വേട്ടയാടപ്പെടല്‍ എനിക്കൊരു വിനോദമായി-ഇ.പി ജയരാജന്‍

തിരുവനന്തപുരം: രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ക്കു തന്നെ ശാരീരികവും മാനസികവുമായ വേട്ടയാടല്‍ നേരിട്ട ആളാണ് താനെന്നും വേട്ടയാടപ്പെടല്‍ എനിക്കിപ്പോള്‍ വിനോദമായെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ
ഇ.പി ജയരാജന്‍. മാങ്ങയുള്ള മാവിലെ കല്ലെറിയുകയുള്ളൂവെന്നും ഇക്കാലമത്രയും പതറിയിട്ടില്ലെന്നും ജയരാജന്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ഇതാണ് യഥാർഥ ഇ.പി എന്ന സെഷനിൽ പി.പി.ശശീന്ദ്രനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ പ്രസംഗിച്ച വാക്കുകള്‍ എടുത്ത് ഉപയോഗിച്ചാണ് ഇപ്പോഴും വിവാദമുണ്ടാക്കുന്നത്. ഇതിന്റെയൊക്കെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ അതിലൊന്നും തളരില്ല. വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയായിരുന്നു ജാവദേക്കര്‍ വിഷയത്തില്‍ നടന്നത്. തിരഞ്ഞെടുപ്പ് ദിനത്തില്‍ എനിക്കെതിരേ ഒരു വലിയ വാര്‍ത്ത സൃഷ്ടിക്കുക എന്നത് മാത്രമായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. സമാനമായ സാഹചര്യമായിരുന്നു ആത്മകഥ വിവാദത്തിലും നടന്നത്. ഞാന്‍ എഴുതി പൂര്‍ത്തിയാക്കാത്ത ഒരു പുസ്തകത്തെക്കുറിച്ചാണ് തെറ്റായ തരത്തില്‍ വാര്‍ത്ത വന്നത്. പാലക്കാട്ട് മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കെതിരേ പുസ്തകത്തില്‍ പറഞ്ഞു എന്ന് വരെ പ്രചരിച്ചു. യഥാര്‍ഥത്തില്‍ പാലക്കാട്ടെ സ്ഥാനാര്‍ഥിയെ എനിക്ക് ഒരു പരിചയമുണ്ടായിരുന്നില്ല. കണ്ടിട്ട് പോലുമുണ്ടായിരുന്നില്ല.
ഡി.സി ബുക്‌സ് ചെയ്തത് കൊടും ചതിയും വഞ്ചനയുമായിരുന്നു അത്. സംഘടനാ തിരഞ്ഞെടുപ്പിന്റെ തിരക്ക് കഴിഞ്ഞ് വിഷുവിനോട് അടുപ്പിച്ച് തന്നെ പുസ്തകം പ്രസിദ്ധീകരിക്കാനാവുമെന്നാണ് കരുതുന്നതെന്നും മാതൃഭൂമിക്ക് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുമെന്ന് പി.പി ശശീന്ദ്രനോട് പറഞ്ഞ വാക്ക് പാലിക്കുമെന്നും ഇ.പി സംവാദത്തില്‍ വ്യക്തമാക്കി.
കട്ടന്‍ചായയും പരിപ്പുവടയുമെന്ന തലക്കെട്ടില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നമെന്ന് പറഞ്ഞായിരുന്നു കവർ ഡിസൈന്‍ ചെയ്ത് ഡിസി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എത്രമാത്രം തെറ്റായ നിലപാടായിരുന്നു അത്. എനിക്കെതിരെ ഒരു വാര്‍ത്തയുണ്ടാക്കി തിരഞ്ഞെടുപ്പ് ദിനത്തില്‍ സി.പി.എമ്മിനും എനിക്കും സര്‍ക്കാരിനുമെതിരായ ഒരു വികാരമുയര്‍ത്തി വിടാനായിരുന്നു ശ്രമമെന്നും ഇ.പി ചൂണ്ടിക്കാട്ടി.
ഒരു പുസ്തകം പ്രസിദ്ധീകരിക്കും മുമ്പ് എന്തൊക്കെ കാര്യങ്ങളാണ് പൂര്‍ത്തിയാക്കാനുള്ളത്. അതിന്റെ ആമുഖം എഴുതുകയും തെറ്റുകള്‍ തിരുത്തുകയും അങ്ങനെ ഒരുപാട് ജോലികളില്ലേ? ഞാന്‍ തന്നെ പുസ്തകം പൂര്‍ണമായും തെറ്റ് തിരുത്തിയ കോപ്പി വായിച്ചിട്ടില്ല. അതാണ് പ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞ് വാര്‍ത്ത വന്നത്. എന്നെ വ്യക്തിപരമായും പാര്‍ട്ടിയെയും തകര്‍ക്കുന്നതിനു വേണ്ടിയുള്ള ഗൂഢശ്രമമായിരുന്നു നടന്നത്. പക്ഷേ അന്നുതന്നെ ഞാന്‍ വിഷയത്തില്‍ ഇടപെട്ടതുകൊണ്ട് കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമായെന്നും ഇ.പി പറഞ്ഞു.
ഇരുപത്തിയൊന്നാം വയസ്സില്‍ മാരകമായ ശാരീരിക ആക്രമണത്തിന് ഇരയായ ആളാണ് ഞാന്‍. അതിന്റെ വേദനകള്‍ ഇപ്പോഴും അനുഭവിക്കുന്നുമുണ്ട്. അതിനുമുമ്പും ഒരുപാട് പോലീസ് മര്‍ദനങ്ങളെയും ഗുണ്ടാ ആക്രമണങ്ങളെയും നേരിട്ടു. അതൊക്കെ കടന്നാണ് ഇവിടെയെത്തിയതെന്നും ജയരാജന്‍ പറഞ്ഞു.
എന്തുതന്നെ പ്രചാരണം നടത്തിയാലും ഒരു മൂന്നാം ഇടതു ഭരണം കേരളത്തിലുണ്ടാവും. അതിനെ ഇല്ലായ്മ ചെയ്യാന്‍ എസ്.ഡി.പി.ഐ, മുസ്ലിംലീഗ് ,ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം കോണ്‍ഗ്രസിനോടൊപ്പം ചേരുകയാണെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ബിജെപിയെ ശക്തിപ്പെടുത്തുകയും സ്വയം നശിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഡല്‍ഹി.
Content Highlights: EP Jayarajan on mbifl kanakakkunnu