ആർ.എസ്.എസ്, അടിയന്തരാവസ്ഥ, പൊളിറ്റിക്കൽ ഇസ്‌ലാം, പിന്നെ കളിക്കളത്തിലെ മല്ലുമിനാറ്റിയും

തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിൽവീണ കറുത്തപുള്ളിയാണ് അടിയന്തരാവസ്ഥ. ഇന്നും അതൊരു പേടിയുടെകാലം. അടിയന്തരാവസ്ഥയ്ക്ക്് ഈവർഷം 50 വയസ്സാവുകയാണ്. ‘ഒരു നീണ്ടരാത്രിയുടെ ഓർമ്മ’ എന്ന ചർച്ചയിൽ അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കാനെത്തുന്നത് ജി. സുധാകരൻ, കെ. അജിത, സോമശേഖരൻ എന്നിവരാണ്. മതനിരപേക്ഷ ഇന്ത്യയിലെ പൊളിറ്റിക്കൽ ഇസ്‌ലാം എപ്പോഴും തീവ്രമായി ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. അക്ഷരോത്സവം ഇക്കാര്യം ചർച്ചചെയ്യുമ്പോൾ പങ്കെടുക്കുന്നത് പി. ജയരാജൻ, ഹമീദ് ചേന്നമംഗലൂർ, സി. ദാവൂദ് എന്നിവരാണ്.
‘എഴുത്തിൽ സൗന്ദര്യത്തിന് എന്ത് പ്രാധാന്യമുണ്ട്? രചനകളെ അത് എത്രത്തോളം സ്വാധീനിക്കുന്നു?’. അക്ഷരോത്സവത്തിൽ ഈ വിഷയം സംസാരിക്കുന്നത് ബി. ജയമോഹനും കല്പറ്റ നാരായണനും. പഴയകാലത്തിന്റെ നൊസ്റ്റാൾജിയ മാത്രമാവുന്നതിനുമുൻപ് നാടകത്തെ തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് ബി. അനന്തകൃഷ്ണൻ, സജിത മഠത്തിൽ, ദീപൻ ശിവരാമൻ എന്നിവർ ചർച്ചചെയ്യും.
പാട്ട് കാലത്തിന്റെകൂടി കലയാണ്. പലകാലം പലതരത്തിൽ പാട്ടിൽ പ്രവർത്തിക്കുന്നു. പാട്ടിലെ പല(തല)മുറകൾ എന്നവിഷയത്തിൽ കെ. ജയകുമാർ, ഷിബു ചക്രവർത്തി, മനു മഞ്ജിത്ത് എന്നിവർ സംവദിക്കും.
മൈതാനത്ത് ദേശീയതലത്തിൽ മലയാളികൾ മിന്നുന്ന കാലമാണിത്. ‘കളിക്കളത്തിലെ മല്ലുമിനാറ്റി’ എന്ന വിഷയത്തിൽ അക്ഷരോത്സവത്തിൽ അഞ്ജു ബോബി ജോർജ്, ഐ.എം. വിജയൻ, എസ്. ശ്രീശാന്ത് എന്നിവർ സംവദിക്കും. വിമർശനം, മുഖംനോക്കാതെ ചെയ്യേണ്ട കലയാണ്. മുഖംനോക്കാതെയുള്ള വിമർശനത്തെക്കുറിച്ച് സംസാരിക്കുന്നത് അഡ്വ. എ. ജയശങ്കറും ജോയ് മാത്യുവും.
ഓരോതവണയും അഫ്ഗാനിസ്താന്റെ പതനം ലോകം ആശങ്കയോടെയാണു കണ്ടുനിന്നത്. രണ്ടുകാലങ്ങളിൽ കാബൂളിന്റെ പതനംകണ്ട രണ്ട് മാധ്യമപ്രവർത്തകർ അക്ഷരോത്സവത്തിൽ ‘THE FALL OF KABUL’ എന്നവിഷയം സംസാരിക്കാനെത്തുന്നു. നയനിമ ബസുവും എം. കേശവമേനോനും. ജർമൻ ടെലിവിഷന്റെ കാബൂൾ പ്രതിനിധികൂടിയായ പി.എം. നാരായണനുമായാണ് ഇവർ സംവദിക്കുക.
‘പടിഞ്ഞാറൻ മാധ്യമങ്ങളും ഗ്ലോബൽ സൗത്തും’ എന്നവിഷയം ചർച്ചചെയ്യുന്നത് സ്റ്റാൻലി ജോണിയും അൻജാൻ സുന്ദരവും ഡോ. കെ.എം. സീതിയും ചേർന്ന്. മനോഹരമായ പാട്ടുകൾനിറഞ്ഞ ‘ചിറ്റ്ചോർ’ എന്ന സിനിമയാണ് നടൻ അമോൽ പലേക്കറെ പ്രിയങ്കരനാക്കിയത്. ചിറ്റ്‌ചോറിനെക്കുറിച്ചും അതിനുശേഷമുള്ള കാലത്തെക്കുറിച്ചും അമോൽ പലേക്കർ, സന്ധ്യാ ഗോഖലെ, മീന ടി. പിള്ള എന്നിവരുമായി സംസാരിക്കും.
ആർ.എസ്.എസ്. പ്രസ്ഥാനത്തിന് നൂറുവർഷമാവുകയാണ്. ഈ പശ്ചാത്തലത്തിൽ ‘ഹിന്ദുരാഷ്ട്രത്തിന് വിലകൊടുക്കേണ്ടതാര് ?’ എന്നവിഷയത്തിൽ അക്ഷരോത്സവത്തിൽ നടക്കുന്ന ചർച്ചയിൽ എ. ജയകുമാർ, എം. സ്വരാജ്, വി.ടി. ബൽറാം എന്നിവർ സംസാരിക്കും.
Content Highlights: MBIFL 2025 features insightful panel discussions on Emergency, political Islam