ഇന്ത്യയെ കണ്ടെത്തലിന്റെ അടിസ്ഥാനം മാർക്സിസം, നെഹ്റുവിനോട് ബഹുമാനം തോന്നി- എം.വി. ഗോവിന്ദൻ

ജവഹർലാൽ നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകം സൂക്ഷ്മമായി വായിച്ചപ്പോഴാണ് നെഹ്റുവിനോട് വലിയ ബഹുമാനം തോന്നിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആ പുസ്തകം യഥാർത്ഥത്തിൽ മാർക്സിസത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയ പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ രാഷ്ട്രീയക്കാരുടെ പുസ്തകങ്ങൾ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് നേതാവ് കെഎഎ ഖാദർ, കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു എന്നിവർ സംവാദത്തിൽ പങ്കെടുത്തു. കെ. മധു മോഡറേറ്ററായി.
'മാർക്സിസം ദർശനം വൈരുദ്ധാത്മക ഭൗതികവാദ ദർശനമാണ്. അതിന്റെ എല്ലാ അർത്ഥത്തിൽ. വൈരുദ്ധാത്മക ഭൗതികവാദമെന്ന മാർക്സിയൻ ദർശനം മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തിലേക്ക് സാമൂഹ്യവികാസഘട്ടങ്ങളിലേക്ക് പ്രവേശിപ്പിച്ചാൽ കിട്ടുന്നെന്തോ അതാണ് ചരിത്രപരമായ വൈരുദ്ധാത്മക ഭൗതികവാദം. എങ്ങനെയാണ് ചരിത്രം രൂപപ്പെട്ടു വന്നത് എന്നുള്ള ചരിത്രപരമായ വൈരുദ്ധാത്മക ഭൗതികവാദമാണ് ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകത്തിന്റെ ഉള്ള്. നെഹ്റുവിന്റെ ചരിത്രപരമായ അവബോധത്തോടെ എഴുതപ്പെട്ടതാണ് എന്നതുകൊണ്ടാണ്, മാർക്സിയൻ ദർശനമായ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ ചരിത്രപരമായ ഭൗതികവാദമായി രൂപപ്പെടുത്തി അതിൽ നിന്ന് ചരിത്രരചന നടത്തിയ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രകാരന്മാരിൽ ഒരാളാണ് ജവഹർലാൽ നെഹ്റു'- അദ്ദേഹം പറഞ്ഞു.
പി.വി. ഷാജികുമാറിന്റെ മരണവംശം തന്റെ ജീവിതവുമായി ബന്ധപ്പെട്ട ഭൂമികയിൽ നിന്ന് എഴുതപ്പെട്ടതാണ്. മാതൃഭൂമി ഇത്തരത്തിൽ നല്ല രീതിയിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും അത് സമൂഹത്തിന് തീർച്ചയായിട്ടും ഭൗതികമേഖലയിൽ ഒരു സ്വത്തായിട്ട് മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യമായിഞാൻ വായിച്ച നോവൽ മുട്ടത്തുവർക്കിയുടെ മയിലാടുംകുന്ന് ആണെന്നും അദ്ദേഹം പറഞ്ഞു.
വായിക്കാനുള്ള സമയം മിക്കവാറും യാത്രകളിലാണ്. ഷാജി കുമാറിന്റെ മരണവംശം എന്ന പുസ്തകം യഥാർത്ഥത്തിൽ എന്റെ വ്യക്തി ജീവിതവുമായിട്ടുൾപ്പെടെ ബന്ധപ്പെട്ട് നിൽക്കുന്ന ഒരു ഭൂമികയിൽ നിന്ന് എഴുതപ്പെട്ട നോവലാണ്. നോവൽ വായിച്ചതിന് ശേഷം അദ്ദേഹത്തെ വിളിച്ചു. കാസർകോഡ് മേഖലയിൽ സി.പി.എം. ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് ഞാൻ, കണ്ണൂരിൽ നിന്ന് പോയിട്ട്. അവിടെ പോയി പ്രവർത്തിച്ച ഘട്ടത്തിലുള്ള സംഭവ പരമ്പരകളെ ചേർത്തിണക്കിക്കൊണ്ട് എഴുതിയിട്ടുള്ള ഒരു നോവലാണ് മരണവംശം. ജീവിതത്തിന്റെ ഭാഗമായിട്ട് ഒരു പ്രദേശത്തെ, ഒന്നോ രണ്ടോ തലമുറയെ പൂർണ്ണമായിട്ടും അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു നോവലാണ് മരണവംശം. അതും ജീവിതവുമായി ബന്ധപ്പെട്ടതാണ്- എം.വി. ഗോവിന്ദൻ പറഞ്ഞു.
രാഷ്ട്രീയപ്രവർത്തകർ എല്ലാ പുസ്തകങ്ങളും വായിച്ചിരിക്കണം. എല്ലാ വിഭാഗം മനുഷ്യരുടേയും ജീവിതം രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ഭരണാധികാരികളാണ് മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട ഭൗതിക കാര്യങ്ങൾ പലതും തീരുമാനിക്കുന്നത്. അതുകൊണ്ട് വായിച്ചിരിക്കേണ്ടതല്ലാത്ത ഒരു പുസ്തകവും രാഷ്ട്രീയക്കാരനില്ല. രാഷ്ട്രീയക്കാരെല്ലാം പുസ്തകങ്ങൾ വായിക്കാത്തവരാണ് എന്ന ധാരണ പിന്തുടരുന്നതിൽ അർത്ഥമില്ല. ധാരാളം പുസ്തകങ്ങൾ വായിക്കുന്നവരാണ്. ജനപ്രതിനിധിയാകാൻ വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല, എന്നാൽ അറിവ് ഉണ്ടാകുക എന്നത് ജനങ്ങളെ നയിക്കാൻ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അതുകൊണ്ട് വായിച്ചിരിക്കണം. ധാരാളമായി വായിക്കാറുണ്ട് - കെഎൻഎ ഖാദർ പറഞ്ഞു.
പുസ്തകം വായിച്ച് കോൺഗ്രസ് ആയതല്ല. കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തിൽജനിച്ചതുകൊണ്ട് കെ.എസ്.യു. ആയി. കോൺഗ്രസ് ആയതിന് ശേഷം എന്റെ അനുഭവങ്ങളും എന്റെ വായനയും എന്നെ കോൺഗ്രസായി ഉറപ്പിച്ചു. ഗാന്ധിവായന ഇതിൽ പ്രധാനഘടകമാണ് - എം. ലിജു പറഞ്ഞു.
Content Highlights: mv govindan mbifl 205