ്ടാക്കുന്ന യന്ത്രങ്ങളുടെ സമീപത്ത് തടവില്‍ കിടക്കും പോലെയാണ് ഇപ്പോഴത്തെ മരണങ്ങള്‍. ചില സാഹചര്യങ്ങളില്‍ ഇത്തരം സഹായം ആവശ്യമുണ്ട്. പക്ഷേ എല്ലാവര്‍ക്കും ഐ.സി.യു. മരിക്കാനുള്ള ഇടമാക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം. വ്യക്തികള്‍ കൂട്ടായി ഇക്കാര്യം ചര്‍ച്ച ചെയ്യണം. മരണ സാക്ഷരത ഉണ്ടാകണം. അനാവശ്യമായ ഐ.സി.യു.വാസം കൊണ്ട് ആ വ്യക്തിയുടെ പിന്തുടര്‍ച്ചക്കാര്‍ വലിയ കെണിയില്‍ ആകുന്നുവെന്ന് ഡോ.എം.ആർ. രാജഗോപാൽ പറഞ്ഞു.
Content Highlights: rafeek ahammed mbifl 2025 session