'സുരക്ഷിതസ്ഥാനങ്ങളിൽ അഭിരമിച്ചിരുന്നെങ്കിൽ യൂസഫലിയോ ആന്റണി പെരുമ്പാവൂരോ ഉണ്ടാവില്ലായിരുന്നു'

കെ. മാധവന്‍ | ഫോട്ടോ : ജി.ശിവപ്രസാദ്‌
കെ. മാധവന്‍ | ഫോട്ടോ : ജി.ശിവപ്രസാദ്‌

മാധ്യമങ്ങള്‍ അതിനി അച്ചടിയായാലും ദൃശ്യമാധ്യമമായലും ഉള്ളടക്കമാണ് പ്രധാനമെന്ന്  ഏഷ്യാനെറ്റിന്റെ സ്ഥാപക ഡയറക്ടറായി തുടങ്ങി സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ വരെയായി ഉയര്‍ന്ന കെ.മാധവന്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട അക്ഷരോത്സവത്തില്‍ ശ്രീകാന്ത് കോട്ടക്കലുമായി ജീവിതം, മാധ്യമം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രാദേശിക വാര്‍ത്തകള്‍ക്കും വര്‍ത്തമാനകാലത്ത് പ്രസക്തിയുണ്ട്. ബിസിനസ് രംഗത്താണെങ്കില്‍ ആശയങ്ങളാണ് പ്രധാനം. പണ്ട് ടാറ്റയും ബിര്‍ളയുമായിരുന്നു കുത്തകകളെങ്കില്‍ ഒരു ഉത്പന്നം പോലും ഉണ്ടാക്കാത്ത ആമസോണ്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വന്നത് ആശയത്തിന്റെ ബലത്തിലാണ്. പുതിയ തലമുറയെ കൂടി അഭിസംബോധന ചെയ്യുന്ന രീതിയില്‍ ഉള്ളടക്കത്തെ പുനര്‍നിര്‍വചിക്കാന്‍ കഴിയണം. 

വടകരയില്‍ ജനിച്ച് വിവിധ ജോലികളിലൂടെ ഉന്നത പദവികളിലെത്തിയ ആ ജീവിതവും സംഭാഷണങ്ങളിലൂടെ പ്രചോദനമേകി. സുരക്ഷിതസ്ഥാനങ്ങളില്‍ അഭിരമിക്കാതെ ലക്ഷ്യത്തിലേക്കുള്ള യാത്രയായി ജീവിതത്തെ കാണണം. ഭാഗ്യത്തോടൊപ്പം അധ്വാനവും വേണം. യൂസഫലി നാട്ടികയില്‍ ഒതുങ്ങി കഴിഞ്ഞിരുന്നെങ്കില്‍ ഇന്നു കാണുന്ന യൂസഫലിയാവില്ലായിരുന്നു. ആന്റണി പെരുമ്പാവൂര്‍ ഉണ്ടാവില്ലായിരുന്നു. 

വീടിനടുത്ത് പഠിച്ച കോളേജില്‍ തന്നെ അധ്യാപകനാവാനുള്ള അവസരമുണ്ടായിട്ടും അതുപേക്ഷിച്ച് ഷില്ലോങ്ങില്‍ ബാങ്ക് ജോലിയില്‍ തുടങ്ങിയതാണ് തന്റെ ജീവിതം. പിന്നീട് മുംബൈയിലേക്ക് മാറി. ബാങ്ക് ജോലി ഉപേക്ഷിച്ചാണ് സ്വകാര്യ ചാനല്‍ സംരംഭത്തിലെത്തുന്നത്.
 

Content Highlights: K Madhavan at mbifl 2025