വിദ്യാര്‍ഥികള്‍ക്ക് 500 കോടിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി രവിപിള്ള

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 500 കോടിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ രവിപിള്ള. ഈവര്‍ഷം സെപ്റ്റംബര്‍ മുതല്‍ അടുത്ത അമ്പതുവര്‍ഷത്തേക്ക് നടപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ അദ്ദേഹം മാതൃഭൂമി അക്ഷരോത്സവവേദിയില്‍ പങ്കുവെച്ചു.
'രവിപിള്ള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ്' എന്നാണ് ഇതിന്റെ പേര്. ഒരുവര്‍ഷം 1500 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്കും. ഇതിനുവേണ്ടി തന്റെയും കുടുംബത്തിന്റെയും സമ്പാദ്യത്തില്‍ നിന്നാണ് 525 കോടി രൂപ നീക്കിവയ്ക്കുന്നതെന്നും രവിപിള്ള അറിയിച്ചു. ഇതില്‍ 500 കോടി സ്‌കോളര്‍ഷിപ്പ് തുകയായി 2075 വരെ നല്കും. 25 കോടി പദ്ധതി നടത്തിപ്പിനുള്ള ചെലവാണ്.
ഓരോ വര്‍ഷവും ഓഗസ്റ്റില്‍ 10.50 കോടി നോര്‍ക്ക റൂട്‌സിന് കൈമാറും. ആര്‍.പി. ഗ്രൂപ്പ് പ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ അവരാണ് അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തുക. സെപ്റ്റംബറില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും.
അക്ഷരോത്സവത്തില്‍ 'ജീവിതം എന്നെ പഠിപ്പിച്ചത്' എന്ന സെഷനിലാണ് രവിപിള്ള മാതൃഭൂമി ഡപ്യൂട്ടി എഡിറ്റര്‍ പി.പി.ശശീന്ദ്രനുമായി സംസാരിച്ചത്. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയില്‍ നിന്ന് അവിടത്തെ ഉന്നത സിവിലിയന്‍ ബഹുമതിയായ ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍ ഏറ്റുവാങ്ങാനായതിന്റെ സന്തോഷവും അദ്ദേഹം സംഭാഷണത്തില്‍ പങ്കുവച്ചു. ബഹ്‌റൈന്റെ വികസനത്തില്‍ നിര്‍ണായകപങ്കുവഹിക്കുന്നവര്‍ക്ക് ദേശീയദിനത്തിലാണ് ഈ മെഡല്‍ സമ്മാനിക്കുന്നത്. ഇതിന് അര്‍ഹനായ ആദ്യ വിദേശ പൗരനാണ് രവിപിള്ള.
പ്രവാസജീവിതം 45വര്‍ഷം പിന്നിട്ട അവസരത്തില്‍ ലഭിച്ച ബഹുമതി ഏറെ സന്തോഷം തരുന്നു-രവി പിള്ള പറഞ്ഞു. ഈ വേളയില്‍ പുതിയതലമുറയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയാണ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് രൂപംകൊടുക്കാന്‍ കാരണമായത്. നമ്മുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സാങ്കേതികവിദ്യകളിലുള്ള വിജ്ഞാനവുമുണ്ടെങ്കിലേ പുതിയ കാലത്ത് മുന്നോട്ടുപോകാനാകൂ-രവി പിള്ള പറഞ്ഞു.
പത്തുപൈസയുമായി സ്‌കൂളിലേക്ക് പോയ കൊല്ലംകാരനായ വിദ്യാര്‍ഥിയില്‍ നിന്ന് ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലേക്കുള്ള യാത്രയിലെ കൗതുകങ്ങളും അനുഭവങ്ങളും മോഹന്‍ലാലിനെപ്പോലുള്ളവരുമായുള്ള ആത്മസൗഹൃദത്തിന്റെ കഥകളും രവി പിള്ള അക്ഷരോത്സവേദിയില്‍ പങ്കിട്ടു.
Content Highlights: B Ravi Pillai at mbifl 2025