കുടി പ്രാവേശികം ചെയ്താന്‍ ചെറുപ്പമാകുമോ?

ഇനിയുള്ള കാലത്ത് ഏറെ പ്രസക്തവും പ്രയോജനകരവുമായ ചികിത്സാരീതിയായി രസായന ചികിത്സ മാറുമെന്ന് 'ആരോഗ്യനികേതനം: ആയുര്‍വേദത്തിന്റെ പുതിയ വാഗ്ദാനം ' എന്ന സെഷന്‍ അഭിപ്രായപ്പെട്ടു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി. എം.വാരിയര്‍, ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷ്യന്യമായ ഡോ.കെ.മുരളീധരന്‍, ഐ.സി.എം. ആര്‍. ഗവേഷക കൂടിയായിരുന്ന ഡോ.പി.ആര്‍.ജയ എന്നിവരാണ് ചര്‍ച്ച സജീവമാക്കിയത്. ഡോ. ഇന്ദു ജി.കുമാര്‍ മോഡറേറ്ററായി.
രസായന ചികിത്സയില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഡോ.എം.എസ്.വല്യത്താന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലം ഡോ.മുരളീധരന്‍ വിശദീകരിച്ചു. ആമലകീ രസായനത്തില്‍ അന്താരാഷ്ട്ര നിയമപ്രകാരമായിരുന്നു നാല് കേന്ദ്രങ്ങളില്‍ വെച്ചുള്ള ഗവേഷണം. ഡ്രോസോഫില എന്ന ഈച്ചയിലും എലിയിലും മനുഷ്യനിലും ഗവേഷണം നടന്നു. ഈച്ചയില്‍ ഉത്പാദന ശേഷി, താപ പ്രതിരോധശേഷി എന്നിവ കൂടി. ഭക്ഷണമില്ലാതേയും കുറേക്കാലം ജീവിക്കാവുന്ന അവസ്ഥയായി. എലിയിലുണ്ടായ മാറ്റം ഹൃദയാരോഗ്യത്തിലുണ്ടായ പുരോഗതിയായിരുന്നു. മനുഷ്യരില്‍ ഡി.എന്‍.എ. റിപ്പയറിങിന് പ്രയോജനം ചെയ്യുന്നതായി തെളിഞ്ഞു. ഇത് ഒരു വലിയ സാധ്യതയാണ്. ഈ പഠനം അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചതായി അദ്ദേഹം അറിയിച്ചു.
പഞ്ചകര്‍മയുടെ പേരില്‍ വ്യാജന്‍മാര്‍
പഞ്ചകര്‍മയെന്ന ചികിത്സയെക്കുറിച്ച് പലര്‍ക്കും തെറ്റിദ്ധാരണകളുണ്ടെന്ന് ഡോ.പി.എം.വാരിയര്‍. പ്രത്യേകിച്ചും വിദേശികള്‍ക്ക് . കേരളത്തിലെ വൈദ്യന്‍മാര്‍ ചിട്ടപ്പെടുത്തിയതാണിത്. ഇപ്പോള്‍ പലരും ഇതിന്റെ പേരില്‍ പൂര്‍വ കര്‍മങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളൂ.
കുടി പ്രാവേശികം ചെയ്താന്‍ ചെറുപ്പമാകുമോ ?
കൃത്യമായ ചിട്ടയോടു കൂടി ചെയ്താല്‍ ഗുണമുണ്ടാകുമെന്ന് പി.എം.വാരിയര്‍. മൂന്നു നാലു മാസം വെളിച്ചം പോലും കടക്കാത്ത കുടിയിലാണ് ചികിത്സ. കുമളിയില്‍ പ്രായുള്ള ഒരു ജര്‍മന്‍കാരന് കുറച്ചു വര്‍ഷം മുന്‍പ് ചെയ്തിരുന്നു. അത് കഴിഞ്ഞ് ഒരു കുന്ന് അദ്ദേഹം ഓടിക്കയറി. കോട്ടയ്ക്കലില്‍ ബാരാവിനോ എന്ന ഒരു ഇറ്റലിക്കാരന്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ഇന്ദ്രിയ ശേഷി വര്‍ധിച്ചതായി പറഞ്ഞെന്ന് ഡോ.മുരളീധരന്‍ പറഞ്ഞു.
ഐ.സി.എം.ആര്‍ ഗവേഷണഫലം
മോഡേണ്‍ മെഡിസിന്‍ ഗവേഷകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഫിസിയോ തെറാപ്പിയും ആയുര്‍വേദ ചികിത്സയും താരതമ്യം ചെയ്ത് ഒരു ഗവേഷണം നടത്തിയത്. പക്ഷാഘാത പരിചരണത്തിലായിരുന്നു ഗവേഷണം. തിരുവനന്തപുരം ,കൊച്ചി ,ലുധിയാന എന്നിവിടങ്ങളിലെ ആധുനിക - ആയുര്‍വേദ ആശുപത്രികളിലായിരുന്നു പഠനം .രണ്ടും ഒരു പോലെ ഫലപ്രദമാണെന്നാണ് ഫലം തെളിയിച്ചതെന്ന് ഡോ. പി.ആര്‍.ജയപറഞ്ഞു.
അര്‍ബുദ ചികിത്സ...
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ സൗജന്യ കാന്‍സര്‍ കെയര്‍ യൂണീറ്റുണ്ട്. കാന്‍സര്‍ ചികിത്സയും കീമോയും കഴിഞ്ഞവരുടെ ജീവിത നിലവാരം ഏറെ മെച്ചപ്പെടുത്താന്‍ ഇവിടത്തെ ചികിത്സകൊണ്ട് കഴിയുന്നുണ്ടെന്ന് ഡോ.മുരളീധരന്‍.
കര്‍ക്കടകക്കഞ്ഞിക്ക് ഗുണമുണ്ടോ ?
ഓരോ ഋതുക്കളിലും കഴിക്കേണ്ട ഭക്ഷണക്രമത്തെക്കുറിച്ച് ആയുര്‍വേദം പറയുന്നുണ്ടെന്ന് പി.എം വാരിയര്‍. കര്‍ക്കടകക്കഞ്ഞി പ്രസിദ്ധമായെന്ന് മാത്രം. എല്ലാ മാസങ്ങളിലും ഋതുവനുസരിച്ചുള്ള ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
Content Highlights: Dr P M Varier Dr K Muraleedharan and Dr P R Jaya at mfifl 2025