ഓര്‍മ്മകളില്‍ വെറുപ്പിന്റെ നാസിക്യാമ്പ്; പക്ഷേ, ഗാബിക്കും ഉവെയ്ക്കുമിത് ജൂത-ജര്‍മന്‍ പ്രണയം

ഗാബി വാൻ സെന്റ്മാനും  ഉവെ വാൻ സെൽറ്റ്മനും
ഗാബി വാൻ സെന്റ്മാനും ഉവെ വാൻ സെൽറ്റ്മനും

തിരുവനന്തപുരം: കലാകാരിയായ ഗാബി വാന്‍ സെന്റ്മാന്‍, എഴുത്തുകാരനായ ഉവെ വാന്‍ സെല്‍റ്റ്മന്‍ ചരിത്രം പൊറുത്തുകൊടുക്കാത്ത നാസിക്യാമ്പിന്റെ ഓര്‍മ്മകളുമായി ഒരുമിച്ചു 'പൊറുക്കു'ന്നവര്‍. സ്‌നേഹത്തെയും മാപ്പുകൊടുക്കലിനെയുംപറ്റി എഴുതിയും പറഞ്ഞും ജീവിക്കുന്ന ഈ ദമ്പതിമാര്‍ ആദ്യമായി ഇന്ത്യയിലെത്തുകയാണ്, കനകക്കുന്നില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ ചരിത്രവും കഥകളും കദനങ്ങളും പങ്കുവെക്കാന്‍.

2006ല്‍ പോളണ്ടിലെ പുരാതന നഗരമായ ക്രാക്കോവിലെ ഒരു പബ്ബില്‍വെച്ചാണ് പോളിഷ് യുവതിയായ ഗാബിയും ജര്‍മന്‍കാരനായ ഉവെയും പരിചയത്തിലാകുന്നത്. ഗാബി പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണ്. 'എന്തിനെക്കുറിച്ചാണ് എഴുതുന്നത്?': ഉവെ ചോദിച്ചു. 'എന്റെ മുത്തച്ഛനെക്കുറിച്ചാണ്. ഒഷ്വിറ്റ്‌സില്‍ നാസി പട്ടാളക്കാരനായിരുന്നു മുത്തച്ഛന്‍'. മൗനത്തിനുശേഷം ഉവെ മറുപടിപറഞ്ഞു: 'എന്റെ മുത്തച്ഛന്‍ ഒഷ്വിറ്റ്‌സിലെ നാസി ക്യാമ്പില്‍വെച്ചാണ് കൊല്ലപ്പെട്ടത്!'. കണ്ണില്‍ചോരയില്ലാക്കാലത്തിന്റെ രണ്ടറ്റത്ത്, വേട്ടക്കാരന്റെയും ഇരയുടെയും പിന്‍ഗാമികളായി ഗാബിയും ഉവൈയുമിരുന്നു. പക്ഷേ, അവരുടെ ജൂതജര്‍മന്‍ കണ്ണുകളില്‍ സ്‌നേഹവും സഹിഷ്ണുതയുമായിരുന്നു കത്തിയത്. ഒരുവര്‍ഷത്തിനുള്ളില്‍ ഗാബിയും ഉവൈയും ഭാര്യാഭര്‍ത്താക്കന്‍മാരായി.

കലാകാരിയും ആനിമേറ്ററുമായ ഗാബി വാന്‍ സെന്റ്മാന്‍ ചരിത്ര, ഫിക്ഷന്‍ എഴുത്തുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും പ്രശസ്തയാണ്. എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഉവെ വാന്‍ മുത്തച്ഛനെന്ന കുറ്റവാളിയുടെ ചെയ്തികളെയോര്‍ത്ത് വേട്ടയാടപ്പെടുന്നയാളാണ്. കുടുംബവേരുകള്‍ പിന്തുടര്‍ന്ന് ഇരുവരും ഒരുമിച്ചുനടത്തിയ അന്വേഷണങ്ങള്‍ ഞെട്ടിക്കുന്ന പുസ്തകങ്ങളാണ് യൂറോപ്പിന് നല്‍കിയത്.
 

Content Highlights: mathrubhumi literature festival 2025