ഇത്തിരി നര്‍മ്മം, ഇത്തിരി ചിന്ത, പിന്നെ ചറപറ കാര്‍ട്ടൂണ്‍

കെ. ഉണ്ണികൃഷ്ണന്‍ കാര്‍ട്ടൂണ്‍ ലാബില്‍ | ഫോട്ടോ: അഭിലാഷ്‌
കെ. ഉണ്ണികൃഷ്ണന്‍ കാര്‍ട്ടൂണ്‍ ലാബില്‍ | ഫോട്ടോ: അഭിലാഷ്‌

മനസില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ ആശയങ്ങളുണ്ട്. പക്ഷേ വരയ്ക്കാനറിയില്ലെന്ന ഒറ്റക്കാരണം കൊണ്ട് നിങ്ങളുടെ ആ ആശയങ്ങള്‍ ഇതുവരെ കാര്‍ട്ടൂണ്‍ ആക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നേരെ കനകക്കുന്നിലേക്കു വരൂ. സാഹിത്യത്തിന്റെയും കലയുടെയും മഹാസംഗമം നടക്കുന്ന  ക അക്ഷരോത്സ വേദിയില്‍  നിങ്ങള്‍ക്കായി കാര്‍ട്ടൂണ്‍ ലാബുണ്ട്. ആശയങ്ങള്‍ പങ്കുവെച്ചാല്‍ മാത്രം മതി കാര്‍ട്ടൂണിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ കെ. ഉണ്ണികൃഷ്ണന്‍, കെ.വി. എം. ഉണ്ണി, അനൂപ് രാധാകൃഷ്ണൻ എന്നിവരുടെ ആശയങ്ങള്‍ക്ക് കാന്‍വാസില്‍  ജീവന്‍ നല്‍കും. 

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ക കോര്‍ണര്‍ വേദിയിലാണ് കാര്‍ട്ടൂണ്‍ ലാബുള്ളത്. രാവിലെ 10 മണിമുതല്‍ വൈകീട്ട് ആറുമണി വരെ കാര്‍ട്ടൂണ്‍ലാബ് പ്രവര്‍ത്തനസജ്ജമാണ്. സാഹിത്യോത്സവ വേദിയില്‍ ആദ്യമായാണ് ഇത്തരമൊരു ആശയം നടപ്പിലാക്കുന്നത്.   

കെ. ഉണ്ണികൃഷ്ണന്‍ | ഫോട്ടോ: അഭിലാഷ്‌

പൊതുവേ കാര്‍ട്ടൂണിസ്റ്റുകള്‍ സ്വന്തമായ ഇടത്തിലിരുന്ന് സ്വന്തം ആശയങ്ങള്‍ക്ക് വരകളിലൂടെ രൂപം നല്‍കുന്നവരാണ്. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരാശയമാണ് കാര്‍ട്ടൂണ്‍ ലാബെന്ന് കെ. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. നിങ്ങളുടെ  ഉള്ളിലൊരു കാര്‍ട്ടൂണിസ്റ്റ് ഉണ്ടെങ്കില്‍ ആ ആശയം പങ്കുവയ്ക്കാം. ആ ചിന്തയ്ക്ക് പൂര്‍ണ രൂപം നല്‍കി കാര്‍ട്ടൂണ്‍ ആക്കുകയാണ് ചെയ്യുന്നതെന്ന് ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

സാഹിത്യോത്സവത്തിലെത്തുന്ന നിരവധി പേര്‍ ഇതിനോടകം തങ്ങളുടെ ഉള്ളിലെ കാര്‍ട്ടൂണിസ്റ്റിനെ കാന്‍വാസിലേക്ക് പകര്‍ത്തിക്കഴിഞ്ഞു.
 

Content Highlights: cartoon Lab, KA corner, MBIFL2025, cartoonist k unnikrishnan