സിനിമയിൽ എന്തുകൊണ്ട് ലിംഗനീതി സാധ്യമാവുന്നില്ല, സാമ്പത്തികവശം എപ്പോഴും നടന്മാർ - ഇന്ദുഗോപൻ

സിനിമയിൽ എപ്പോഴും സാമ്പത്തികവശം നടന്മാരാണെന്നും എന്തുകൊണ്ട് ലിംഗനീതിയിലേക്ക് എത്താൻ സാധിക്കുന്നില്ലെന്നും എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ. ഇത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചിന്തിക്കേണ്ട കാര്യമാണെന്നും പ്രേക്ഷകസമൂഹത്തിലും ലിംഗസമത്വം നടപ്പായാൽ മാത്രമേ സിനിമയിലും ലിംഗ സമത്വം എന്നതിലേക്ക് എത്തൂ എന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ എഴുത്തിലെ സിനിമ, സിനിമയിലെ എഴുത്ത് എന്ന വിഷയത്തിൽ അജീഷ് ജി ദത്തനുമായി സംസാരിക്കുകയായിരുന്നു.
'സിനിമയിൽ എപ്പോഴും നടനാണ് സാമ്പത്തികവശം. കേരളത്തിൽ ഒരുപക്ഷേ സ്ത്രീകളാണ് കൂടുതൽ. ഒരിക്കലും എന്തുകൊണ്ട് നടന്മാരെ മാത്രം ആശ്രയിക്കുന്നു, ലിംഗനീതിയിലേക്ക് എത്താനാകുന്നില്ല. പൊതുവായി സിനിമയിൽ കാണുന്ന ഒരു സംഭവമാണ്. ഇത് എന്തുകൊണ്ട് എന്നത് സ്ത്രീകളുൾപ്പെടെയുള്ളവർ ചിന്തിക്കേണ്ട കാര്യമാണ്. പ്രേക്ഷകസമൂഹത്തിലും ലിംഗസമത്വം നടപ്പായാൽ മാത്രമേ സിനിമയിൽ ലിംഗസമത്വം എന്നതിലേക്കെത്തൂ'- ഇന്ദു ഗോപൻ പറഞ്ഞു.
സിനിമ സ്വപ്നവുമായി അമ്പതിനായിരത്തോളം പേരെങ്കിലും കൊച്ചിയിൽ ഉണ്ടാകും. അതിപ്രതിഭാശാലിയായ ചെറുപ്പക്കാരേയും ചെറുപ്പക്കാരികളേയും സംബന്ധിച്ചിടത്തോളം സിനിമയുടെ അകത്തേയ്ക്ക് പ്രവേശിക്കുന്നതെങ്ങനെ എന്നത് വലിയൊരു തലവേദനയാണ്. ആദ്യം കൊച്ചിയെ സർവൈവ് ചെയ്യണം. സിനിമയിൽ കണ്ടന്റ് രാജാവാണ്. സാഹിത്യത്തിൽ എഴുതപ്പെടുന്ന ഒന്ന് സിനിമയിലേക്ക് പരിവർത്തനം ചെയ്യപ്പെടുമ്പോൾ നഷ്ടപ്പെടുന്ന പലതുമുണ്ട്. സാഹിത്യത്തെ നേരിട്ട് സിനിമയിലേക്ക് മാറ്റുമ്പോൾ സിനിമയുടെ ബാലൻസ് വ്യത്യാസപ്പെടും. അതുകൊണ്ട് പലപ്പോഴും ചില സീനുകൾ ചിത്രീകരിക്കണ്ട എന്ന് തീരുമാനിക്കും. സാഹിത്യത്തിന് കേരളത്തിൽ സാമാന്യരീതിയിൽ അധികം എഡിറ്റർമാരില്ല. എന്നാൽ സിനിമയിൽ അങ്ങനെയല്ല, നായകനും സംവിധായകനുമോടുമൊക്കെ തട്ടിച്ചു നിൽക്കുന്നയാളാണ് എഡിറ്ററെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യത്തിൽ നിന്ന് സിനിമയിലേക്ക് വരുമ്പോൾ ചില സീനുകൾ ഒഴിവാക്കുന്നത് വിട്ടുവീഴ്ചയല്ല, അത് സിനിമയെ സംബന്ധിച്ചിടത്തോളം ഒരു അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലാസും പേനയും, അല്ലെങ്കിൽ ലാപ്ടോപ്പ് ഉണ്ടെങ്കിൽ സാഹിത്യം ഉണ്ടാക്കാം. നിങ്ങൾ അതിന് വേണ്ടി ചെലവഴിക്കുന്നത് ഭാവനയും പ്രതിഭയുമാണ്. അത് ചെറിയ കാര്യമല്ല. എന്നാൽ ഇതിനെ വളർത്തി ചലച്ചിത്രമാക്കുമ്പോൾ അതിന് പിന്നിലുണ്ടാകുന്ന യാതന അവിടെ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: gr indugopan session in mbifl 2015