ക്രിക്കറ്റ് ആവേശത്തിനൊപ്പം ഓണമാഘോഷിക്കാം; ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജും

തിരുവനന്തപുരം: കാര്യവട്ടത്ത് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) അവസാനഘട്ടത്തിലേക്കു കടന്നതോടെ ക്രിക്കറ്റ് പ്രേമികളുടെ ആവേശം വർധിപ്പിക്കാൻ ഫാൻ വില്ലേജ് ഒരുക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). ഓണക്കാലത്ത് ക്രിക്കറ്റ് ആസ്വദിക്കാനെത്തുന്നവർക്ക് വിനോദത്തിന് അവസരമൊരുക്കിയാണ് സ്റ്റേഡിയത്തിന്റെ അഞ്ചാം നമ്പർ ഗേറ്റിലൂടെ പ്രവേശിക്കുന്നയിടത്ത് ഫാൻ വില്ലേജ് തയ്യാറാക്കിയത്. പ്രവേശനം സൗജന്യമാണ്.
കുട്ടികൾക്കും മുതിർന്നവർക്കുമായി മിനി ക്രിക്കറ്റ്, ബൗളിങ്, ഡാർട്ട്, ഹൂപ്ല, സ്പീഡ് ബോൾ തുടങ്ങിയ ഗെയിമുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ ഭക്ഷണശാലകളും ഉണ്ട്. ദിവസവും ഉച്ചയ്ക്ക് രണ്ടുമണിമുതലാണ് പ്രവേശനം.
വിസിൽ എംഡി ഡോ. ദിവ്യ എസ്. അയ്യർ ഫാൻ വില്ലേജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ഔദ്യോഗിക മൊബൈൽ ആപ്പും പ്രകാശനം ചെയ്തു.
മത്സരവുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയെല്ലാം കെസിഎൽ ആപ്പിൽ ലഭിക്കും. ഫാൻ വില്ലേജിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോഴും മൊബൈൽ ആപ്പിലെ പോളുകൾക്ക് ഉത്തരം നൽകുമ്പോഴും ലഭിക്കുന്ന ലോയൽറ്റി പോയിന്റുകൾ വിനിയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങാനും കഴിയും.
കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാർ, മുൻ സെക്രട്ടറി ശ്രീജിത്ത് വി. നായർ, സിഇഒ മിനു ചിദംബരം, ടൂർണമെന്റ് ഡയറക്ടർ രാജേഷ് തമ്പി തുടങ്ങിയവർ പങ്കെടുത്തു. കെസിഎൽ മൊബൈൽ ആപ്പ് ലിങ്ക്: https://play.google.com/store/apps/details?id=com.kcl.app.
Content Highlights: kerala cricket league fan village