സെഞ്ചുറിയുമായി തിളങ്ങി രോഹന്‍; ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് ഗ്ലോബ്സ്റ്റാര്‍സ് സെമിയില്‍

Photo: kerala-cricket-league
Photo: kerala-cricket-league

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് സെമിയില്‍. ഞായറാഴ്ച നടന്ന മത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് കാലിക്കറ്റിന്റെ സെമി പ്രവേശനം. റോയല്‍സ് ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ശേഷിക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ കാലിക്കറ്റ് മറികടന്നു.

സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ പ്രകടനമാണ് കാലിക്കറ്റിന് ജയം സമ്മാനിച്ചത്. 58 പന്തുകള്‍ നേരിട്ട രോഹന്‍ ആറ് സിക്‌സും ഒമ്പത് ഫോറുമടക്കം 103 റണ്‍സെടുത്തു. രോഹനാണ് കളിയെ താരവും. രോഹനെ കൂടാതെ 34 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് ടീമിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. സല്‍മാന്‍ നിസാര്‍ - രോഹന്‍ കുന്നുമ്മല്‍ കൂട്ടുകെട്ടില്‍ പിറന്ന 88 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി.

നേരത്തേ റിയാസ് ബഷീര്‍, ഗോവിന്ദ് പൈ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് റോയല്‍സിനെ 170 റണ്‍സിലെത്തിച്ചത്. 54 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 79 റണ്‍സെടുത്ത ഗോവിന്ദാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. 47 പന്തുകള്‍ നേരിട്ട ബഷീര്‍ രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 64 റണ്‍സെടുത്തു.

ഒമ്പത് കളികളില്‍ നിന്ന് ആറു ജയത്തോടെ 12 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തിയാണ് ഗ്ലോബ്‌സ്റ്റാര്‍സ് സെമി ബര്‍ത്ത് ഉറപ്പിച്ചത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ തിങ്കളാഴ്ച അവസാനിക്കും. ചൊവ്വാഴ്ച സെമിഫൈനലും ബുധനാഴ്ച ഫൈനലും കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും.

Content Highlights: Calicut Globestars secured their place in the semi-finals of the Kerala Cricket League