പദ്മശ്രീ വൈകിയതില്‍ നിരാശയില്ല- ഐ.എം. വിജയന്

പദ്മശ്രീ പുരസ്കാരം കിട്ടാന്‍ വൈകിയതില്‍ തനിക്ക് നിരാശയില്ലെന്ന് ഫുട്ബോള്‍ താരം ഐ.എം. വിജയന്. മാതൃഭൂമി അന്തരാഷ്ട്ര അക്ഷരോത്സവത്തില്‍ 'കാല്‍പ്പന്തിന്റെ പദ്മശ്രീ തിളക്കം' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''അര്‍ജുന അവാര്‍ഡിംഗ് സമയത്തും വൈകിയോ എന്ന ചോദ്യം വന്നിരുന്നു. കേന്ദ്രത്തില്‍ പിടിപാട് ഉണ്ടെങ്കിലേ അര്‍ജുന കിട്ടുകയുള്ളൂ എന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ എനിക്ക് കളിക്കാനെ അറിയുള്ളൂ''-വിജയന് പറഞ്ഞു.
ഇന്ത്യന്‍ ഫുട്ബോളിന്റെ നിലവിലെ അവസ്ഥയെ കുറിച്ചും വിജയന് സംസാരിച്ചു. ' ഇപ്പോഴത്തെ ടീം വെച്ച് ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടാനാവില്ല. എന്നാല്‍ കുട്ടികളെ ചെറുപ്രായത്തിലേ തിരഞ്ഞെടുത്ത് വിദേശത്ത് പരിശീലിപ്പിച്ചാല്‍ ഭാവിയില്‍ ലോകകപ്പിന്റെ വാതിലുകള്‍ തുറക്കും. അല്ലെങ്കില്‍ ഖത്തറിനെ പോലെ ആതിഥേയരായാലേ ലോകകപ്പ് സ്വപ്നം പൂവണിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയില്‍ കോച്ചാകുമോ എന്ന ചോദ്യത്തിനും വിജയന് മറുപടി നല്കി. ' കോച്ചവാനുള്ള ബി ലൈസന്‍സ് ഉണ്ട്. പക്ഷേ അത് കരിയര്‍ ആക്കണം എന്നൊന്നും ചിന്തിച്ചിട്ടില്ല. അടുത്ത ഏപ്രിലില്‍ പോലീസില്‍ നിന്ന് വിരമിക്കുകയാണ്. അതിനുശേഷം അതിനെക്കുറിച്ച് ആലോചിക്കും. ' ഒരുപാട് ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രിയപ്പെട്ടത് കേരള പോലീസിന്റെ ജേഴ്സിയാണെന്നും പോലീസ് ടീമില്‍ ചേര്‍ന്നത് ജീവിതത്തിലെ വഴിത്തിരിവായെന്നും വിജയന് പറഞ്ഞു. മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥ് ആയിരുന്നു മോഡറേറ്റര്‍.
Content Highlights: mbifl 2025 imvijayan indian football