സംവാദങ്ങളുടെ, സംഭാഷണങ്ങളുടെ സര്‍ഗ മഹോത്സവത്തിന് കൊടിയിറക്കം

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി ഡെയ്ലി - ഡിജിറ്റല്‍ എഡിറ്റര്‍ മനോജ് കെ ദാസ്, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പിവി. ചന്ദ്രന്‍,  മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍, നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍, എഴുത്തുകാരന്‍ എം. മുകുന്ദന്‍, മാതൃഭൂമി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ് എന്നിവര്‍ വേദിയില്‍ | ഫോട്ടോ: അഭിലാഷ് ചിറക്കടവ്/ മാതൃഭൂമി

തിരുവനന്തപുരം: കനകക്കുന്നില്‍ കാലം കഥപറഞ്ഞ നാലുനാള്‍, 'ക' മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് പരിസമാപ്തി. കഥയുടെ, കവിതയുടെ, കലയുടെ, കാലത്തിന്റെ മാറ്റം ചര്‍ച്ച ചെയ്ത നാലുനാള്‍. തലസ്ഥാനനഗരിയില്‍ അക്ഷരങ്ങളുടേയും ആശയങ്ങളുടേയും സംവാദങ്ങളുടേയും സംഭാഷണങ്ങളുടേയും വസന്തം പെയ്തിറങ്ങിയ നാലു ദിനങ്ങള്‍ക്ക് കൊടിയിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 

സമാപന പരിപാടിയില്‍ മാതൃഭൂമി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ദേവിക എം.എസ്. സ്വാഗതം പറഞ്ഞു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷതവഹിച്ചു. നടനും സംവിധായകനുമായ അമോല്‍ പാലേക്കര്‍ മുഖ്യാതിഥിയായി. എംബിഐഎഫ്എല്‍ 2025 ബുക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാരം മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പിവി. ചന്ദ്രന്‍ പ്രഖ്യാപിച്ചു. സന്ധ്യാമേരിയുടെ 'മരിയ ജസ്റ്റ് മരിയ' എന്ന പുസ്തകത്തിനാണ് ഇത്തവണത്തെ എംബിഎഫ്എല്‍ അവാര്‍ഡ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മരിയ വെറും മരിയ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് തര്‍ജമയാണ് ഈ പുസ്തകം. എഴുത്തുകാരന്‍ എം. മുകുന്ദന്‍ പുരസ്‌കാരം സമ്മാനിച്ചു. 

മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ് സംസാരിച്ചു. മാതൃഭൂമി ഡെയ്‌ലി - ഡിജിറ്റല്‍ എഡിറ്റര്‍ മനോജ് കെ ദാസ് നന്ദി പറഞ്ഞു. 

നാല് ദിവസങ്ങളിലായി, ടി പത്മനാഭന്‍, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, യുക്രൈനിയന്‍ എഴുത്തുകാരന്‍ ആന്ദ്രെ കുര്‍ക്കോവ്, യുക്രൈനില്‍ നിന്നുള്ള യൂലിയ മസകോവ്‌സ്‌ക, സൗണ്ട് ആര്‍ട്ടിസ്റ്റ് വൊളോഡിമര്‍ ഓല്‍സാന്‍സ്‌കി, പോളിഷ് കവി ഉര്‍സുല ഹൊനക്, തുര്‍ക്കി എഴുത്തുകാരി ഫിലിസ് ഐ ഗുണ്ടൂസ്, മനു എസ്.പിള്ള, ഐവറി കോസ്റ്റില്‍ നിന്നുള്ള അര്‍മാന്‍ഡ് ഗൗസ്, സൊമാലിയന്‍ എഴുത്തുകാരി ഉബ അലി ഫെറ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സയ്യിദ് കിര്‍മാണി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെ. ജയകുമാര്‍ ഐഎഎസ്, പ്രഭാവര്‍വ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ഇ.പി. ജയരാജന്‍, നയതന്ത്രവിദഗ്ധന്‍ എം.കെ. നാരായണന്‍, മൊഹീന്ദര്‍ അമര്‍നാഥ്, ടി പത്മനാഭന്‍, ശശി തരൂര്‍, ഇ.പി. ജയരാജന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.

Content Highlights: mathrubhumi literature festival mbifl 2025 closing ceremony