പ്രിയപ്പെട്ട പുസ്തകങ്ങള്‍ കാന്‍വാസില്‍ : ആദ്യ ചിത്രം സ്വന്തമാക്കി വിജയാനന്ദ്

തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരവേദിയില്‍ വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന നോവലിനെ ആസ്പദമാക്കി വരച്ച ചിത്രം വില്‍പ്പന ചെയ്തു. ഗിരീഷ് മക്രേരി വരച്ച ചിത്രമാണ് വില്‍പ്പന നടത്തിയത്. വിജയാനന്ദ് എന്നയാളാണ് ചിത്രം വാങ്ങിയത്. അക്ഷരോത്സവ വേദിയിലെ മാതൃഭൂമി ബുക്ക്‌സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രം കണ്ട് ഇഷ്ടപ്പെട്ട വിജയാനന്ദ് ചിത്രകാരനുമായി ബന്ധപ്പെടുകയായിരുന്നു.
വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ 100-ാം വാര്‍ഷിക ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നോവലിനെ ആസ്പദമാക്കി കര എന്ന പ്രമേയത്തില്‍ വിവിധ കലാകാരന്‍മാര്‍ ചേര്‍ന്ന് അക്ഷരോത്സവത്തിന്റെ ആദ്യ ദിനം ചിത്രരചന നടത്തിയിരുന്നു.
ചിത്ര രചനയ്ക്ക് വേദിയായ ക കോര്‍ണറില്‍ നടന്ന ചടങ്ങില്‍ കാര്‍ട്ടൂണിസ്റ്റ് കെ. ഉണ്ണികൃഷ്ണനും ആര്‍ട്ടിസ്റ്റ് ഗിരീഷ് മക്രേരിയും ചേര്‍ന്ന് വിജയാനന്ദിന് ചിത്രം കൈമാറി.
സുഭാഷ് ചന്ദ്രന്റെ സ്മാരകശിലകളെ ആസ്പദമാക്കി കടല്‍ എന്ന പ്രമേയത്തിലും സോണിയ ചെറിയാന്റെ സ്‌നോ ലോട്ടസിനെ ആസ്പദമാക്കി കാലാവസ്ഥ എന്ന പ്രമേയത്തിലും ചിത്രരചന നടന്നിരുന്നു. അക്ഷരോത്സവത്തിന്റെ അവസാന ദിനമായ ഞായറാഴ്ച ആര്‍ രാജശ്രീയുടെ ആത്രേയകം എന്ന നോവലിനെ ആസ്പദമാക്കി കാട് എന്ന പ്രമേയത്തില്‍ ചിത്രരചന നടത്തും.
Content Highlights: paavangal, Ka Corner, MBIFL2025, Mathrubhumi